ബോക്സ് ഓഫീസിൽ കിതച്ച് ബേബി ജോൺ; വരുൺ ധവാൻ ചിത്രത്തിന് പകരം മാർക്കോ പ്രദർശിപ്പിച്ച് തിയേറ്ററുകൾ

കഴിഞ്ഞ ദിവസം മാർക്കോയെ പ്രശംസിച്ച് സംവിധായകൻ രാം ഗോപാൽ വർമയും രംഗത്ത് വന്നിരുന്നു

വരുൺ ധവാൻ നായകനായെത്തിയ പുതിയ ചിത്രം ബേബി ജോൺ തിയേറ്ററുകളിൽ മോശം പ്രകടനമാണ് കാഴ്ചവെക്കുന്നത്. വലിയ ക്യാൻവാസിൽ എത്തിയ സിനിമ ബോക്സ് ഓഫീസ് കളക്ഷനിൽ ഏറെ പിന്നോട്ട് പോകുന്ന കാഴ്ചയാണുള്ളത്. ഈ സാഹചര്യത്തിൽ വടക്കേ ഇന്ത്യയിലെ പല തിയേറ്ററുകളിലും ബേബി ജോണിന് പകരം ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോയുടെ ഹിന്ദി പതിപ്പ് പ്രദർശിപ്പിക്കുന്നതായുള്ള റിപ്പോർട്ടുകളാണ് വരുന്നത്.

സന്ദീപ് റെഡ്‌ഡി വംഗ ചിത്രം ആനിമലിനേക്കാൾ വയലൻസുള്ള ചിത്രമാണ് മാർക്കോ എന്ന് അഭിപ്രായങ്ങളുണ്ടെന്നും ഈ കാരണത്താൽ മാർക്കോ കാണുന്നതിന് പ്രേക്ഷകർ താത്പര്യപ്പെടുന്നതായും ബോളിവുഡ് ഹംഗാമ റിപ്പോർട്ട് ചെയ്യുന്നു. മാർക്കയ്ക്ക് ലഭിക്കുന്ന ഈ സ്വീകാര്യത മൂലം ബേബി ജോണിന് പകരം ഉണ്ണി മുകുന്ദൻ ചിത്രം പല തിയേറ്റർ ഉടമകളും പ്രദർശിപ്പിക്കുന്നതായാണ് റിപ്പോർട്ട്.

കഴിഞ്ഞ ദിവസം മാർക്കോയെ പ്രശംസിച്ച് സംവിധായകൻ രാം ഗോപാൽ വർമയും രംഗത്ത് വന്നിരുന്നു. മാര്‍ക്കോ സിനിമയ്ക്ക് ലഭിക്കുന്നതുപോലെ ഞെട്ടിക്കുന്ന പ്രശംസ ഇതിന് മുമ്പ് ഒരു സിനിമയ്ക്കും കേട്ടിട്ടില്ലെന്നാണ് രാം ഗോപാല്‍ വര്‍മ എക്‌സില്‍ കുറിച്ചത്. ചിത്രം കാണാൻ അക്ഷമയോടെ കാത്തിരിക്കുന്നെന്നും ഉണ്ണി മുകുന്ദനാല്‍ താന്‍ കൊല്ലപ്പെടില്ല എന്ന് പ്രതീക്ഷിക്കുന്നുവെന്നും നടനെ ടാഗ് ചെയ്ത് രാംഗോപാല്‍ വര്‍മ എക്‌സില്‍ കുറിച്ചു.

Also Read:

Entertainment News
ഇനി കംപ്ലീറ്റ് ബീസ്റ്റ് മോഡ്; 'ടികി ടാക്ക' ഷൂട്ടിംഗ് ഏപ്രിലിൽ പുനരാരംഭിക്കുമെന്ന് ആസിഫ് അലി

കുറച്ച് തിയേറ്ററുകളില്‍ മാത്രം റിലീസായ മാര്‍ക്കോയുടെ ഹിന്ദി പതിപ്പ് പ്രേക്ഷകരുടെ മികച്ച പ്രതികരണത്തെ തുടർന്ന് രണ്ടാം വാരത്തില്‍ കൂടുതല്‍ തിയേറ്ററുകളില്‍ പ്രദര്‍ശനം വ്യാപിപ്പിച്ചു. പലയിടങ്ങളിലും ചിത്രത്തിന് അധിക ഷോകളുമുണ്ടായി. ഹിന്ദി പതിപ്പിന് പിന്നാലെ ചിത്രത്തിന്റെ തമിഴ്, തെലുങ്ക് പതിപ്പുകളും ഉടന്‍ തന്നെ പുറത്തിറങ്ങും. തെലുങ്ക് പതിപ്പ് ജനുവരി ഒന്നിനും തമിഴ് പതിപ്പ് ജനുവരി മൂന്നിനുമാണ് പുറത്തിറങ്ങുക.

Content Highlights: Reports that Varun Dhawan's Baby John shows being replaced by Hindi version of Marco

To advertise here,contact us