'സിനിമയിൽ ഒന്നിക്കാൻ കഴിഞ്ഞില്ലെങ്കിലും നല്ല സൗഹൃദമുണ്ടായിരുന്നു,' ഷാഫിക്ക് വിടപറഞ്ഞ് മോഹൻലാൽ

മോഹൻലാലിന് പുറമെ മമ്മൂട്ടിയും പൃഥ്വിരാജും തുടങ്ങി സിനിമാ മേഖലയിലെ നിരവധിപേര്‍ ഷാഫിയുടെ വിയോഗത്തിൽ വേദന പങ്കുവെച്ചിട്ടുണ്ട്

സംവിധായകൻ ഷാഫിയുടെ വിയോഗത്തിൽ അനുശോചനം അറിയിച്ച് നടൻ മോഹൻലാൽ. സിനിമയിൽ ഒന്നിക്കാൻ കഴിഞ്ഞില്ലെങ്കിലും ഷാഫിയുമായി നല്ല സൗഹൃദമുണ്ടായിരുന്നുവെന്ന് മോഹൻലാൽ പറഞ്ഞു. സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കിട്ടാണ് മോഹൻലാൽ ഷാഫിക്ക് അനുശോചനം അറിയിച്ചത്.

'നർമ്മത്തിലൂടെ കഥപറഞ്ഞ്, സൂപ്പർഹിറ്റുകളൊരുക്കിയ മലയാളത്തിലെ മുൻനിര സംവിധായകരിൽ ഒരാളായായിരുന്നു പ്രിയപ്പെട്ട ഷാഫി. സിനിമയിൽ ഒന്നിക്കാൻ കഴിഞ്ഞില്ലെങ്കിലും, അദ്ദേഹവുമായി നല്ല സൗഹൃദമുണ്ടായിരുന്നു. അകാലത്തിൽ നമ്മോട് വിടപറഞ്ഞ ഷാഫിക്ക് ആദരാഞ്ജലികൾ,' മോഹൻലാൽ പറഞ്ഞു.

മോഹൻലാലിന് പുറമെ മമ്മൂട്ടിയും പൃഥ്വിരാജും തുടങ്ങി സിനിമാ മേഖലയിലെ നിരവധിപ്പേർ ഷാഫിയുടെ വിയോഗത്തിൽ വേദന പങ്കുവെച്ചിട്ടുണ്ട്. തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ 12.25 ഓടെ ആയിരുന്നു ഷാഫി വിടപറഞ്ഞത്. ഉദരരോ​ഗത്തിന് ചികിത്സയിലായിരുന്നു. ആരോ​ഗ്യനില വഷളായതിനെത്തുടർന്ന് ഈ മാസം 16 നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ദില്ലിവാലാ രാജകുമാരൻ എന്ന സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടറായാണ് സിനിമാ ജീവിതം തുടങ്ങിയത്. 2001 ൽ വൺ മാൻ ഷോ എന്ന സിനിമയിലൂടെ അദ്ദേഹം സ്വതന്ത്ര സംവിധായകനായി. ജയറാം, ലാൽ, സംയുക്ത വർമ്മ തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം വലിയ വിജയമായിരുന്നു.

Also Read:

Entertainment News
ഷാഫിയുടെ വിയോഗത്തിൽ അനുശോചനം അറിയിച്ച് മമ്മൂട്ടി

പിന്നീട് കല്യാണരാമൻ, തൊമ്മനും മക്കളും, മായാവി, പുലിവാൽ കല്യാണം, ചട്ടമ്പിനാട്, ചോക്ലേറ്റ്, മേരിക്കുണ്ടൊരു കുഞ്ഞാട്, മേക്കപ്പ്മാന്‍, ടു കണ്‍ട്രീസ്, ഷെര്‍ലക്ക് ടോംസ് എന്നിവയടക്കം 18 സിനിമകൾ സംവിധാനം ചെയ്തു. മമ്മൂട്ടി, ദിലീപ്, പൃഥ്വിരാജ് തുടങ്ങിവരയുടെ കൂടെ വമ്പൻ വിജയങ്ങൾ ഒരുക്കിയ സംവിധായകനാണ് ഷാഫി. മിസ്റ്റർ പോഞ്ഞിക്കര, മണവാളൻ, കണ്ണൻ സ്രാങ്ക്, ദശമൂലം ദാമു തുടങ്ങി ഇന്നും മലയാളികൾ ആഘോഷിക്കുന്ന നിരവധി ഐകോണിക് കഥാപാത്രങ്ങളും പിറന്നത് അദ്ദേഹത്തിന്റെ സിനിമകളിലാണ്. 2022-ല്‍ പുറത്തിറങ്ങിയ ആനന്ദം പരമാനന്ദം ആണ് അവസാന ചിത്രം. റഷീദ് എം.എച്ച് എന്നാണ് യഥാര്‍ത്ഥ പേര്. സംവിധായകനും നടനുമായ റാഫി (റാഫി മെക്കാർട്ടിൻ) സഹോദരനാണ്. ഭാര്യ ഷാമില. മക്കൾ: അലീന, സൽമ.

Content Highlights: Actor Mohanlal condoles Shafi's demise

To advertise here,contact us