'ഉണ്ണിയെ വെച്ച് ആരേലും സിനിമ ചെയ്യുമോ എന്ന് വരെ ചോദിച്ചവരുണ്ട്'; കുറിപ്പുമായി നിർമാതാവ്

'ഉണ്ണിയുടെ സിനിമയ്ക്ക് ഇത്ര ബജറ്റോ? ഉണ്ണിയുടെ രാഷ്ട്രീയം ശരിയല്ല, അത് സിനിമയെ സാരമായി ബാധിക്കും എന്നിങ്ങനെ എന്റെ സിനിമ സുഹൃത്തുക്കളിൽ നിന്നും നേരിട്ട കുറെയേറെ ചോദ്യങ്ങളുണ്ട്'

നടൻ ഉണ്ണി മുകുന്ദനെക്കുറിച്ച് ‘ഗെറ്റ് സെറ്റ് ബേബി’യുടെ കോ പ്രൊഡ്യൂസർ സാം ജോർജ് ഏബ്രഹാം പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടുന്നു. ചിത്രത്തിന്റെ പ്രാരംഭ ഘട്ടത്തിൽ 'ഉണ്ണി മുകുന്ദനെ നായകനാക്കി ആരെങ്കിലും സിനിമ ചെയ്യുമോ' എന്ന ചോദ്യങ്ങൾ നിരവധിപ്പേർ ചോദ്യം ഉന്നയിച്ചു. ഉണ്ണിയുടെ രാഷ്ട്രീയം ശരിയല്ല എന്ന് പറഞ്ഞവരുമുണ്ട്. എന്നാൽ ഷൂട്ടിങ്ങിനിടയിൽ പലതവണ കാര്യങ്ങൾ കൈവിട്ടുപോയ സന്ദർഭങ്ങളിൽ എല്ലാവരെയും ചേർത്തുപിടിക്കുന്ന ഒരു നല്ല സുഹൃത്തായി നിലകൊണ്ട വ്യക്തിയാണ് ഉണ്ണിെയന്ന് സാം സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.

സാം ജോർജിന്റെ വാക്കുകൾ:

'ഉണ്ണി മുകുന്ദനുമായി, ഗെറ്റ് സെറ്റ് ബേബിയുടെ കോ- പ്രൊഡ്യൂസർ ആയി കഴിഞ്ഞ 15 മാസത്തെ യാത്ര. ഫെബ്രുവരി 21ന് എന്റെ ആദ്യ സിനിമ സംരംഭമായ ഗെറ്റ് സെറ്റ് ബേബി റിലീസിന് ഒരുങ്ങുന്നു. സിനിമയുടെ പ്രാരംഭനടപടികൾ തുടങ്ങിയ സമയത്തുതന്നെ എന്റെ സിനിമ സുഹൃത്തുക്കളിൽ നിന്നും ഞാൻ നേരിട്ട കുറെയേറെ ചോദ്യങ്ങളുണ്ട്. എന്ത് കൊണ്ട് ഉണ്ണി മുകുന്ദനെ നായകനാക്കി സിനിമ ചെയുന്നു ? ഉണ്ണിയെ വെച്ച് ആരേലും സിനിമ ചെയ്യുമോ? ഉണ്ണിയുടെ സിനിമയ്ക്ക് ഇത്ര ബജറ്റോ?

ഉണ്ണിയുടെ രാഷ്ട്രീയം ശരിയല്ല, അത് സിനിമയെ സാരമായി ബാധിക്കും. ഉണ്ണി ഒരു കാര്യത്തിലും വിട്ടുവീഴ്ച്ച ചെയ്യില്ല. ഒന്നിനെയും പിന്തുണയ്ക്കുകയും ഇല്ല. ഉണ്ണിക്ക് പെട്ടെന്ന് മൂഡ്‌സ്വിങ്സ് വരും, അത് സിനിമയെ വല്ലാതെ ബാധിക്കും. അവസാനം നിങ്ങൾ ആത്മഹത്യ ചെയ്യേണ്ടി വരും. ഒരു തുടക്കക്കാരൻ എന്ന നിലയിൽ കുറെയേറെ ഉത്തരമില്ലാത്ത ചോദ്യങ്ങളും ആശങ്കകളുമായാണ് ഈ പ്രൊജക്ടിലേക്കു കടന്നത്. കഴിഞ്ഞ 15 മാസത്തെ എന്റെ ഈ സിനിമയിൽ ഉള്ള യാത്രയിൽ എനിക്ക് ഉണ്ണി മുകുന്ദനെ കുറിച്ച് തോന്നിയ കാര്യങ്ങൾ മുകളിലുള്ള ചോദ്യങ്ങൾക്കു ഉത്തരം ആകും എന്ന് ഞാൻ കരുതുന്നു.

ഉണ്ണി മുകുന്ദൻ ഒരു ‘Gem of a person’ ആണ്. ആ ഉറച്ച മസിലികളും വലിയ ബോഡിയുടെ പിന്നിൽ വളരെ സിംപിൾ, ഹംബിൾ, ക്യൂട്ട്, എല്ലാവർക്കും പ്രിയപ്പെട്ട, അടുത്ത വീട്ടിലെ നമ്മുടെ ഒരു സ്വന്തം പയ്യൻ എന്നൊരു വ്യക്തിത്വം ഉണ്ട്. അത് ഉണ്ണിയുടെ കൂടെ കുറച്ചു ദിവസങ്ങൾ ചെലവഴിച്ചാൽ അത് മനസിലാകും. ഉണ്ണിയുടെ ഏറ്റവും വലിയ ഗുണം ഒപ്പം നിൽക്കുന്നവരെ ചേർത്തുപിടിക്കുന്നതാണ്. ഈ ഇൻഡസ്ട്രിയിൽ കാണാൻ കഴിയാത്തതും അതുതന്നെയാണ്. ശരിക്കും ഡൗൺ ടു ഏർത്ത്.

ഷൂട്ടിങ്ങിനിടയിൽ പലതവണ കാര്യങ്ങൾ കൈവിട്ടുപോയ സന്ദർഭങ്ങളിൽ ഒരു താരജാഡയില്ലാതെ വന്നു എല്ലാവരെയും ചേർത്തു പിടിക്കുന്ന ഒരു നല്ല സുഹൃത്ത്, ഒരു നല്ല മനുഷ്യനെ ആണ് ഞാൻ കണ്ടത്. ആ ചേർത്തുപിടിക്കലിൽ മനസ്സിലെ ആശങ്കകൾ ഒഴിഞ്ഞ് എന്തും നേരിടാനുള്ള പോസിറ്റീവ് എനർജി ലഭിക്കും. ഇതാണ് ഉണ്ണിയുടെ ഏറ്റവും വലിയ ഗുണവും, ഇത് തീർച്ചയായിട്ടും ഉണ്ണിയുടെ മാതാപിതാക്കൾ ഉണ്ണിയെ വളർത്തിയ രീതിയുടെ ഗുണമാണ്. ശരിക്കും അതിശയം തോന്നുന്നു. ഇങ്ങനെയുള്ള ഒരാൾക്ക് എന്താണ് ഇത്രമാത്രം എതിരാളികൾ?. എന്തിനാണ് ഉണ്ണിയോട് ഇത്രമാത്രം ബോധപൂർവമായ ശത്രുത എന്നെനിക്ക് അറിയില്ല.

Also Read:

Entertainment News
'തുപ്പാക്കി' ഉയർത്തി ശിവകാർത്തികേയൻ; ഒപ്പം ബിജു മേനോനും, മുരുഗദോസിന്റെ 'മദ്രാസി' വരുന്നു

എങ്കിലും ഈ അവസരത്തിൽ ഉണ്ണീടെ തന്നെ ബ്ലോക്ക് ബസ്റ്റർ ചലച്ചിത്രമായ ‘മാർക്കോയിലെ’ ഒരു ഡയലോഗ് അറിയാതെ ഓർത്തു പോകുന്നു. ‘‘ഞാൻ വന്നപ്പോൾ മുതൽ എല്ലാ ചെന്നായ്ക്കാളും എന്നെ കൂട്ടം കൂടി അടിക്കാൻ നോക്കാ….ഇനി ഇവിടെ ഞാൻ മതി’’. മനസ്സ് തട്ടിയാണ് ഉണ്ണി ഈ ഡയലോഗ് പറഞ്ഞത് എന്നാണ് എന്റെ വിശ്വാസം. ഉണ്ണി മുകുന്ദനുമായി ഒരിക്കലും വർക്ക് ചെയ്യില്ല എന്ന് പറഞ്ഞവർ മാർക്കോയെയും ഉണ്ണിയെയും ഇന്ന് സോഷ്യൽ മീഡിയയിൽ വാഴ്ത്തി പാടുന്നത് ഞാൻ കാണുന്നു. ഇത് കാലത്തിന്റെ കണക്ക്. ഉണ്ണിയുടെ കഠിനാധ്വാനം.

ഈ പ്രോജക്ടിൽ ഉണ്ണി തന്ന സപ്പോർട്ടിനും സ്നേഹത്തിനും ഒരായിരം നന്ദി. ഉണ്ണിയുടെ മുന്നോട്ടുള്ള കരിയറിനു ആശംസകൾ നേരുന്നു. ഇനിയും ഒരുപാട് ദൂരം മുന്നോട്ടു പോകട്ടെ. ഇന്ത്യൻ സിനിമയിൽ ഉണ്ണിക്കു അർഹമായ ഒരു സ്ഥാനം ലഭിക്കട്ടെ. ഗെറ്റ് സെറ്റ് ബേബിയിൽ ഉണ്ണി പറയുന്ന ഒരു ഡയലോഗ് ഉണ്ട്. ‘‘നമ്മൾ സിൻസിയർ ആയി വർക്ക് ചെയ്താൽ ദൈവം നമ്മുടെ കൂടെ ഉണ്ടാവു’’, അതാണ് ഉണ്ണിയെ മലയാള സിനിമയിൽ ഇന്ന് ഈ നിലയിൽ എത്തിച്ചതും . ഒരുപാട് ഒരുപാട് സ്നേഹത്തോടെ. ദൈവം അനുഗ്രഹിക്കട്ടെ സഹോദരാ.’’

Content Highlights: Get Set Baby Co Producer shares post about Unni Mukundan

To advertise here,contact us