അജിത് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'വിടാമുയർച്ചി'. വലിയ ക്യാൻവാസിൽ ഒരു ആക്ഷൻ സിനിമയായി ഒരുങ്ങുന്ന വിടാമുയർച്ചി സംവിധാനം ചെയ്യുന്നത് മഗിഴ് തിരുമേനിയാണ്. ചിത്രം പൊങ്കൽ റിലീസായി ജനുവരിയിൽ തിയേറ്ററിൽ എത്തുമെന്ന് വാർത്തകളുണ്ടായിരുന്നു. എന്നാൽ ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ചതായി നിർമാതാക്കളായ ലൈക്ക പ്രൊഡക്ഷൻസ് അറിയിച്ചിരുന്നു. ഇപ്പോഴിതാ സിനിമയുടെ പുതിയ റിലീസ് ഡേറ്റിനെപ്പറ്റിയുള്ള വാർത്തകളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
ചിത്രം ഫെബ്രുവരി 6 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട്. നേരത്തെ ചിത്രം ജനുവരി 23 ന് പുറത്തിറങ്ങുമെന്ന് വാർത്തകളുണ്ടായിരുന്നു. സിനിമയുടെ ട്രെയ്ലർ ഇന്ന് നിർമാതാക്കൾ പുറത്തുവിടും. ട്രെയ്ലർ പുറത്തിറങ്ങുന്നതോടെ സിനിമയുടെ ഹൈപ്പ് കൂടുമെന്നാണ് നിർമാതാക്കളുടെ പ്രതീക്ഷ. യുഎ സർട്ടിഫിക്കറ്റ് ആണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്. രണ്ട് മണിക്കൂർ മുപ്പത് മിനിട്ടാണ് സിനിമയുടെ ദൈർഘ്യം. 'മങ്കാത്ത' എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം, അജിത്- അർജുൻ- തൃഷ കൂട്ടുകെട്ട് വീണ്ടും വെള്ളിത്തിരയിൽ ഒന്നിക്കുന്നു എന്നതാണ് വിടാമുയർച്ചിയുടെ ഏറ്റവും വലിയ ഹൈലൈറ്റ്. മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആരവ്, റെജീന കസാൻഡ്ര, നിഖിൽ എന്നിവരും സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. തമിഴിലെ പ്രമുഖ നിർമ്മാതാക്കളായ ലൈക്ക പ്രൊഡക്ഷൻസാണ് സിനിമ നിർമ്മിക്കുന്നത്.
The much awaited VIDAAMUYARCHI Trailer is releasing tomorrow. 🤩 Get ready to witness the power of persistence! 💪 #PodraVediye 💥#Vidaamuyarchi #EffortsNeverFail#AjithKumar #MagizhThirumeni @LycaProductions #Subaskaran @gkmtamilkumaran @trishtrashers @akarjunofficial… pic.twitter.com/aC4gTzwG8Q
അനിരുദ്ധ് രവിചന്ദർ സംഗീതം ചിട്ടപ്പെടുത്തുന്ന ഈ ചിത്രത്തിന് കാമറ ചലിപ്പിക്കുന്നത് ഓംപ്രകാശും എഡിറ്റിങ് നിർവഹിക്കുന്നത് എൻ ബി ശ്രീകാന്തുമാണ്. 'വേതാളം' എന്ന സിനിമക്ക് ശേഷം അനിരുദ്ധ് - അജിത്കുമാർ കോംബോ വീണ്ടുമൊന്നിക്കുന്ന ചിത്രമാണ് 'വിടാമുയർച്ചി'.മിലൻ കലാസംവിധാനം നിർവഹിക്കുന്ന വിടാമുയർച്ചിക്ക് വേണ്ടി സംഘട്ടനമൊരുക്കുന്നത് സുപ്രീം സുന്ദറാണ്. വമ്പൻ തുകക്ക് ഈ ചിത്രത്തിന്റെ സാറ്റ്ലൈറ്റ് അവകാശം സൺ ടിവിയും ഒടിടി അവകാശം നെറ്റ്ഫ്ലിക്സും സ്വന്തമാക്കിയിട്ടുണ്ട്. ചിത്രത്തിന്റെ ഒടിടി റൈറ്റ്സിന് ഏകദേശം 75 കോടിയാണ് ലഭിച്ചത് എന്നാണ് റിപ്പോർട്ടുകൾ.
Content Highlights: Vidaamuyarchi trailer releasing today