അജേഷ് പി പി എവിടെയെങ്കിലും ഉണ്ടെങ്കിൽ ഞങ്ങളുമായി ബന്ധപ്പെടുക,കിട്ടാനുള്ള സ്വർണത്തിന്റെ പൈസ കൊടുക്കും: ബേസിൽ

'ഈ നാലഞ്ചു ചെറുപ്പക്കാരിൽ ഒരു ചെറുപ്പക്കാരൻ ജോതിഷേട്ടന്‍. ഇന്ന് അദ്ദേഹം അത്ര ചെറുപ്പക്കാരനല്ല'

ബേസിൽ ജോസഫിനെ നായകനാക്കി ജോതിഷ് ശങ്കർ സംവിധാനം ചെയ്ത ചിത്രമാണ് പൊൻമാൻ. ജി ആർ ഇന്ദുഗോപന്റെ നാലഞ്ചു ചെറുപ്പക്കാർ എന്ന കഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങിയത്. ഈ കഥ സംവിധായകൻ ജോതിഷ് ശങ്കറിന്റെ ജീവിതത്തിൽ സംഭവിച്ചിട്ടുള്ളതാണ് എന്ന് പറയുകയാണ് ബേസിൽ ജോസഫ്. നാലഞ്ചു ചെറുപ്പക്കാർ എന്ന കഥയിലെ ഒരു ചെറുപ്പക്കാരൻ അദ്ദേഹമാണെന്നും ദീപക് പറമ്പോൽ അവതരിപ്പിച്ച കഥാപാത്രം നടൻ രാജേഷ് ശർമ്മയിൽ നിന്ന് പ്രചോദനം കൊണ്ടതാണ് എന്നും ബേസിൽ വ്യക്തമാക്കി.

എന്നാൽ സിനിമയിലെ പ്രധാന കഥാപാത്രത്തിന് ആസ്പദമായ വ്യക്തിയെ തങ്ങളാരും കണ്ടിട്ടില്ലെന്നും ആ വ്യക്തി തങ്ങളെ സമീപിച്ചാൽ അദ്ദേഹത്തിന് കിട്ടാനുള്ള സ്വർണ്ണത്തിന് തുല്യമായ പണം നൽകുമെന്നും ബേസിൽ അറിയിച്ചു. സിനിമയുടെ പ്രമോഷന്റെ ഭാഗമായുള്ള പ്രസ് മീറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഇതൊരു യഥാർത്ഥ സംഭവമാണ്. വർഷങ്ങൾക്ക് മുമ്പ് ഈ സിനിമയുടെ സംവിധായകൻ ജോതിഷ് ശങ്കറിന്റെ ജീവിതത്തിൽ സംഭവിച്ചിട്ടുള്ളതാണ് ഇത്. നാലഞ്ചു ചെറുപ്പക്കാർ എന്നാണ് നോവലിന്റെ പേര്. ഈ നാലഞ്ചു ചെറുപ്പക്കാരിൽ ഒരു ചെറുപ്പക്കാരൻ ജോതിഷേട്ടന്‍. ഇന്ന് അദ്ദേഹം അത്ര ചെറുപ്പക്കാരനല്ല. ഈ സിനിമയിലെ മറുത എന്ന കഥാപാത്രമാണ് ജോതിഷേട്ടനിൽ നിന്ന് പ്രചോദനം കൊണ്ടത്. ഇതിൽ ദീപക് ചെയ്ത കഥാപാത്രം നടൻ രാജേഷ് ശർമ്മയിൽ നിന്ന് പ്രചോദനം കൊണ്ടതാണ്. അദ്ദേഹമാകട്ടെ ഈ സിനിമയിൽ ഒരു പള്ളിയിലച്ചന്റെ വേഷം ചെയ്യുന്നുണ്ട്,' എന്ന് ബേസിൽ ജോസഫ് പറഞ്ഞു.

Also Read:

Entertainment News
പ്രാവിൻകൂട് ഷാപ്പിൽ ഇപ്പോഴും നല്ല തിരക്കാണ്; സൗബിൻ-ബേസിൽ ചിത്രം തിയേറ്ററുകളിൽ മൂന്നാം വാരത്തിലേക്ക്

'ഈ സിനിമയിലെ പ്രധാന കഥാപാത്രം ചെയ്യുന്ന ആളെ നമ്മളാരും പിന്നീട് നേരിൽ കണ്ടിട്ടില്ല. ഈ പറയുന്ന നാലഞ്ചു ചെറുപ്പക്കാരും കണ്ടിട്ടില്ല, ആരും കണ്ടിട്ടില്ല. ഇത് കേൾക്കുന്ന അജേഷ് പി പി ലോകത്ത് എവിടെയെങ്കിലും ഉണ്ടെങ്കിൽ ഞങ്ങളുമായി ബന്ധപ്പെടുക. ഞങ്ങൾക്ക് എല്ലാവർക്കും യഥാർത്ഥ അജേഷിനെ കാണാൻ താല്പര്യമുണ്ട്. ഞങ്ങളുടെ അടുത്ത് വന്നാൽ അജേഷിന് കിട്ടാനുള്ള സ്വർണ്ണത്തിനുള്ള അത്രയും പൈസ കൊടുക്കുന്നതായിരിക്കും,' എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlights: Basil Joseph talks about Ponman movie

To advertise here,contact us