ലേറ്റ് ആയാലും 'ധ്രുവനച്ചത്തിരം' ലേറ്റസ്റ്റ് ആയി വരും, മദ ഗജ രാജയുടെ വിജയമാണ് എനിക്ക് പ്രചോദനം; ഗൗതം മേനോൻ

മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ഡൊമിനിക് ആൻഡ് ദി ലേഡീസ് പഴ്സ് ആണ് ഇനി പുറത്തിറങ്ങാനുള്ള ഗൗതം മേനോൻ ചിത്രം

ചിയാൻ വിക്രമിനെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത ആക്ഷൻ ത്രില്ലർ ചിത്രമാണ് 'ധ്രുവനച്ചത്തിരം'. വളരെ പ്രതീക്ഷയോടെ സിനിമാപ്രേമികൾ കാത്തിരിക്കുന്ന സിനിമയുടെ റിലീസ് തീയതി പല തവണയായി മാറ്റിവെച്ചിരുന്നു. 2016 ൽ ഷൂട്ടിംഗ് ആരംഭിച്ച സിനിമക്ക് ഇതുവരെ പ്രേക്ഷകരുടെ മുന്നിലെത്താനായിട്ടില്ല. ഇപ്പോഴിതാ സിനിമയെക്കുറിച്ച് മനസുതുറന്നിരിക്കുകയാണ് ഗൗതം മേനോൻ.

ധ്രുവനച്ചത്തിരം ഉറപ്പായും റിലീസാകുമെന്നും മദ ഗജ രജയുടെ വിജയം തനിക്കൊരു പ്രചോദനമായി മാറിയിരിക്കുകയാണെന്നും ഗൗതം മേനോൻ പറഞ്ഞു. ചിത്രം ഒരിക്കലും 2016 ൽ ഷൂട്ട് ചെയ്തതാണെന്ന് തോന്നില്ലെന്നും കഴിഞ്ഞ ആഴ്ച ഷൂട്ട് തീർന്ന സിനിമ പോലയെ അനുഭവപ്പെടൂ എന്നും ഗൗതം മേനോൻ പറഞ്ഞു. 'ഇപ്പോൾ വിശാലിന്റെ മദ ഗജ രാജ വളരെ നന്നായി ഓടുന്നത് കാണുമ്പോൾ ഞാൻ വളരെ ഹാപ്പിയാണ്. മദ ഗജ രജയുടെ വിജയം എനിക്കൊരു പ്രചോദനമായി മാറിയിരിക്കുകയാണ്. ധ്രുവനച്ചത്തിരം ലേറ്റ് ആയി വന്നാലും ലേറ്റസ്റ്റ് ആയി തന്നെ വരും.', ഗൗതം മേനോൻ പറഞ്ഞു.

Also Read:

Entertainment News
'രണ്ട് മിനിറ്റിലധികം സോഷ്യൽ മീഡിയ കത്തും'; 'എമ്പുരാൻ' ടീസർ സൂചനയുമായി പൃഥ്വി

2016ലാണ് ധ്രുവനച്ചത്തിരത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. എന്നാൽ പല കാരണങ്ങളാൽ സിനിമയുടെ ചിത്രീകരണം നിർത്തിവെക്കേണ്ടി വന്നിരുന്നു. ചിത്രത്തിൽ ജോൺ എന്ന രഹസ്യാന്വേഷണ ഏജന്റായിട്ടാണ് വിക്രം വേഷമിടുന്നത്. ചിയാനൊപ്പം മലയാളത്തിന്റെ സ്വന്തം വിനായകനും സിനിമയിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഋതു വർമ്മ, സിമ്രാൻ, ആർ പാർത്ഥിപൻ, വിനായകൻ, രാധിക ശരത്കുമാർ, ദിവ്യദർശിനി, മുന്ന സൈമൺ, സതീഷ് കൃഷ്ണൻ, വംശി കൃഷ്ണ, സലിം ബെയ്ഗ് എന്നിവരടങ്ങുന്ന വമ്പൻ താരനിരയാണ് വിക്രത്തിനൊപ്പം ധ്രുവനച്ചത്തിരത്തിൽ വേഷമിടുന്നത്.

Also Read:

Entertainment News
രൺദീപ് ഹൂഡ മുതൽ ജഗപതി ബാബു വരെ; അടുത്ത പടത്തിൽ സണ്ണി ഡിയോൾ ഏറ്റുമുട്ടുക ആറ് വില്ലന്മാരുമായി

മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ഡൊമിനിക് ആൻഡ് ദി ലേഡീസ് പഴ്സ് ആണ് ഇനി പുറത്തിറങ്ങാനുള്ള ഗൗതം മേനോൻ ചിത്രം. ആദ്യം മുതൽ അവസാനം വരെ രസകരമായി കഥ പറയുന്ന ഒരു കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലറായിരിക്കും 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' എന്നാണ് ട്രെയ്‌ലര്‍ നൽകുന്ന സൂചന. ജനുവരി 23 നാണ് ചിത്രം ആഗോള തലത്തിൽ റിലീസ് ചെയ്യുന്നത്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ് ചിത്രം കേരളത്തിൽ വിതരണം ചെയ്യും. വമ്പൻ ആക്ഷൻ ചിത്രങ്ങളും പ്രണയ ചിത്രങ്ങളും തമിഴിൽ ഒരുക്കിയിട്ടുള്ള ഗൗതം വാസുദേവ് മേനോൻ, തന്റെ കരിയറിൽ ഒരുക്കുന്ന ആദ്യ കോമഡി ത്രില്ലർ ആണ് 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പഴ്സ്'.

Content Highlights: Gautham Menon talks about Dhruvanatchathiram

To advertise here,contact us