‘ഞാൻ വില്ലനായി അഭിനയിക്കണോ എന്ന് ചോദിച്ചു’; വടക്കൻ വീരഗാഥയിലേക്ക് വിളിച്ച കഥയോർത്ത് മമ്മൂട്ടി

'ഉണ്ണിയാര്‍ച്ചയുടെ കഥ സിനിമയാകുന്നു എന്ന് പറഞ്ഞാണ് എന്നെ വിളിക്കുന്നത്. ചന്തുവായി നിങ്ങള്‍ അഭിനയിക്കണമെന്ന് പറഞ്ഞു'

മലയാളത്തിലെ എക്കാലത്തെയും മികച്ച ക്ലാസിക് ചിത്രങ്ങളിൽ ഒന്നാണ് മമ്മൂട്ടി നായകനായി അഭിനയിച്ച 1989 ൽ റിലീസ് ചെയ്ത ഒരു വടക്കൻ വീരഗാഥ. ഇപ്പോൾ ഇതാ, റിലീസ് ചെയ്ത് 35 വർഷങ്ങൾക്ക് ശേഷം ചിത്രം വീണ്ടും പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുകയാണ്. ഈ വേളയിൽ ഒരു വടക്കന്‍ വീരഗാഥയിലേക്ക് എത്തിയതിനെ കുറിച്ച് പറയുകയാണ് മമ്മൂട്ടി.

ഉണ്ണിയാർച്ചയുടെ കഥ സിനിമയാക്കുന്നു എന്നും പറഞ്ഞാണ് തന്നെ വിളിച്ചത്. വടക്കൻ പാട്ടുകളിലെ ചന്തുവിന്റെ വേഷമാണ് ചെയ്യേണ്ടത് എന്ന് അറിഞ്ഞപ്പോൾ വില്ലനായി അഭിനയിക്കണോ എന്ന് താൻ ചോദിച്ചു. എം ടി വാസുദേവൻ നായരുടെ തിരക്കഥയിൽ ഹരിഹരനാണ് സിനിമ സംവിധാനം ചെയ്യുന്നത് എന്ന് കേട്ടപ്പോൾ താൻ സമ്മതം മൂളിയെന്ന് മമ്മൂട്ടി പറഞ്ഞു. ഒരു വടക്കന്‍ വീരഗാഥയുടെ റീ റിലീസിന്റെ ഭാഗമായി മമ്മൂട്ടി കമ്പനിയുടെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഉണ്ണിയാര്‍ച്ചയുടെ കഥ സിനിമയാകുന്നു എന്ന് പറഞ്ഞാണ് എന്നെ വിളിക്കുന്നത്. ചന്തുവായി നിങ്ങള്‍ അഭിനയിക്കണമെന്ന് പറഞ്ഞു. ഞാന്‍ അപ്പോള്‍ ചോദിച്ചത് ‘ചന്തുവായി, വില്ലനായി ഞാന്‍ അഭിനയിക്കണോ’ എന്നായിരുന്നു. നിങ്ങൾ കഥയൊന്ന് കേട്ടു നോക്കൂവെന്നായിരുന്നു എനിക്ക് കിട്ടിയ മറുപടി. എം ടി ആണ് തിരക്കഥ എഴുതുന്നതെന്നും ഹരിഹരന്‍ സാറാണ് ഡയറക്ഷനെന്നും പറഞ്ഞു. അങ്ങനെയുള്ളപ്പോള്‍ പിന്നെ ഒന്നും നോക്കേണ്ടല്ലോ. ഞാന്‍ ആയിക്കോട്ടേയെന്ന് പറഞ്ഞു. അങ്ങനെയാണ് ഒരു വടക്കന്‍ വീരഗാഥ സംഭവിക്കുന്നത്,’ മമ്മൂട്ടി പറഞ്ഞു.

Also Read:

Entertainment News
മഹേഷ് ബാബുവിന്റെ നായികയാവാനല്ല റെക്കോർഡ് പ്രതിഫലം; പ്രിയങ്ക ചോപ്ര നെഗറ്റീവ് വേഷത്തിൽ?

ഫെബ്രുവരി ഏഴിനാണ് വടക്കൻ വീരഗാഥ റീ റിലീസ് ചെയ്യുന്നത്. വടക്കൻ പാട്ടുകളെ ആസ്പദമാക്കി എംടിയുടെ തിരക്കഥയിൽ ഹരിഹരൻ സംവിധാനം ചെയ്ത ചിത്രത്തിൽ ചന്തുവായിട്ടായിരുന്നു മമ്മൂട്ടി അഭിനയിച്ചത്. മാധവിയായിരുന്നു ചിത്രത്തിൽ ഉണ്ണിയാർച്ചയായി എത്തിയത്. മമ്മൂട്ടിക്ക് പുറമെ ബാലൻ കെ. നായർ, സുരേഷ് ഗോപി, മാധവി, ഗീത, ക്യാപ്റ്റൻ രാജു എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തിലെ അഭിനയത്തിന് മമ്മൂട്ടിക്ക് ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു.

Content Highlights: Mammootty talks about Oru Vadakkan Veeragadha movie

To advertise here,contact us