ആന്റണീ, ആ കുട്ടി അഞ്ചാറ് ഹെലികോപ്റ്റർ ഒക്കെ പറയുന്നുണ്ട്: മോഹന്‍ലാല്‍ പറഞ്ഞതിങ്ങനെയെന്ന് പൃഥ്വിരാജ്

'ശരിക്കും എന്നേക്കാൾ വട്ടുള്ള ഒരാളുണ്ട്, ആന്റണി പെരുമ്പാവൂർ'

മലയാളത്തിലെ നിലവിലെ റെക്കോർഡുകൾ എല്ലാം തകർക്കാൻ കെൽപ്പുള്ള സിനിമയാണ് മോഹൻലാൽ നായകനായി എത്തുന്ന എമ്പുരാൻ. പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന ചിത്രം വമ്പൻ ബഡ്ജറ്റിലാണ് ഒരുങ്ങുന്നത്. സിനിമയുടെ ആശയം പറഞ്ഞ മുതൽ ഒപ്പം നിന്നത് ആന്റണി പെരുമ്പാവൂർ ആയിരുന്നെന്ന് പറയുകയാണ് പൃഥ്വിരാജ്. ഇത്രയും കാലം തന്റെയത്ര വട്ടുള്ള ആരും ഇല്ലെന്ന് കരുതിയിരുന്നുവെന്നും എന്നാൽ തന്നെക്കാൾ വട്ടുള്ള ഒരാളാണ് ആന്റണിയെന്നും പൃഥ്വിരാജ് പറഞ്ഞു. സിനിമയുടെ കഥ ആദ്യം കേട്ടപ്പോൾ ഉള്ള മോഹൻലിന്റെ പ്രതികരണവും പൃഥ്വിരാജ് പങ്കുവെച്ചു. എമ്പുരാൻ ചിത്രത്തിന്റെ ട്രെയ്ലർ ലോഞ്ചിൽ സംസാരിക്കവെയായിരുന്നു പ്രതികരണം.

'വലിയ സ്വപ്‌നങ്ങൾ കാണുന്നവർ കുറച്ച് വട്ടുള്ള ആൾക്കാരാണെന്ന് തോന്നും. എന്റെയത്ര വട്ടുള്ള ആളുകൾ ആരുമില്ലെന്ന് ഞാൻ കുറച്ച് ആത്മവിശ്വാസത്തോടെ പറയുമായിരുന്നു. ശരിക്കും എന്നേക്കാൾ വട്ടുള്ള ഒരാളുണ്ട്, ആന്റണി പെരുമ്പാവൂർ. സിനിമയുടെ ആശയം പറയുന്നതു മുതൽ ഇത് ഏറ്റവും കൂടുതൽ മനസിലാവുന്ന ആൾ ആന്റണി പെരുമ്പാവൂർ ആയിരുന്നു. ദുബായിലെ ആശിർവാദിന്റെ ഓഫിസിൽ വച്ചാണ് ആന്റണിയേയും ലാലേട്ടനേയും ആദ്യമായി എമ്പുരാൻ സ്‌ക്രിപ്റ്റ് വായിച്ചുകേൾപ്പിക്കുന്നത്.

Also Read:

Entertainment News
'പേരിനൊപ്പമുള്ള മേനോൻ ഒരിക്കലും ജാതി പേരായി കണ്ടിട്ടില്ല, ജാതിയും മതവും പ്രോത്സാഹിപ്പിക്കില്ല'

ആന്റണീ, ആ കുട്ടി അഞ്ചാറ് ഹെലികോപ്റ്റർ ഒക്കെ പറയുന്നുണ്ട് എന്നായിരുന്നു ലാലേട്ടന്റെ പ്രതികരണം. അന്നത്തെ നരേഷനിൽ മൂപ്പർക്ക് മനസ്സിലായതാണ് ഈ സിനിമ.അണ്ണാ ഇതെങ്ങോട്ടാണ് ഈ പോക്ക് എന്ന് ഇടയ്ക്കിടയ്ക്ക് ചോദിക്കും. എന്റെ സിനിമ മനസിലാക്കി കൂടെ നിൽക്കുന്ന നിർമാതാവ് ഉണ്ടെന്നതാണ് എന്റെ ഏറ്റവും വലിയ ശക്തി. എന്നെ സഹിച്ചതിന് നന്ദി. ഈ പടം കഴിഞ്ഞിട്ട് അടുത്തൊരു വലിയ സിനിമ ചെയ്യണം,' പൃഥ്വിരാജ് പറഞ്ഞു.

2025 മാർച്ച് 27 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ 'എമ്പുരാൻ' എത്തും. 'എമ്പുരാൻ' ലൂസിഫറിന്റെ പ്രീക്വലും സീക്വലുമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സ്റ്റീഫൻ നെടുമ്പള്ളിയെന്ന അബ്രാം ഖുറെഷിയുടെ പഴയ ജീവിതവും പുതിയ കാലഘട്ടവും ചിത്രത്തിൽ കാണിച്ചു തരുമെന്നും വാർത്തകളുണ്ട്. ആദ്യ ഭാഗത്തിലെ അഭിനേതാക്കളായ മഞ്ജു വാര്യർ, ടൊവിനോ തോമസ്, സാനിയ അയ്യപ്പൻ, സായ് കുമാർ, ഇന്ദ്രജിത് സുകുമാരൻ, ബൈജു എന്നിവർക്കൊപ്പം സുരാജ് വെഞ്ഞാറമൂട്, ഷൈൻ ടോം ചാക്കോ, ഷറഫുദ്ദീൻ, അർജുൻ ദാസ് എന്നിങ്ങനെ പുതിയ താരങ്ങളും ചിത്രത്തിലുണ്ട്.

ലൈക്ക പ്രൊഡക്ഷൻസും ആശിർവാദ് സിനിമാസും ചേർന്നാണ് എമ്പുരാൻ നിർമിക്കുന്നത്. ദീപക് ദേവ് ആണ് സംഗീതം. സുജിത് വാസുദേവ് ഛായാഗ്രഹണം കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് അഖിലേഷ് മോഹൻ ആണ്.

Content Highlights: Prithviraj shares Lalettan's reaction when he heard the story of Empuraan

To advertise here,contact us