മലയാള സിനിമയിൽ ഫാസ്റ്റ് നമ്പറുകൾക്ക് പേരുകേട്ട ഗായകനാണ് എം ജി ശ്രീകുമാർ. മോഹൻലാലിന് വേണ്ടി എം ജി ശ്രീകുമാർ പാടിയിട്ടുള്ള പാട്ടുകൾ എല്ലാം തന്നെ സൂപ്പർ ഹിറ്റുകളാണ്. ഈ കോംബോ വീണ്ടും 'തുടരും' എന്ന ചിത്രത്തിലൂടെ ഒന്നിക്കാൻ പോകുകയാണ്. മോഹൻലാലിന് വേണ്ടി ചിത്രത്തിൽ രണ്ടു പാട്ടുകൾ ഒരുക്കിയിട്ടുണ്ടെന്ന് എം ജി ശ്രീകുമാർ. നരൻ സിനിമയിൽ മോഹൻലാലിന് വേണ്ടി എം ജി ശ്രീകുമാർ പാടിയ വേൽമുരുകൻ പോലൊരു പാട്ട് തുടരും ചിത്രത്തിൽ ഉണ്ടെന്നും എം ജി ശ്രീകുമാർ പറഞ്ഞു.
'പുതിയത് അടിപൊളിയായൊരു പാട്ടുണ്ട്. തുടരും എന്ന ചിത്രത്തിലാണ്. അതിൽ 'കൺമണി പൂവേ കണ്ണാടി പൂവേ' എന്നൊരു പാട്ടും വേൽമുരുകൻ ടൈപ്പിൽ ഒരു പാട്ടും. അതൊരു പ്രമോ സോങ് ആണ്. മോഹൻലാലും ശോഭനയും അഭിനയിക്കുന്ന ആ പാട്ടിന്റെ ചിത്രീകരണം അടുത്താഴ്ച നടക്കും. പ്രമോ സോങ് ആണെങ്കിൽ പോലും അവർ അത് ചെയ്യുന്നുണ്ട്. പഴയ കോംബോ 100 ശതമാനം പ്രേക്ഷകർക്ക് കാണാൻ പറ്റും,' എം ജി ശ്രീകുമാർ പറഞ്ഞു.
M.G.Sreekumar about #Thudarum songs and the promo song shoot of #Mohanlal & #Shobana planned for next week ✌#JakesBejoy#TharunMoorthy pic.twitter.com/kX6yUC0BfC
തരുണ് മൂര്ത്തി സംവിധാനത്തിൽ മോഹൻലാലും ശോഭനയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് തുടരും. ഒരു ഫാമിലി ഡ്രാമ സ്വഭാവത്തിൽ ഒരുങ്ങുന്ന സിനിമയിൽ ഒരു സാധാരണ ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. മോഹന്ലാലും ശോഭനയും 20 വര്ഷങ്ങള്ക്ക് ശേഷമാണ് ഒരു ചിത്രത്തില് ഒന്നിക്കുന്നത്. 2004 ല് ജോഷി സംവിധാനം ചെയ്ത 'മാമ്പഴക്കാല'ത്തിലാണ് ഇരുവരും അവസാനമായി ജോഡികളായത്. 2009 ല് റിലീസ് ചെയ്ത സാഗര് ഏലിയാസ് ജാക്കി എന്ന ചിത്രത്തില് ഇരുവരും ഒരുമിച്ചഭിനയിച്ചിരുന്നു.
'ഓപ്പറേഷന് ജാവ', 'സൗദി വെള്ളക്ക' എന്നീ രണ്ട് പ്രേക്ഷക ശ്രദ്ധ നേടിയ സിനിമകള്ക്ക് ശേഷം തരുണ് മൂര്ത്തി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. രജപുത്ര വിഷ്വല് മീഡിയയുടെ ബാനറില് എം രഞ്ജിത്ത് ആണ് ചിത്രം നിര്മിക്കുന്നത്. ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് തരുണ് മൂര്ത്തിയും കെ ആര് സുനിലും ചേര്ന്നാണ്. ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്വഹിക്കുന്നത് ഷാജികുമാര് ആണ്. സൗണ്ട് ഡിസൈന് വിഷ്ണു ഗോവിന്ദ്.
Content Highlights: Thudarum film has songs by MG Sreekumar for Mohanlal