ചാക്കോച്ചന്റെ ആ സിനിമയിൽ മീശ വേണം, രേഖാചിത്രത്തിൽ മീശയും താടിയും പറ്റില്ല, അവർ കാരണമാണ് ഈ വിജയം: ഉണ്ണി ലാലു

'ആദ്യം ഇഷ്ടമായിരുന്നില്ലെങ്കിലും ഇപ്പോൾ കണ്ടു കണ്ട് ‘ഇതു കൊള്ളാലോ’ എന്നു തോന്നിത്തുടങ്ങിയിട്ടുണ്ട്'

ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്ത ഇൻവെസ്റ്റിഗേഷൻ ഡ്രാമ ചിത്രമാണ് രേഖാചിത്രം. സിനിമയിൽ മനോജ് കെ ജയന്റെ വക്കച്ചൻ എന്ന കഥാപാത്രത്തിന്റെ ചെറുപ്പകാലം അവതരിപ്പിച്ച നടൻ ഉണ്ണി ലാലു ശ്രദ്ധനേടുകയാണ്. ചാക്കോച്ചൻ നായകനാകുന്ന മറ്റൊരു സിനിമയുടെ ചിത്രീകരണത്തിനിടെയാണ് രേഖാചിത്രത്തിലേക്ക് അവസരം വന്നതെന്നും താടിയും മീശയും എടുക്കണമെന്ന ആവശ്യം ഈ സിനിമയുടെ അണിയറപ്രവർത്തകർ അംഗീകരിച്ചതുകൊണ്ടാണ് രേഖാചിത്രത്തിൽ അഭിനയിക്കാനായതെന്നും ഉണ്ണി ലാലു പറഞ്ഞു. റിപ്പോർട്ടർ ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

'സിനിമയുടെ അസോഷ്യേറ്റ് സുമേഷാണ് എന്നെ രേഖാചിത്രത്തിലേക്ക് വിളിക്കുന്നത്. പിന്നെ സംവിധായകൻ ജോഫിനുമായി സംസാരിച്ചു. അദ്ദേഹം എന്നോട് താടിയും മീശയും കളയണം എന്ന് പറഞ്ഞു. ആ സമയത്ത് ഞാൻ ചാക്കോച്ചന്റെ ‘ഓഫിസർ ഓൺ ഡ്യൂട്ടി’ എന്ന സിനിമ ചെയ്തുകൊണ്ടിരിക്കുകയാണ്. അതിൽ പൊലീസ് കഥാപത്രമാണ്. ചാക്കോച്ചനൊപ്പമുള്ള മുഴുനീള കഥാപാത്രമാണ്. ഇതുപോലെത്തന്നെ നല്ല സിനിമയാണ് അതും. ആ സിനിമയിൽ മീശ വേണം, ഇതിൽ പറ്റില്ല. അവസാനം ഓഫിസർ ഓൺ ഡ്യൂട്ടി’ സിനിമയുടെ ടീം പറഞ്ഞു, മീശയില്ലാത്ത പൊലീസ് മതിയെന്ന്. അങ്ങനെ ഞാൻ മീശയും താടിയും എടുത്തു. ആദ്യം താടിയും മീശയും ഇല്ലാത്ത എന്റെ ലുക്ക് എനിക്ക് ഇഷ്ടമായിരുന്നില്ല. പക്ഷേ, ഒരു വർഷത്തോളം ആ ലുക്കിൽ തന്നെ തുടരേണ്ടി വന്നു.

Also Read:

Entertainment News
വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ മാപ്പു ചോദിക്കുന്നു, പിണക്കങ്ങൾ സ്ഥിരമല്ല, വിജയങ്ങളിൽ അതെല്ലാം മറക്കണം: ടൊവിനോ

‘ഓഫിസർ ഓൺ ഡ്യൂട്ടി’, രേഖാചിത്രം, മീശ– ഈ സിനിമകളിലെല്ലാം ഈ ലുക്കിലാണ് വരുന്നത്. ആദ്യം ഇഷ്ടമായിരുന്നില്ലെങ്കിലും ഇപ്പോൾ കണ്ടു കണ്ട് ‘ഇതു കൊള്ളാലോ’ എന്നു തോന്നിത്തുടങ്ങിയിട്ടുണ്ട്. ഈയടുത്ത് ആസിഫ് ഇക്കയും പറഞ്ഞു, താടിയില്ലാത്തതാണ് കുറച്ചൂടെ ലുക്ക് എന്ന്. മീശയും താടിയും എടുക്കാൻ ഓഫിസർ ഓൺ ഡ്യൂട്ടി ചിത്രത്തിന്റെ അണിയറപ്രവർത്തകർ സമ്മതിച്ചിരുന്നില്ലെങ്കിൽ എനിക്ക് രേഖാ ചിത്രം ചെയ്യാൻ സാധിക്കില്ലായിരുന്നു. അവരോട് എനിക്ക് വലിയ നന്ദിയുണ്ട്,' ഉണ്ണി ലാലു പറഞ്ഞു.

നിരവധി ഷോർട്ട് ഫിലിമുകളിലൂടെയും സംവിധായകൻ ജിതിൻ ഐസക് തോമസ് സംവിധാനം ചെയ്ത ഫ്രീഡം ഫൈറ്റിലെ പ്ര.തൂ.മു, രേഖ എന്നീ ചിത്രങ്ങളിലെ പ്രകടനത്തിലൂടയും ആളുകൾക്ക് പരിചിതമായ മുഖമാണ് ഉണ്ണി ലാൽ എന്ന പുതുമുഖ നടന്റെ. സിദ്ധാർത്ഥ് ഭരതൻ പ്രധാന വേഷത്തിലെത്തുന്ന പറന്ന് പറന്ന് പറന്ന് എന്ന ചിത്രത്തിൽ നായകനാകുന്നത് ഉണ്ണി ആണ്.

Content Highlights: unni lalu talks about rekhachithram movie

To advertise here,contact us