സൂരറൈ പോട്ട്രു എന്ന സിനിമയ്ക്ക് ശേഷം സുധാ കൊങ്കര സംവിധാനം ചെയ്യുന്ന ചിത്രമാണ് പരാശക്തി. ശിവകാർത്തികേയൻ നായകനായി എത്തുന്ന സിനിമ ഒരു പീരീഡ് പശ്ചാത്തലത്തിൽ ആക്ഷൻ ഡ്രാമ സ്വഭാവത്തിലാണ് ഒരുങ്ങുന്നത്. ശിവകാർത്തികേയനൊപ്പം രവി മോഹനും അഥർവയും ശ്രീലീലയും സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. സിനിമയുടെ ടൈറ്റിൽ ടീസർ അണിയറപ്രവർത്തകർ ഇന്ന് പുറത്തിറക്കി. സൂര്യയെ നായകനാക്കി ആയിരുന്നു ആദ്യം സിനിമ പ്രഖ്യാപിച്ചിരുന്നത്. ടീസറിന്റെ റിലീസിന് പിന്നാലെ സൂര്യയ്ക്ക് മികച്ചൊരു ചിത്രം നഷ്ടമായി എന്നാണ് ആരാധകർ പറയുന്നത്.
#Parasakthi - Definitely it's a costly miss for #Suriya🙁Hope the combo joins for another exciting project 🤞 pic.twitter.com/t2mXKuS1uv
SK's Ayudha Ezhuthu 🔥 pic.twitter.com/pxifi7KBAx
വളരെ മികച്ച പ്രതികരണമാണ് ടീസറിന് ലഭിക്കുന്നത്. സിനിമയുടെ മേക്കിങ്ങിനും കഥാപാത്രങ്ങളുടെ റെട്രോ ലുക്കിനും വലിയ പ്രശംസയാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്. സൂര്യക്ക് ചിത്രം മിസ് ആയെന്നും വീണ്ടും മറ്റൊരു നല്ല സിനിമയ്ക്കായി സുധാ കൊങ്കരയും നടനും ഒന്നിക്കട്ടെയെന്നും ആരാധകർ കുറിക്കുന്നുണ്ട്. സുധാ കൊങ്കരയുടെ ആയുധ എഴുത്താണ് പരാശക്തിയെന്നും കമന്റുകളുണ്ട്. മണിരത്നം സിനിമയായ ആയുധ എഴുത്തിലെ കഥാപാത്രങ്ങളും പരാശക്തിയിലെ കഥാപാത്രങ്ങളും ഉൾക്കൊള്ളിച്ചുള്ള ചിത്രങ്ങൾ ഇപ്പോൾ വൈറലാണ്. മണിരത്നത്തിന്റെ സംവിധാന സഹായി ആയി പ്രവർത്തിച്ച ആളാണ് സുധാ കൊങ്കര.
The hype was 🔥 Unfortunately, he left the project.. #Suriya43 💔But it’s in safe hands as #SK25 😌🔥 pic.twitter.com/dkmVQdGrLF
സൂര്യക്കൊപ്പം, ദുൽഖർ സൽമാൻ, വിജയ് വർമ്മ, നസ്രിയ ഫഹദ്, എന്നിവരായിരുന്നു സിനിമയിലെ ആദ്യ കാസ്റ്റ്. ചിത്രത്തിൽ ശിവകാർത്തികേയന്റെ അനിയനായാണ് അഥർവ എത്തുന്നതെന്ന സൂചനയുണ്ട്. രവി മോഹനാണ് വില്ലനായി എത്തുന്നത്. ടീസറിലെ രവി മോഹന്റെ ലുക്ക് ചർച്ചയാകുന്നുണ്ട്. തെലുങ്കിലെ പുത്തൻ സെൻസേഷൻ ശ്രീലീലയാണ് ചിത്രത്തിലെ നായിക. ഡോൺ പിക്ചേഴ്സിൻ്റെ ബാനറിലാണ് സിനിമ ഒരുങ്ങുന്നത്. ജി വി പ്രകാശ് കുമാറാണ് സിനിമയുടെ സംഗീത സംവിധാനം. അമരന് ശേഷം ജിവി പ്രകാശ് കുമാറും ശിവകാർത്തികേയനും ഒന്നിക്കുന്ന സിനിമയാണിത്. 150 കോടി മുതൽ മുടക്കിലായിരിക്കും സിനിമ ഒരുങ്ങുക എന്നാണ് ഇന്ത്യഗ്ലിറ്റ്സ് റിപ്പോർട്ട് ചെയ്യുന്നത്. ശിവകാർത്തികേയന്റെ കരിയറിലെ ഏറ്റവും വലിയ ബജറ്റിൽ ഒരുങ്ങുന്ന സിനിമയായിരിക്കും ഇത് എന്നാണ് റിപ്പോർട്ട്.
Content Highlights: Parasakthi is a costly miss for suriya says Fans