പോസ്റ്റര്‍ നിറയെ 'ജിമ്മന്മാരുമായി' ആലപ്പുഴ ജിംഖാന; കത്തിക്കയറുമെന്ന് ഉറപ്പിച്ച് നസ്‌ലെനും ഗ്യാങ്ങും

നസ്‌ലെന്റെ കരിയറിലെ വ്യത്യസ്തമായ വേഷമായിരിക്കും ചിത്രത്തിലേതെന്നാണ് കരുതപ്പെടുന്നത്

dot image

ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ആലപ്പുഴ ജിംഖാനയുടെ ഫസ്റ്റ് ലുക്ക് എത്തി. സ്‌പോര്‍ട്‌സ് കോമഡി വിഭാഗത്തില്‍ ഒരുങ്ങുന്ന സിനിമയിലെ പ്രധാന താരങ്ങളെല്ലാം അണിനിരക്കുന്ന പോസ്റ്ററാണ് പുതുവര്‍ഷ സമ്മാനമായി എത്തിയിരിക്കുന്നത്.

നസ്‌ലെന്‍, ലുക്മാന്‍, ഗണപതി തുടങ്ങിയവരും മറ്റ് താരങ്ങളുമാണ് പുതിയ പോസ്റ്ററിലുള്ളത്. സിക്‌സ് പാക്കുമായാണ് യുവതാരങ്ങളുടെ ഈ നിര എത്തിയിരിക്കുന്നത്. എല്ലാവരും ചേര്‍ന്ന് നസ്‌ലെന്റെ കഥാപാത്രത്തെ എടുത്തുയര്‍ത്തുന്നതാണ് ഫസ്റ്റ് ലുക്കിലുള്ളത്. പോസ്റ്റര്‍ നിറയെ ജിമ്മന്മാരാണല്ലോ എന്നാണ് പലരും കമന്റുകളില്‍ കുറിക്കുന്നത്.

നേരത്തെ പുറത്തുവന്ന ടൈറ്റില്‍ അനൗണ്‍സ്‌മെന്റ് പോസ്റ്ററില്‍ ബോക്‌സിങ്ങിന് നില്‍ക്കുന്ന നസ്‌ലെന്റെ സില്‍ഔട്ടായിരുന്നു ഉണ്ടായിരുന്നത്. ഇതും വലിയ ശ്രദ്ധ നേടിയിരുന്നു. നസ്‌ലെന്റെ കരിയറിലെ വ്യത്യസ്തമായ വേഷമായിരിക്കും ചിത്രത്തിലേതെന്നാണ് കരുതപ്പെടുന്നത്.

സന്ദീപ് പ്രദീപ്, ഫ്രാങ്കോ ഫ്രാന്‍സിസ്, ബേബി ജീന്‍, ശിവ ഹരിഹരന്‍, ഷോണ്‍ ജോയ്, കാര്‍ത്തിക്, നന്ദ നിഷാന്ത്, അനഘ രവി തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന അഭിനേതാക്കള്‍. തല്ലുമാലയ്ക്ക് ശേഷം സംവിധാനം ചെയ്യുന്ന ചിത്രത്തിനായി ഖാലിദ് റഹ്‌മാന്‍ തന്നെയാണ് തിരക്കഥ എഴുതുന്നത്.

രതീഷ് രവിയാണ് സംഭാഷണം.

ഛായാഗ്രഹണം ജിംഷി ഖാലിദ്, സംഗീതം വിഷ്ണു വിജയ്. മുഹ്‌സിന്‍ പരാരിയാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്കായി വരികള്‍ എഴുതുന്നത്. ഖാലിദ് റഹ്‌മാന്‍, ജോബിന്‍ ജോര്‍ജ്, സമീര്‍ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഗിരീഷ് എ ഡി സംവിധാനം ചെയ്ത 'പ്രേമലു, ഐ ആം കാതലന്‍ എന്നിവയാണ് നസ്‌ലെന്‍റേതായി ഒടുവില്‍ തിയേറ്റിലെത്തിയ ചിത്രങ്ങള്‍. പ്രേമലു 2024ലെ വലിയ വിജയങ്ങളിലൊന്നായി മാറിയപ്പോള്‍ കാതലന്‍ മികച്ച പ്രതികരണവും നേടി.

Content Highlights: Naslen's new film Alappuzha Gymkhana directed by Khalid Rahman first look out

dot image
To advertise here,contact us
dot image