ബോക്സ് ഓഫീസിന് പുതിയ 'സിഇഒ' വരുന്നു; ഞെട്ടിച്ച് ഗീതു മോഹൻദാസ്-യഷ് ടീം, 'ടോക്സിക്' ബർത്ത്ഡേ പീക്ക്

'മൂത്തോൻ' എന്ന ചിത്രത്തിന് ശേഷം ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്

കന്നഡ താരം യഷ് നായകനാകുന്ന ടോക്സിക് എന്ന ചിത്രത്തിന്റെ പ്രൊമോ വീഡിയോ പുറത്ത്. നടന്റെ പിറന്നാൾ ദിനത്തോട് അനുബന്ധിച്ചാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. നടന്റെ മറ്റൊരു മാസ് കഥാപാത്രം തന്നെ സിനിമയിൽ പ്രതീക്ഷിക്കാം എന്ന് ഉറപ്പ് നൽകുന്നതാണ് പ്രൊമോ വീഡിയോ. 'മൂത്തോൻ' എന്ന ചിത്രത്തിന് ശേഷം ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

കഴിഞ്ഞ ദിവസം സിനിമയുടേതായി പുറത്തിറങ്ങിയ പോസ്റ്റർ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. വെളുത്ത ടക്‌സീഡോ ജാക്കറ്റും ഫെഡോറയും ധരിച്ച് വിന്റേജ് കാറിൽ പുറം തിരിഞ്ഞ് നിൽക്കുന്ന യഷാണ് പോസ്റ്ററിലുണ്ടായിരുന്നത്.

പ്രഖ്യാപനം മുതൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന ചിത്രമാണ് ടോക്സിക്. കെജിഎഫ് ഫ്രാഞ്ചൈസിക്ക് ശേഷം യഷിന്റേതായി പുറത്തിറങ്ങുന്ന സിനിമ എന്നതിനാൽ തന്നെ സിനിമയുടെ മേൽ വലിയ ഹൈപ്പാണുള്ളത്. ഗീതു മോഹൻദാസ് എന്ന സംവിധായികയുടെ പേരും ഒപ്പം ചേരുന്നതിനാൽ മലയാള സിനിമാപ്രേമികൾക്ക് ഈ ചിത്രത്തിന് മേൽ ഇരട്ടി പ്രതീക്ഷയുമുണ്ട്.

Also Read:

Entertainment News
'തുടർച്ചയായി 36 മണിക്കൂറാണ് ക്ലൈമാക്സ് ഫൈറ്റ് ഷൂട്ട് ചെയ്തത്': മാർക്കോ കലാസംവിധായകൻ പറയുന്നു

ഈ അടുത്ത് ഹോളിവുഡിലെ പ്രശസ്ത ആക്ഷൻ ഡയറക്ടർ ജെ ജെ പെറി ടോക്‌സിക്കിൽ ജോയിൻ ചെയ്തത് വാർത്തകളിൽ ഇടം നേടിയിരുന്നു. 'യഷിനെ കാണുന്നതിന് ഞാൻ ഏറെ എക്സൈറ്റഡ് ആണ്. രാത്രി മുഴുവൻ എനിക്ക് ഉറങ്ങാൻ പോലും കഴിഞ്ഞില്ല. ഇത് ഒരു ക്രേസി ആക്ഷൻ സ്റ്റഫായിരിക്കും. അദ്ദേഹം ഒരു ഗംഭീര നടനാണ്. എന്റെ സഹോദരൻ എന്ന് അദ്ദേഹത്തെ അഭിമാനത്തോടെ വിളിക്കും,' എന്നായിരുന്നു ജെ ജെ പെറി സിനിമയുടെ സെറ്റിൽ ജോയിൻ ചെയ്യുന്നതിനായി മുംബൈ എയർപോർട്ടിൽ എത്തിയപ്പോൾ പറഞ്ഞത്. ജോൺ വിക്ക്, ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് തുടങ്ങിയ സിനിമകളിൽ പ്രവർത്തിച്ചിട്ടുള്ള വ്യക്തിയാണ് ജെ ജെ പെറി.

കെ വി എൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ വെങ്കട്ട് കെ നാരായണയും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് ടോക്സിക് നിർമ്മിക്കുന്നത്. യഷിന്റെ 19-ാം സിനിമയാണിത്. 'എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്സ്' എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ. ചിത്രത്തിൽ നയൻതാരയും കരീന കപൂറും പ്രധാന വേഷങ്ങളിൽ എത്തുമെന്നും റിപ്പോർട്ടുണ്ട്.

Content Highlights: Yash and Geetu Mohandas movie Toxic promo video out

To advertise here,contact us