ബോറടിച്ച് തുടങ്ങിയാല്‍ അന്ന് അഭിനയം നിർത്തും: മോഹൻലാൽ

'എന്നെ സംബന്ധിച്ച് ഓരോ സിനിമയും എനിക്ക് പുതുമയുള്ളതാണ്. ചെയ്യുന്ന എല്ലാ കഥാപാത്രങ്ങളും വ്യത്യസ്തമാണ്.'

ബോറടിച്ച് തുടങ്ങിയാല്‍ അന്ന് അഭിനയം നിർത്തുമെന്ന് മോഹൻലാൽ. സിനിമ എന്ന പ്രൊഫഷനോടുള്ള സ്‌നേഹമാണ് തനിക്ക് സിനിമ ചെയ്യാന്‍ പ്രചോദനമെന്നും മോഹൻലാൽ പറഞ്ഞു. മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ബറോസ് എന്ന സിനിമയുടെ പ്രമോഷൻറെ ഭാഗമായി ഗലാട്ടയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നടന്റെ പ്രതികരണം.

‘ഈ പ്രൊഫഷനോടുള്ള എന്റെ സ്‌നേഹം തന്നെയാണ് എനിക്ക് സിനിമ ചെയ്യാന്‍ പ്രചോദനമാകുന്നത്. ബോറടിച്ച് തുടങ്ങിയാല്‍ ഞാന്‍ എന്തായാലും അഭിനയം നിര്‍ത്തും. പക്ഷേ, ഇപ്പോഴും എല്ലാ ദിവസവും ഒരു പുതിയ ദിനം പോലെയാണ് എനിക്ക് തോന്നുന്നത്. എന്നെ സംബന്ധിച്ച് ഓരോ സിനിമയും എനിക്ക് പുതുമയുള്ളതാണ്. ചെയ്യുന്ന എല്ലാ കഥാപാത്രങ്ങളും വ്യത്യസ്തമാണ്.

Also Read:

Entertainment News
ഇത് ഇന്ത്യയിലെ ഏറ്റവും വലുത്; 256 അടി ഉയരമുള്ള കട്ടൗട്ട് സ്ഥാപിച്ച് രാം ചരണിന്റെ ആരാധകർ

അഭിനേതാക്കള്‍ വളരെ അനുഗ്രഹിക്കപ്പെട്ടവരാണ്. ഓരോ ദിവസവും പുതിയ ലൊക്കേഷനുകളില്‍ പോകാനും പുതിയ കോസ്റ്റ്യൂം ധരിക്കാന്‍ കഴിയുന്നതിലും പുതിയ ആളുകളെ കാണാന്‍ കഴിയുന്നതിലുമെല്ലാം അഭിനേതാക്കള്‍ വളരെ അനുഗ്രഹിക്കപ്പെട്ടവരാണ്. നല്ല സിനിമകള്‍ ലഭിക്കുന്നതു കൊണ്ടും ഈ മേഖലയില്‍ വിജയിച്ചതുകൊണ്ടും ഞാന്‍ എപ്പോഴും സിനിമയോട് വിശ്വസ്തതയും ആത്മാര്‍ത്ഥതയും ഉള്ള ആളായിരിക്കും,’ മോഹൻ ലാൽ പറഞ്ഞു.

അതേസമയം, സമ്മിശ്ര പ്രതികരണങ്ങളോടെ മോഹൻലാലിൻറെ ബറോസ് തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ജനുവരി ഒന്ന് മുതല്‍ ചിത്രം അമേരിക്കയിൽ പ്രദർശനം ആരംഭിക്കുകയാണ്. അമേരിക്കയിലെ ഷോകളുടെ വിവരങ്ങള്‍ പങ്കുവെച്ചുകൊണ്ടുള്ള പോസ്റ്ററും മോഹന്‍ലാല്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്.

'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കി മോഹന്‍ലാല്‍ ഒരുക്കുന്ന ചിത്രമാണ് ബറോസ്. പിരീഡ് ഫാന്റസി ഴോണറില്‍ കഥ പറയുന്ന ബറോസ് കുട്ടികള്‍ക്കായാണ് ഒരുക്കിയിരിക്കുന്നത്. സന്തോഷ് ശിവന്‍ ക്യാമറയും സന്തോഷ് രാമന്‍ പ്രൊഡക്ഷന്‍ ഡിസൈനും നിര്‍വഹിക്കുന്നു. സംവിധായകന്‍ ടി കെ രാജീവ് കുമാറാണ് ക്രിയേറ്റീവ് ഹെഡ്. ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മാണം.

Content Highlights: Mohanlal said that he will stop acting if he gets bored

To advertise here,contact us