വിശാലിന് ആരോഗ്യപ്രശ്നങ്ങൾ? വേദിയിൽ കൈ വിറച്ച്, നാക്ക് കുഴഞ്ഞ് നടൻ; ആശങ്കയിൽ ആരാധകർ

കഴിഞ്ഞ ദിവസം മദ​ഗജരാജ എന്ന സിനിമയുടെ പ്രീ റിലീസ് ചടങ്ങിനെത്തിയ നടൻ ഏറെ ക്ഷീണിതനായാണ് കാണപ്പെട്ടത്

നടൻ വിശാലിന്റെ ആരോഗ്യസ്ഥിതിയിൽ ആശങ്കപ്പെട്ട് ആരാധകർ. കഴിഞ്ഞ ദിവസം മദ​ഗജരാജ എന്ന സിനിമയുടെ പ്രീ റിലീസ് ചടങ്ങിനെത്തിയ നടൻ ഏറെ ക്ഷീണിതനായാണ് കാണപ്പെട്ടത്. ഇതിന് പിന്നാലെയാണ് ആരാധകർ സമൂഹ മാധ്യമങ്ങളിലൂടെ ആശങ്ക പങ്കുവെക്കുന്നത്.

സിനിമയുടെ പ്രീ റിലീസ് ചടങ്ങിലേക്ക് അസ്സിസ്റ്റന്റിന്റെ സഹായത്തോടെയാണ് വിശാലെത്തിയത്. നടന്റെ ശരീരം തീരെ മെലിഞ്ഞിരിക്കുന്നു, മാത്രമല്ല നടൻ പ്രസംഗിക്കുന്നതിനിടയിൽ പലയാവർത്തി നാക്ക് കുഴയുകയും മൈക്ക് പിടിക്കുമ്പോൾ കൈകൾ വിറക്കുകയും ചെയ്യുന്നുണ്ട്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി. എന്നാൽ വിശാൽ കടുത്ത പനി ബാധിച്ച അവസ്ഥയിലാണ് വേദിയിലെത്തിയത് എന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇക്കാര്യത്തിൽ നടനിൽ നിന്നോ അടുത്ത വൃത്തങ്ങളിൽ നിന്നോ ഔദ്യോഗികമായ സ്ഥിരീകരണമുണ്ടായിട്ടില്ല.

അതേസമയം 12 വർഷത്തിന് ശേഷമാണ് മദ​ഗജരാജ തിയേറ്ററുകളിലേക്ക് എത്തുന്നത്. 2013 പൊങ്കൽ റിലീസ് ചെയ്യേണ്ടിയിരുന്ന സിനിമയാണ് മദ​ഗജരാജ. സുന്ദർ സിയുടെ സംവിധാനത്തിലായിരുന്നു ചിത്രം ഒരുങ്ങിയത്. സിനിമയുടേതായി ഒരു ട്രെയ്ലറും ഗാനവും പുറത്തുവിട്ടിരുന്നു. സാമ്പത്തികമായ പ്രശ്നങ്ങൾ മൂലം സിനിമയുടെ റിലീസ് നീട്ടുകയായിരുന്നു. ഇപ്പോൾ ഒരു വ്യാഴവട്ടത്തിനുശേഷം പൊങ്കൽ റിലീസായാണ് ചിത്രമെത്തുന്നതും.

അഞ്ജലിയും വരലക്ഷ്മി ശരത്കുമാറുമാണ് നായികമാർ. സോനു സൂദാണ് സിനിമയിലെ പ്രധാന വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മണിവണ്ണൻ, സുബ്ബരാജു, നിതിൻ സത്യ, ജോൺ കൊക്കൻ, രാജേന്ദ്രൻ, മനോബാല തുടങ്ങി നിരവധി അഭിനേതാക്കളും മദഗജരാജയിൽ ഭാഗമാണ്. കൂടാതെ, ആര്യയും സദയും ചിത്രത്തിൽ കാമിയോ വേഷങ്ങളിലെത്തുന്നുണ്ട്. വിജയ് ആന്റണിയാണ് സം​ഗീത സംവിധാനം. ചിത്രത്തിനായി വിശാൽ ഒരു ​ഗാനം ആലപിച്ചിട്ടുണ്ട്. വിശാൽ ഫിലിം ഫാക്ടറിയും ജെമിനി ഫിലിം സർക്യൂട്ടും ചേർന്നാണ് ചിത്രത്തിന്റെ നിർമാണം.

Also Read:

Entertainment News
ഗോൾഡൻ ഗ്ലോബിൽ നിരാശ; 'ഓൾ വീ ഇമാജിൻ ആസ് ലൈറ്റി'ന് രണ്ട് നോമിനേഷനുകളിലും പുരസ്കാരമില്ല

ഈ വർഷം പുറത്തിറങ്ങുന്ന ആദ്യ വിശാൽ ചിത്രം കൂടിയാകും മദ​ഗജരാജ. നിലവിൽ രത്നം എന്ന സിനിമയാണ് നടന്റേതായി ഒടുവിൽ റിലീസ് ചെയ്തത്. ഹരി സംവിധാനം ചെയ്ത ചിത്രത്തിൽ പ്രിയ ഭവാനി ശങ്കർ, സമുദ്രക്കനി, ഗൗതം വാസുദേവ് ​​മേനോൻ, യോഗി ബാബു, മുരളി ശർമ്മ, ഹരീഷ് പേരടി തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തിയിരുന്നു.

Content Highlights: Fans asks that is actor Vishal’s health in good condition

To advertise here,contact us