'പ്രാവിൻകൂട് ഷാപ്പി'ലെ ത്രില്ലടിപ്പിക്കുന്ന ചേസിങ് സീൻ സ്നീക് പീക് പുറത്ത്

ബേസിലിന്‍റെ കരിയറിലെ തന്നെ ആദ്യ പൊലീസ് വേഷം തികച്ചും പുതുമ നിറഞ്ഞ രീതിയിലാണ് അനുഭവപ്പെട്ടത്

മലയാള സിനിമയിൽ തന്നെ ഒട്ടേറെ പുതുമകളുമായി എത്തിയ സൗബിൻ ഷാഹി‍‍ർ, ബേസിൽ ജോസഫ് ചിത്രം 'പ്രാവിൻകൂട് ഷാപ്പ്' തിയേറ്ററുകളിൽ ഏവരും ഏറ്റെടുത്തിരിക്കുകയാണ്. ഒരേസമയം കൗതുകവും ആകാംക്ഷയും പ്രേക്ഷകരിൽ നിറച്ചിരിക്കുന്ന ചിത്രം മികച്ച പ്രതികരണം നേടിയാണ് മുന്നേറിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ ത്രില്ലടിപ്പിക്കുന്ന ചേസിങ് സീൻ സ്നീക് പീക് പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.

ഒരു ഷാപ്പിൽ നടന്ന മരണവും ആ മരണത്തെ ചുറ്റിപ്പറ്റി നടക്കുന്ന സംഭവങ്ങളും കേസന്വേഷണവുമൊക്കെയായി ഓരോ നിമിഷവും സസ്പെൻസും കൗതുകവും നിറച്ചുകൊണ്ട് മുന്നേറുന്ന ചിത്രത്തിൽ നിർണ്ണായക നിമിഷങ്ങളിലാണ് ചേസിങ് സീൻ വരുന്നത്. ഷാപ്പുടമ ബാബുവായി ശിവജിത്തും ഷാപ്പിലെ ജീവനക്കാരനായ കണ്ണൻ എന്ന കഥാപാത്രമായി സൗബിനും കണ്ണന്‍റെ ഭാര്യ മെറിൻഡയായി ചാന്ദ്‍നിയും കേസന്വേഷണത്തിനെത്തുന്ന പൊലീസ് കഥാപാത്രമായി ബേസിലും ഷാപ്പിലെ പതിവുകാരൻ സുനിലായി ചെമ്പൻ വിനോദ് ജോസുമാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലുള്ളത്. സ്കൂട്ടറിൽ പോകുന്ന കണ്ണന് പിറകെ ഒരു സ്കൂള്‍ ബസ് പാഞ്ഞടുക്കുന്നതും ബസിനടിയിൽ പോകാതെ രക്ഷപ്പെടാനായി കണ്ണൻ നടത്തുന്ന ശ്രമങ്ങളുമൊക്കെയാണ് ചേസിങ് സീനിലുള്ളത്. പ്രേക്ഷകരിൽ ഏറെ ആകാംക്ഷ നിറയ്ക്കുന്നതാണ് ഈ രംഗങ്ങള്‍. ഷൈജു ഖാലിദ് ഒരുക്കിയിരിക്കുന്ന ദൃശ്യങ്ങളും ഏറെ മികവാർന്നതാണ്.

ഒരു കാലിന് സ്വാധീനക്കുറവുള്ള കണ്ണൻ എന്ന കഥാപാത്രത്തെ ഏറെ സ്വാഭാവികതയോടെ സൗബിൻ സ്ക്രീനിൽ എത്തിച്ചിട്ടുണ്ട്. എന്തൊക്കെയോ ദുരൂഹതകള്‍ ഉള്ളിൽ ഒളിപ്പിച്ചിട്ടുള്ള കഥാപാത്രമായി സൗബിൻ മികവുറ്റ അഭിനയമാണ് കാഴ്ചവെച്ചിട്ടുള്ളത്. അതുപോലെ തന്നെ ബേസിലിന്‍റെ കരിയറിലെ തന്നെ ആദ്യ പൊലീസ് വേഷം തികച്ചും പുതുമ നിറഞ്ഞ രീതിയിലാണ് അനുഭവപ്പെട്ടത്. എസ്.ഐ സന്തോഷ് സി.ജെ എന്ന കഥാപാത്രം ബേസിലിന്‍റെ കൈയ്യിൽ ഭദ്രമായിരുന്നു. വയലൻസ് ഒട്ടും ഇഷ്ടമില്ലാത്തൊരു പൊലീസുകാരന്‍റെ വേഷം ഏറെ തന്മയത്വത്തോടെ അവതരിപ്പിച്ചിട്ടുണ്ട്. കേസന്വേഷണത്തിന്‍റെ ചടുലത പ്രേക്ഷകരിലേക്ക് പകരുന്നതിൽ ബേസിലിന്‍റെ പ്രകടനമികവും ഡയലോഗ് ഡെലിവറിയും എടുത്തുപറയേണ്ടതാണ്.

Also Read:

Entertainment News
വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ മാപ്പു ചോദിക്കുന്നു, പിണക്കങ്ങൾ സ്ഥിരമല്ല, വിജയങ്ങളിൽ അതെല്ലാം മറക്കണം: ടൊവിനോ

ചെമ്പന്‍റേയും ചാന്ദ്‍നിയുടേയും വേഷവും ഏറെ മികച്ച് നിൽക്കുന്നതാണ്. മറിമായത്തിലൂടെ മിനി സ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരമായ നിയാസ് ബക്കർ, സിലോൺ എന്ന കഥാപാത്രമായി ചിത്രത്തിൽ ഏവരേയും ഞെട്ടിച്ചിട്ടുണ്ട്. രൂപത്തിലും ഭാവത്തിലുമൊക്കെ തികച്ചും വേറിട്ട രീതിയിലുള്ള മേക്കോവറാണ് നിയാസ് നടത്തിയിരിക്കുന്നത്. ഷാപ്പുടമ ബാബു എന്ന കഥാപാത്രമായി ശിവജിത്തിന്‍റേയും പെർഫെക്ട് കാസ്റ്റിങ്ങാണ്. തോട്ട ബിജുവായി ശബരീഷ് വ‍ർമ്മയുടേയും പ്രകടനവും കൂടാതെ നിരവധി പുതുമുഖങ്ങളുടെ ശ്രദ്ധേയ പ്രകടനങ്ങളും സിനിമയിലുണ്ട്.

'തൂമ്പ' എന്ന ഹ്രസ്വ ചിത്രമൊരുക്കി ശ്രദ്ധേയനായ ശ്രീരാജ് ശ്രീനിവാസനാണ് സിനിമയൊരുക്കിയിരിക്കുന്നത്. ഓരോ നിമിഷവും പ്രേക്ഷകരിൽ ഉദ്വേഗം നിറയ്ക്കുന്ന രീതിയിലാണ് കഥയുടെ ഒഴുക്ക്. ഏറെ കൗതുകവും ആകാംക്ഷയും നിറയ്ക്കുന്ന രീതിയിൽ ചിത്രം അണിയിച്ചൊരുക്കിയിട്ടുണ്ട് ശ്രീരാജ്. സിനിമയുടെ ആകെയുള്ളൊരു മൂഡ് നിലനി‍ർത്തുന്നതിൽ ഷൈജു ഖാലിദ് ഒരുക്കിയിരിക്കുന്ന ദൃശ്യങ്ങള്‍ ഏറെ സഹായകമാണ്. ഒരു ഷാപ്പിന്‍റേതായ അന്തരീക്ഷവും മറ്റുമൊക്കെ ക്രിയേറ്റ് ചെയ്യുന്നതിൽ ക്യാമറ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. വിഷ്ണു വിജയ് ഒരുക്കിയിരിക്കുന്ന സംഗീതവും സിനിമയുടെ ജീവനാണ്. ഷെഫീഖ് മുഹമ്മദലിയുടെ ചിത്രസംയോജനവും ചിത്രത്തെ ചടുലമാക്കുന്നതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്. രണ്ടര മണിക്കൂർ ദൈർഘ്യമുള്ള ചിത്രം ആദ്യാവസാനം പ്രേക്ഷകരെ പിടിച്ചിരുത്തുന്നതാണ്. കൗതുകം ജനിപ്പിക്കുന്ന കഥാഗതിയും ഓരോ സെക്കൻഡും ആകാംക്ഷ നിറയ്ക്കുന്ന അവതരണവും കഥാപാത്രങ്ങളുടെ മികവുറ്റ പ്രകടനങ്ങളും സിനിമയുടെ ഹൈലൈറ്റാണ്. പ്രേക്ഷകരേവരും ചിത്രത്തെ ഇരുകൈയ്യും നീട്ടി ഏറ്റെടുത്തുകഴിഞ്ഞുവെന്നാണ് തിയേറ്ററുകളിൽ ഇപ്പോഴും അനുഭവപ്പെടുന്ന തിരക്ക് സൂചിപ്പിക്കുന്നത്.

Content Highlights: Thrilling chase scene sneak peak of pravinkoodu shappu is out now

To advertise here,contact us