ബോളിവുഡിന് ഇത് കഷ്ടകാലം; ബോക്സ് ഓഫീസിൽ കൂപ്പുകുത്തി റീമേക്ക് സിനിമകൾ, നഷ്ടം കോടികൾ

2025 ൽ ഇതുവരെ രണ്ടു റീമേക്ക് സിനിമകളാണ് ബോളിവുഡിൽ പുറത്തിറങ്ങിയത്. ഷാഹിദ് കപൂർ നായകനായ ദേവയും, ജുനൈദ് ഖാൻ നായകനായ ലവ്‌യാപയും

റീമേക്കുകളിൽ വീണ്ടും അടിതെറ്റിയിരിക്കുകയാണ് ബോളിവുഡ്. കോവിഡിന് ശേഷം അത്ര നല്ല വർഷമല്ല ബോളിവുഡിന് പ്രത്യേകിച്ചും റീമേക്കുകളുടെയും ബയോപിക്കുകളുടെയും കാര്യത്തിൽ. സൂപ്പർഹിറ്റ് തമിഴ്, തെലുങ്ക് ചിത്രങ്ങളുടെ ഹിന്ദി പതിപ്പുമായി സൂപ്പർതാരങ്ങൾ അടക്കം എത്തുമ്പോഴും ബോക്സ് ഓഫീസിൽ അവയെല്ലാം പരാജയമായി മാറുകയാണ്. 2025 ലും അതിന് മാറ്റമില്ലാതെ തുടരുകയാണെന്ന് സൂചിപ്പിക്കുകയാണ് ബോക്സ് ഓഫീസിസ് കണക്കുകൾ.

കഴിഞ്ഞ വർഷത്തിന്റെ അവസാനം പുറത്തിറങ്ങിയ വരുൺ ധവാൻ ചിത്രമായിരുന്നു ബേബി ജോൺ. അറ്റ്ലീ സംവിധാനം ചെയ്തു വിജയ് നായകനായി എത്തിയ തെരിയുടെ റീമേക്ക് ആയി എത്തിയ സിനിമയ്ക്ക് ബോക്സ് ഓഫീസിൽ ആദ്യ മുതൽ അടിപതറി. 160 കോടി മുതൽമുടക്കിലെടുത്ത ചിത്രത്തിന് 50 കോടിയിൽ താഴെ മാത്രമാണ് കളക്ഷൻ നേടാനായത്. ഇതോടെ കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ പരാജയ സിനിമകളുടെ പട്ടികയിലേക്ക് ബേബി ജോൺ എത്തി. മോശം പ്രതികരണം നേടിയ സിനിമയിലെ തിരക്കഥയും പ്രകടനങ്ങളും ട്രോളിനിരയായി. വരുൺ ധവാന് വിജയ്‌യുടെ പ്രകടനത്തിനൊപ്പം എത്താനായില്ല എന്നതായിരുന്നു പ്രധാന വിമർശനം. ക്രിസ്മസ് ദിനമായ ഡിസംബർ 25 ന് പുറത്തിറങ്ങിയ സിനിമയ്ക്ക് ആദ്യദിനത്തിൽ 12.50 കോടി മാത്രമാണ് ലഭിച്ചത്. 2016 ൽ പുറത്തിറങ്ങിയ തെരി ആദ്യദിനത്തിൽ 13.1 കോടിയായിരുന്നു നേടിയത് എന്നതും ശ്രദ്ധേയമാണ്. തെരിയാകട്ടെ ആഗോളതലത്തിൽ 150 കോടിയിലധികം രൂപയും നേടിയിരുന്നു. കീർത്തി സുരേഷ്, വാമിക ഗബ്ബി, ജാക്കി ഷ്‌റോഫ് എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ.

Also Read:

Entertainment News
'ഒന്നല്ല ഒരായിരം നയൻതാരമാരെയാണ് നമുക്ക് വേണ്ടത്, അതിന് തുല്യമായ അവസരങ്ങൾ ലഭിക്കണം'; പാർവതി തിരുവോത്ത്

2025 ൽ ഇതുവരെ രണ്ടു റീമേക്ക് സിനിമകളാണ് ബോളിവുഡിൽ പുറത്തിറങ്ങിയത്. ഷാഹിദ് കപൂർ നായകനായ ദേവയും, ജുനൈദ് ഖാൻ നായകനായ ലവ്‌യാപയും. ഷാഹിദ് കപൂറിനെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ദേവ. പൊലീസ് ഓഫീസറായി ഷാഹിദ് എത്തുന്ന സിനിമ ഒരു ഇൻവെസ്റ്റിഗേഷൻ ആക്ഷൻ ഡ്രാമയാണ്. പൃഥ്വിരാജ് നായകനായി എത്തിയ സംവിധായകന്റെ തന്നെ ചിത്രമായ മുംബൈ പൊലീസിന്റെ റീമേക്ക് ആണ് ദേവ. സമ്മിശ്ര പ്രതികരണമാണ് ദേവയ്ക്ക് ലഭിച്ചത്. ചിത്രത്തിലെ ഷാഹിദിന്റെ പ്രകടനം ഏറെ ചർച്ച ചെയ്യപ്പെട്ടു. 80 കോടി ബഡ്ജറ്റിൽ ഒരുങ്ങിയ സിനിമയ്ക്ക് ഇതുവരെ നേടാനായത് വെറും 31.2 കോടി മാത്രമാണ്. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ആദ്യ ബോളിവുഡ് സിനിമയാണ് ദേവ. പൂജ ഹെഗ്‌ഡെയാണ് സിനിമയിൽ നായികയായി എത്തുന്നത്. സീ സ്റ്റുഡിയോസ്, റോയ് കപൂർ ഫിലിംസ് എന്നീ കമ്പനികളുടെ ബാനറിൽ സിദ്ധാർത്ഥ് റോയ് കപൂറും ഉമേഷ് കെആർ ബൻസാലും ചേർന്നാണ് സിനിമ നിർമിച്ചത്.

Also Read:

Entertainment News
അന്ന് ജിസ് ജോയ് പറഞ്ഞതും രതീഷ് ബാലകൃഷ്ണ പൊതുവാളിനെ കുറിച്ച്? ചൂടുപിടിച്ച് സോഷ്യൽ മീഡിയ

തമിഴ് സൂപ്പർഹിറ്റ് സിനിമയായ ലവ് ടുഡേയുടെ ഹിന്ദി റീമേക്ക് ആണ് ലവ്‌യാപാ. ജുനൈദ് ഖാനും ഖുഷി കപൂറുമാണ് സിനിമയിൽ പ്രധാന വേഷത്തിൽ എത്തുന്നത്. എന്നാൽ പ്രതീക്ഷിച്ചത് പോലെ സിനിമയ്ക്ക് കളക്ഷനിൽ ഉയരാനായില്ല. 5.35 കോടി മാത്രമാണ് സിനിമയ്ക്ക് നേടാനായത്. 60 കോടിയോളമാണ് സിനിമയുടെ ബജറ്റ് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ലാൽ സിംഗ് ഛദ്ദ എന്ന ആമിർ ഖാൻ സിനിമയ്ക്ക് ശേഷം അദ്വൈത് ചന്ദൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. അഷുതോഷ് റാണ, തൻവിക പർലികർ, ആദിത്യ കുൽഷ്രേഷ്ട്, നിഖിൽ മേഹ്ത എന്നിവരാണ് മറ്റ് അഭിനേതാക്കൾ.

Content Highlights: remakes films of bollywood that flopped at boxoffice

To advertise here,contact us