രാജ്യങ്ങളും ഭാഷകളും താണ്ടി മമ്മൂട്ടിയും മലയാള സിനിമയും; ലണ്ടൻ ഫിലിം സ്കൂളിൽ 'ഭ്രമയുഗം' പഠന വിഷയം

ക്ലാസ്സിൽ പങ്കെടുക്കുന്ന ഒരു വിദ്യാർത്ഥി തന്റെ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ച വീഡിയോ ആണ് ചർച്ചകൾക്ക് വഴിയൊരുക്കിയത്

മമ്മൂട്ടിയെ നായകനാക്കി രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ചിത്രമാണ് 'ഭ്രമയുഗം'. ഹൊറർ ത്രില്ലർ ചിത്രമായി പുറത്തിറങ്ങിയ 'ഭ്രമയുഗം' വലിയ വിജയമാണ് ബോക്സ് ഓഫീസിൽ നിന്നും നേടിയത്. മികച്ച പ്രതികരണം നേടിയ ചിത്രം ആഗോള ബോക്സ് ഓഫീസിൽ നിന്നും 50 കോടിയാണ് സ്വന്തമാക്കിയത്. ചിത്രത്തിലെ മമ്മൂട്ടിയുടെ പ്രകടനം ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു. ഇപ്പോഴിതാ മലയാള സിനിമയ്ക്ക് അഭിമാനിക്കാവുന്ന ഒരു നേട്ടം കൂടി ഭ്രമയുഗം സ്വന്തമാക്കിയിരിക്കുകയാണ്.

Also Read:

Entertainment News
ഇങ്ങനെ വേണം റീമേക്ക് ചെയ്യാൻ, നാഷണൽ അവാർഡ് ഉറപ്പ്; കൈയ്യടി നേടി 'ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ' ഹിന്ദി പതിപ്പ്

ലണ്ടനിലെ പ്രശസ്തമായ യൂണിവേഴ്സിറ്റി ഫോർ ദി ക്രിയേറ്റിവ് ആർട്സ് ഫിലിം സ്കൂളിൽ സൗണ്ട് ഡിസൈനിനെപ്പറ്റിയുള്ള ക്ലാസ്സിൽ ഭ്രമയുഗത്തിലെ സീനിനെ ഉദാഹരണമാക്കി അധ്യാപകൻ ക്ലാസ് എടുക്കുന്ന വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ക്ലാസ്സിൽ പങ്കെടുക്കുന്ന ഒരു വിദ്യാർത്ഥി തന്റെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ച വീഡിയോ ആണ് ചർച്ചകൾക്ക് വഴിയൊരുക്കിയത്. രാജ്യങ്ങളും ഭാഷകളും താണ്ടി ഭ്രമയുഗം സഞ്ചരിച്ചുവെന്നും ഇത് മലയാളികൾക്കും മലയാള സിനിമയ്ക്കും അഭിമാനിക്കാവുന്ന നേട്ടമാണെന്നുമാണ് പലരും സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്.

#Mammootty starrer #Bramayugam is shown as a study material in a film school in London, UKMOLLYWOOD HERITAGE ❤️🙏🏻 pic.twitter.com/7jiL5MQPl9

മമ്മൂട്ടിക്കൊപ്പം സിദ്ധാർത്ഥ് ഭരതൻ, അമൽഡ ലിസ്, മണികണ്ഠൻ തുടങ്ങിയവരാണ് ഭ്രമയുഗത്തിലെ മറ്റ് താരങ്ങൾ. 'ഭൂതകാല'ത്തിന് ശേഷം രാഹുൽ സദാശിവൻ ഒരുക്കിയ ചിത്രമാണ് ഭ്രമയുഗം. ചിത്രമിപ്പോൾ സോണി ലൈവിലൂടെ ലഭ്യമാണ്. ബ്ലാക്ക് ആൻഡ് വൈറ്റിൽ ഒരുങ്ങിയ ചിത്രം നിർമിച്ചിരിക്കുന്നത് നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്റെയും വൈ നോട്ട് സ്റുഡിയോസിന്റെയും ബാനറിൽ ചക്രവർത്തി രാമചന്ദ്ര, എസ് ശശികാന്ത് എന്നിവരാണ്. ആദ്യ ദിനം 3.1 കോടി രൂപയാണ് ചിത്രം കേരള ബോക്സ് ഓഫീസിൽ നിന്ന് നേടിയത്. ചിത്രത്തിലെ മമ്മൂട്ടിയുടെ മാന്ത്രികനായ കൊടുമൺ പോറ്റി എന്ന കഥാപാത്രത്തിനും അർജുൻ അശോകന്റെയും സിദ്ധാർഥ് ഭരതന്റെയും പ്രകടനങ്ങൾക്കും വലിയ കൈയ്യടിയാണ് ലഭിച്ചത്. ചിത്രത്തിന് സംഭാഷണങ്ങൾ ഒരുക്കിയത് ടി ഡി രാമകൃഷ്ണനാണ്.

Content Highlights: Bramayugam is shown as a study material in a film school in London

To advertise here,contact us