വെട്രിമാരന്റെ വാടിവാസൽ സൂര്യയ്ക്ക് 'വെട്രി' നൽകുമോ? ചിത്രം ഒരുങ്ങുന്നത് മൂന്ന് ഭാഗങ്ങളായിട്ടെന്ന് റിപ്പോർട്ട്

വി ക്രിയേഷൻസിന്റെ ബാനറിൽ കലൈപുലി എസ് താനു ആണ് ചിത്രം നിർമ്മിക്കുന്നത്.

സൂര്യ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് വാടിവാസൽ. വെട്രിമാരന്റെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന ചിത്രം പ്രഖ്യാപിച്ചതിന് പിന്നാലെ വലിയ ആവേശത്തിലായിരുന്നു ആരാധകർ. നോട്ട് എ ടീസർ എന്ന തലക്കെട്ടോടെ ഒരു മേക്കിങ് വീഡിയോയും അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. എന്നാൽ ഇതിന് ശേഷം സിനിമയെക്കുറിച്ച് യാതൊരു അപ്ഡേറ്റും ഉണ്ടായിരുന്നില്ല. ചിത്രം ഉപേക്ഷിച്ചെന്ന് വരെ വാർത്തകളുണ്ടായിരുന്നു. എന്നാൽ അടുത്തിടെയാണ് ചിത്രത്തിന്റെ അപ്ഡേറ്റ് നിർമാതാവ് താനു പങ്കുവെച്ചിരുന്നത്.

ചിത്രത്തിനായി സൂര്യ തയ്യാറാണെന്നും വെട്രിമാരൻ വിടുതലൈ 2 വിന് ശേഷം വാടിവാസൽ ചെയ്യാൻ ഒരുക്കമാണെന്നും താനു പറഞ്ഞു. ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിലാണ് ഇദ്ദേഹത്തിന്റെ പ്രതികരണം. ഇതിനു പിന്നാലെ വാടിവാസൽ ഒരുങ്ങുന്നത് മൂന്ന് ഭാഗങ്ങളായാണെന്നാണ് റിപ്പോർട്ടുകൾ. വെട്രിമാരൻ സിനിമയ്ക്കായുള്ള തിരക്കഥ ഒരുക്കിയിരിക്കുന്നത് മൂന്ന് ഭാഗങ്ങളായിട്ടാണെന്നും പതിവ് രീതി വിട്ട് ചിത്രം കൂടുതൽ വിപുലീകരിച്ച് ചിത്രീകരിക്കുമെന്നും വലയ് പേച്ച് റിപ്പോർട്ടിൽ പറയുന്നു.

Also Read:

Entertainment News
ആസിഫ് അലിയുടെ കരിയർ ഗ്രാഫ് ഇഷ്ടമാണ്, ഇടത്തരമായി നിൽക്കുന്നത് സേഫാണ്: അജു വർഗീസ്

അതേസമയം, വി ക്രിയേഷൻസിന്റെ ബാനറിൽ കലൈപുലി എസ് താനു ആണ് ചിത്രം നിർമ്മിക്കുന്നത്. ജി വി പ്രകാശ് കുമാർ സംഗീതം നൽകുന്ന സിനിമയുടെ ഛായാഗ്രഹണം നിർവഹിക്കുക ആർ വേൽരാജ് ആണ്. സൂര്യയുടേതായി ഒടുവിൽ തിയേറ്ററിൽ റിലീസായ ചിത്രം കങ്കുവയാണ്. വലിയ ഹൈപ്പിൽ എത്തിയ ചിത്രത്തിന് പ്രതീക്ഷിച്ച വിജയം നേടാനായിരുന്നില്ല.

കാർത്തിക് സുബ്ബരാജ് സംവിധാനം നിർവ്വഹിക്കുന്ന റെട്രോ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിലാണ് സൂര്യ ഇപ്പോൾ. അടുത്ത വർഷം ഏപ്രിൽ 10 ന് ചിത്രം തിയേറ്ററുകളിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ. ഇതിനെ പറ്റി നിർമാതാക്കളുടെ ഭാഗത്തുനിന്നും ഔദ്യോഗിക പ്രഖ്യാപനമൊന്നും വന്നിട്ടില്ല. അതേസമയം, വെട്രിമാരൻ സംവിധാനത്തിലെത്തിയ വിടുതലൈ 2 മികച്ച പ്രതികരണങ്ങളോടെ തിയേറ്ററിൽ പ്രദർശനം തുടരുകയാണ്.

Content Highlights:  Reports say that Vadivasal is being prepared in three parts

To advertise here,contact us