പ്രേം നസീറിന്റെ നെഗറ്റീവ് റോൾ ചിത്രം പരാജയമായി, ഇന്ന് മോഹൻലാലിനെ പോലും നെഗറ്റീവ് റോളിൽ സ്വീകരിക്കും; ജഗദീഷ്

"സ്ത്രീലമ്പടനായ, നായകന്റെയും നായികയുടെയും മരണത്തിന് വരെ കാരണക്കാരനാകുന്ന കഥാപാത്രമായിരുന്നു പ്രേം നസീറിന്‍റേത്"

പ്രേക്ഷകരിലുണ്ടായ മാറ്റം എങ്ങനെയാണ് അഭിനേതാക്കളുടെ തിരഞ്ഞെടുപ്പുകളെ സ്വാധീനിക്കുന്നത് എന്നതിനെ കുറിച്ച് വിശദീകരിച്ച് നടൻ ജഗദീഷ്. കുഞ്ചാക്കോ ബോബനും തനിക്കുമെല്ലാം വ്യത്യസ്തമായ റോളുകൾ തിരഞ്ഞെടുക്കാനുള്ള കരുത്ത് നൽകിയത് പ്രേക്ഷകരാണെന്ന് ജഗദീഷ് പറഞ്ഞു. ഓഫീസർ ഓൺ ഡ്യൂട്ടി എന്ന പുതിയ ചിത്രത്തിന്റെ ഭാഗമായി റിപ്പോർട്ടർ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടൻ.

പണ്ട് ഇമേജിൽ നിന്നും തികച്ചും വ്യത്യസ്തമായ വേഷങ്ങൾ തിരഞ്ഞെടുക്കാൻ ഒരിക്കലും അഭിനേതാക്കൾക്ക് കഴിഞ്ഞിരുന്നില്ലെന്ന് ജഗദീഷ് പറഞ്ഞു. പ്രേം നസീർ നെഗറ്റീവ് വേഷത്തിലെത്തിയ 'അഴകുള്ള സെലീന' എന്ന ചിത്രത്തെ ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു ജഗദീഷ് ഇക്കാര്യം പറഞ്ഞത്. എന്നാൽ ഇന്ന് കാര്യങ്ങൾ ഏറെ മാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read:

Entertainment News
തിയേറ്ററുകളിൽ വീണു; വിടാമുയര്‍ച്ചി നേരത്തെ ഒടിടിയിലേക്ക്?

'സേതുമാധവൻ സാർ സംവിധാനം ചെയ്ത അഴകുള്ള സെലീന എന്ന ചിത്രത്തിൽ സേതുമാധവൻ സാർ പക്കാ നെഗറ്റീവ് റോളിലായിരുന്നു വന്നത്. സ്ത്രീലമ്പടനായ, നായകന്റെയും നായികയുടെയും മരണത്തിന് വരെ കാരണക്കാരനാകുന്ന കഥാപാത്രം. അദ്ദേഹത്തിന്റെ അതുവരെയുള്ള ഇമേജിൽ നിന്നെല്ലാം മാറിനിന്ന ചിത്രമായിരുന്നു അത്.

സാമ്പത്തികമായി ആ സിനിമ പരാജയപ്പെട്ടു. അത് നസീർ സാറിന്റെ അഭിനയം മോശമായതുകൊണ്ടായിരുന്നില്ല. സേതുമാധവൻ സാർ തന്നെ പറഞ്ഞിട്ടുണ്ട്, പ്രേം നസീർ സാറിനെ അത്തരം വേഷത്തിൽ ജനം സ്വീകരിച്ചില്ല എന്ന്. പക്ഷെ ഇന്ന് കാര്യങ്ങൾ മാറി. മോഹൻലാലിനെ പോലെ ഒരു നായകൻ പക്കാ നെഗറ്റീവ് വേഷത്തിൽ വന്നാലും ആരും ഒന്നും പറയില്ല,

പെർഫോമൻസ് മാത്രമേ നോക്കൂ. മമ്മൂക്കയുടെ കാര്യത്തിലും അങ്ങനെയാണ്,' ജഗദീഷ് പറഞ്ഞു.

അതേസമയം, ഫെബ്രുവരി 20ന് തിയേറ്ററുകളിലെത്തിയ ഓഫീസർ ഓൺ ഡ്യൂട്ടി മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ സി ഐ ഹരിശങ്കറായി കുഞ്ചാക്കോ ബോബൻ ഗംഭീരപ്രകടനമാണ് നടത്തിയിരിക്കുന്നതാണ് പ്രേക്ഷകർ പറയുന്നത്. ജോസഫ്, നായാട്ട്, ഇലവീഴാപൂഞ്ചിറ എന്നീ സിനിമകൾക്ക് ശേഷം ഷാഹി കബീർ രചന നിർവഹിച്ചിരിക്കുന്ന ചിത്രം ജിത്തു അഷറഫാണ് സംവിധാനം ചെയ്തിരിക്കുന്നത്.

Content Highlights: Jagadish about image breaking roles of actors, drawing examples of Prem Nazir, Mohanlal and Mammootty

To advertise here,contact us