ബാഹുബലി, കെജിഎഫ് പോലെയുള്ള സിനിമകൾ മലയാളത്തിൽ വരണം, എന്തുകൊണ്ടാണ് അത് സംഭവിക്കാത്തത്?; ഉണ്ണി മുകുന്ദൻ

വലിയ സിനിമകളുടെ ഐഡിയ ആലോചിക്കുന്നതിനിടയിൽ ഇതിൽ ആർട്ടിസ്റ്റിക്ക് ബ്രില്ല്യൻസ് കുറവാണല്ലോ എന്ന് കരുതി അത് ഉപേക്ഷിക്കുന്ന സ്ഥിതി ഞാൻ കണ്ടിട്ടുണ്ട്

ബാഹുബലി, കെജിഎഫ് പോലെയുള്ള സിനിമകൾ കേരളത്തിൽ നിന്ന് പ്രതീക്ഷിക്കുന്നുണ്ടെന്ന് നടൻ ഉണ്ണി മുകുന്ദൻ. മികച്ച അഭിനേതാക്കളും ടെക്‌നീഷ്യൻസും ഉള്ളപ്പോൾ എന്താണ് പിന്നോട്ട് വലിക്കുന്നത് എന്നാണ് ആലോചിക്കേണ്ടത്. അത് തന്നെയായിരുന്നു തന്റെ ആശങ്ക. മാർക്കോ മലയാളത്തിൽ നിന്നാണോ എന്ന് ആളുകൾ ആശ്ചര്യപ്പെടുന്നതായിരുന്നു തന്നെ ഞെട്ടിച്ച കാര്യമെന്നും മലയാളത്തിൽ നിന്ന് ഇനിയും ഇത്തരം സിനിമകൾ ഉണ്ടാകണമെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു. ഗലാട്ട പ്ലസ്സിന് നൽകിയ അഭിമുഖത്തിലാണ് നടന്റെ പ്രതികരണം.

'മലയാള സിനിമകളെ കുറിച്ചുള്ള മറ്റുള്ളവരുടെ പ്രതീക്ഷകളാണ് അതിനെ ലിമിറ്റ് ചെയ്യുന്നതെന്ന് എനിക്ക് തോന്നുന്നു. വലിയ സിനിമകളുടെ ഐഡിയ ആലോചിക്കുന്നതിനിടയിൽ ഇതിൽ ആർട്ടിസ്റ്റിക്ക് ബ്രില്ല്യൻസ് കുറവാണല്ലോ എന്ന് കരുതി അത് ഉപേക്ഷിക്കുന്ന സ്ഥിതി ഞാൻ കണ്ടിട്ടുണ്ട്. അതുകൊണ്ടാണ് മലയാള സിനിമയിൽ നിന്ന് വലിയ സിനിമകൾ സംഭവിക്കാത്തത്. വലിയ ബഡ്‌ജറ്റ്‌ എങ്ങനെയെന്ന് ഉപയോഗിക്കേണ്ടത് ആളുകൾ മറന്നിരിക്കുന്നു. ഇരുപതോ മുപ്പതോ കോടി രൂപ ഒരു സിനിമയ്ക്കായി ചെലവഴിക്കാൻ ഒരാൾ തയ്യാറായാലും അതെങ്ങനെ ഉപയോഗിക്കണം എന്നറിയാത്ത ടെക്‌നീഷ്യൻസിനെ ഞാൻ കണ്ടിട്ടുണ്ട്. അത് സങ്കടകരമായ കാര്യമാണ്.

Also Read:

Entertainment News
നെറ്റ്ഫ്‌ളിക്‌സിൽ തരംഗമായി ദുൽഖർ, ആര്‍ ആര്‍ ആറിന് ശേഷം ഏറ്റവുമധികം ആളുകൾ കണ്ട ഇന്ത്യൻ ചിത്രം ലക്കി ഭാസ്‌കര്‍

മലയാളത്തിൽ നിന്ന് വലിയ സിനിമകൾ സംഭവിക്കണം എന്നാണ് എന്റെ ആഗ്രഹം. കേരളത്തിൽ നിന്ന് ബാഹുബലി, കെജിഎഫ് പോലെയുള്ള സിനിമകൾ വരണമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. പൃഥ്വിരാജ് പല അഭിമുഖങ്ങളിലും ഇതേ കാര്യം പറഞ്ഞു. എന്തുകൊണ്ടാണ് അത് സംഭവിക്കാത്തത് എന്നാണ് എന്റെ ചോദ്യം. മാർക്കോ മലയാളത്തിൽ നിന്നാണോ എന്ന് ആളുകൾ ആശ്ചര്യപ്പെടുന്നതായിരുന്നു എന്നെ ഞെട്ടിച്ച കാര്യം. എന്തുകൊണ്ടാണ് അവർ ഇത്രയും അതിശയിക്കുന്നത്? എന്തുകൊണ്ട് അത് സംഭവിച്ചു കൂടാ. മലയാളം സിനിമയ്ക്കുള്ള പ്രശസ്തിക്ക് കോട്ടം വരാതെ തന്നെ എന്റെ രീതിയിലുള്ള സിനിമകൾ ചെയ്യാനാണ് പ്ലാൻ ചെയ്തത്,' ഉണ്ണി മുകുന്ദൻ പറഞ്ഞു.

Also Read:

Entertainment News
നക്സലൈറ്റിന്റെ മകൾ എങ്ങനെ സന്യാസിയായി എന്ന് ചിലർ ചോദിക്കും, എന്റെ വീട്ടിൽ ഇതൊന്നും ഒരു പ്രശ്നമല്ല: നിഖില വിമൽ

ഹനീഫ് അദേനി സംവിധാനം ചെയ്ത ആക്ഷൻ സിനിമയായ മാർക്കോ ആണ് ഉണ്ണി മുകുന്ദൻ നായകനായി ഒടുവിൽ തിയേറ്ററിൽ എത്തിയ സിനിമ. മലയാളത്തിലെ ഏറ്റവും വയലന്റ് സിനിമയായി പുറത്തിറങ്ങിയ ചിത്രം ബോക്സ് ഓഫീസിൽ നിന്ന് 100 കോടിക്ക് മുകളിലാണ് നേടിയത്. ക്യൂബ്സ് എന്റർടെയ്ൻമെന്റ്‌സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് ആണ് സിനിമ നിർമിച്ചത്. ചിത്രം ഫെബ്രുവരി 14ന് സോണി ലിവ് പ്ലാറ്റ്ഫോമിലൂടെ സ്ട്രീം ചെയ്യും. സോണി ലിവ് തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. ചിത്രം ഡിസംബർ 20നാണ് കേരളത്തിൽ റിലീസിനെത്തിയത്. അനിമൽ, കിൽ തുടങ്ങിയ ചിത്രങ്ങൾക്ക് സമാനമായി എ സർട്ടിഫിക്കറ്റ് ആണ് സെൻസർ ബോർഡ് നൽകിയിരുന്നത്. ഒരു എ സർട്ടിഫിക്കറ്റ് ചിത്രമായിട്ടുകൂടി വലിയ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചത്. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലാണ് ചിത്രം ആഗോള റിലീസിനെത്തിയത്. ഉണ്ണി മുകുന്ദന്‍റെ കരിയറിലെ ഏറ്റവും വലിയ സിനിമയ്ക്ക് ആവേശകരമായ പ്രതികരണമാണ് എല്ലാ ഭാഷകളിലും ലഭിച്ചത്. ഏപ്രിലിൽ ചിത്രം കൊറിയൻ റിലീസിനായി ഒരുങ്ങുകയുമാണ്.

Content Highlights: I want films like Baahubali and KGF to happen in malayalam says Unni Mukundan

To advertise here,contact us