'ഹൃദയപൂർവ്വം ഇന്ന് ആദ്യ ചുവടുവയ്പ്പ് നടത്തുന്നു'; ചിത്രങ്ങളുമായി മോഹൻലാൽ

പൂജ ചടങ്ങിന്റെ ചിത്രങ്ങൾ മോഹൻലാൽ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുയാണ്

മലയാളികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന കൂട്ടുകെട്ടുകളിൽ ഒന്നാണ് മോഹൻലാൽ-സത്യൻ അന്തിക്കാട് എന്നത്. ഇരുവരും വർഷങ്ങൾക്കിപ്പുറം ഒന്നിക്കുന്ന ഹൃദയപൂർവ്വം എന്ന സിനിമയുടെ ചിത്രീകരണം ഇന്ന് ആരംഭിച്ചിരിക്കുകയാണ്. സിനിമയുടെ പൂജ ചടങ്ങിന്റെ ചിത്രങ്ങൾ മോഹൻലാൽ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുയാണ്. 'തുടങ്ങുകയാണ്! ഹൃദയപൂർവ്വം ഇന്ന് ആദ്യ ചുവടുവയ്പ്പ് നടത്തുന്നു,' എന്നാണ് മോഹൻലാൽ കുറിച്ചത്.

കഴിഞ്ഞ ദിവസം ഹൃദയപൂർവ്വത്തിനായി മോഹൻലാൽ ഗെറ്റപ്പ് ചേഞ്ച് നടത്തിയത് ഏറെ ശ്രദ്ധ നേടിയിരുന്നു. ഏറെ നാളുകളായി താടി വളര്‍ത്തിയ ഗെറ്റപ്പിലായിരുന്നു മോഹൻലാൽ സിനിമകളിൽ പ്രത്യക്ഷപ്പെട്ടിരുന്നത്. എന്നാൽ പുതിയ ചിത്രത്തിനായി താടി ട്രിം ചെയ്താണ് നടൻ പ്രത്യക്ഷപ്പെട്ടത്.

2015 ല്‍ പുറത്തെത്തിയ 'എന്നും എപ്പോഴും' എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാലും സത്യന്‍ അന്തിക്കാടും ഒരുമിക്കുന്ന ചിത്രമാണ് ഹൃദയപൂര്‍വ്വം. മോഹൻലാലും സത്യൻ അന്തിക്കാടും ഒന്നിക്കുന്ന ഇരുപതാമത്തെ ചിത്രമാണ് ഹൃദയപൂർവ്വം. തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളിൽ തിരക്കേറിയ താരമായ മാളവിക മോഹനനാണ് സിനിമയിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

Also Read:

Entertainment News
'ചുട്ടമല്ലേ…' തെലുങ്കിൽ പാടി എഡ് ഷീരൻ; സംഗീതത്തിന് അതിരുകൾ ഇല്ലെന്ന് ജൂനിയർ എൻടിആർ

സത്യൻ അന്തിക്കാടിന്റെ മക്കളായ അഖിൽ സത്യനും അനൂപ് സത്യനും ഈ ചിത്രത്തിൽ അദ്ദേഹത്തിനൊപ്പം പ്രവർത്തിക്കുന്നു എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് അഖിൽ സത്യനാണ്. അനൂപ് സത്യൻ സിനിമയിൽ അസോസിയേറ്റ് ആയി പ്രവർത്തിക്കുന്നുണ്ട്. എമ്പുരാന് ശേഷം ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രം കൂടിയാണ് ഹൃദയപൂർവ്വം.

Content Highlights: Mohanlal shares the pics of hridayapoorvam pooja ceremony

To advertise here,contact us