കഥ ഇനിയാണ് ആരംഭിക്കാൻ പോകുന്നത്; ഗീതു മോഹൻദാസ്-യഷ് ടീമിന്റെ 'ടോക്സിക്' ഡിസംബറിൽ?

'എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്സ്' എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ

കെജിഎഫ് എന്ന ബ്രഹ്മാണ്ഡ സിനിമയ്ക്ക് ശേഷം യഷ് നായകനായി എത്തുന്ന ചിത്രമാണ് 'ടോക്സിക്'. 'മൂത്തോൻ' എന്ന ചിത്രത്തിന് ശേഷം ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന സിനിമയുടെ റിലീസ് ഈ വർഷമുണ്ടാകുമെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ വരുന്നത്. ഈ വർഷം ഡിസംബറിൽ ചിത്രം തിയേറ്ററുകളിലെത്തുമെന്ന് ട്വിറ്റർ ഫോറങ്ങളെ ഉദ്ധരിച്ച് പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഇതിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

കഴിഞ്ഞ ദിവസം സിനിമയുടേതായി പുറത്തിറങ്ങിയ പോസ്റ്റർ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. വെളുത്ത ടക്‌സീഡോ ജാക്കറ്റും ഫെഡോറയും ധരിച്ച് വിന്റേജ് കാറിൽ പുറം തിരിഞ്ഞ് നിൽക്കുന്ന യഷിനെയാണ് പോസ്റ്ററിൽ കാണാൻ കഴിയുന്നത്. യഷിന്റെ പിറന്നാൾ ദിനമായ ഇന്ന് സിനിമയുടെ ഒരു വലിയ അപ്ഡേറ്റും വരുന്നുണ്ട്.

ടോക്സിക് ഉപേക്ഷിച്ചെന്ന് അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടന്നിരുന്നു. എന്നാൽ അത് തെറ്റായ വാർത്തയാണെന്നും ചിത്രത്തിന്റെ ഷൂട്ടിങ് ഇപ്പോൾ നടക്കുകയാണെന്നും പിന്നീട് വാർത്തകൾ വന്നു. പിന്നാലെ ഹോളിവുഡിലെ പ്രശസ്ത ആക്ഷൻ ഡയറക്ടർ ജെ ജെ പെറി ജോയിൻ ചെയ്തതും വാർത്തകളിൽ ഇടം നേടിയിരുന്നു. ജോൺ വിക്ക്, ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് തുടങ്ങിയ സിനിമകളിൽ പ്രവർത്തിച്ചിട്ടുള്ള വ്യക്തിയാണ് ജെ ജെ പെറി.

Also Read:

Entertainment News
'റഹ്മാൻ സാർ ഒരു മജീഷ്യൻ, അദ്ദേഹവുമായി വർക്ക് ചെയ്യാൻ 22 വർഷം കാത്തിരിക്കേണ്ടി വന്നു'; ജയം രവി

കെ വി എൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ വെങ്കട്ട് കെ നാരായണയും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് ടോക്സിക് നിർമ്മിക്കുന്നത്. യഷിന്റെ 19-ാം സിനിമയാണിത്. 'എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്സ്' എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ. ചിത്രത്തിൽ നയൻതാരയും കരീന കപൂറും പ്രധാന വേഷങ്ങളിൽ എത്തുമെന്നും റിപ്പോർട്ടുണ്ട്.

Content Highlights: Is Yash and Geetu Mohandas movie Toxic releasing in December 2025

To advertise here,contact us