മഴ പെയ്താൽ വരെ സിനിമയുടെ കളക്ഷനെ ബാധിക്കും, ഞാനും സിനിമകളുടെ നിര്‍മാണ പങ്കാളിയായിട്ടുണ്ട്: കുഞ്ചാക്കോ ബോബൻ

'സ്കൂളിൽ പരീക്ഷാ സമയമാണെങ്കിലും വിചാരിച്ചത്ര കളക്ഷൻ കിട്ടിയെന്ന് വരില്ല. അതിനെ മറികടക്കാനുള്ള സാഹചര്യങ്ങള്‍ കണ്ടെത്തുകയുമാണ് വേണ്ടത്'

ഒരു മഴ പെയ്താൽ പോലും സിനിമയുടെ കളക്ഷനെ ബാധിക്കാറുണ്ടെന്നും അതിനെ മറികടക്കാനുള്ള സാഹചര്യങ്ങള്‍ കണ്ടെത്തുകയാണ് വേണ്ടതെന്നും കുഞ്ചാക്കോ ബോബൻ. നല്ല സിനിമകളാണെങ്കില്‍ അവ തിയേറ്ററില്‍ വിജയിക്കാറുണ്ടെന്നും അതിന്റെ ഗുണം എല്ലാവര്‍ക്കും കിട്ടുമെന്നും നടൻ പറഞ്ഞു. കുഞ്ചാക്കോ ബോബന്റെ ഏറ്റവും പുതിയ ചിത്രം ഓഫീസർ ഓപ്പൺ ഡ്യൂട്ടി സിനിമയുടെ പ്രമോഷൻ ഭാഗമായി നടന്ന വാർത്താ സമ്മേളനത്തിലാണ് പ്രതികരണം.

‘നല്ല സിനിമകള്‍ ഓടുന്ന സമയത്ത് നിർമാതാക്കൾക്ക് ലാഭം കിട്ടുന്നുണ്ടെന്നു തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്. ഞാനും പല സിനിമകളുടേയും നിര്‍മാണ പങ്കാളിയായി പ്രവര്‍ത്തിക്കുന്നു ആളാണ്, അക്കാര്യത്തിൽ പൂർണ തൃപ്തിയുമുണ്ട്. സിനിമയുടെ കാര്യമാണ് എല്ലാം പ്ലാൻ ചെയ്ത പോലെ സംഭവിക്കണമെന്നുമില്ല. പല കാരണങ്ങൾ കൊണ്ട് അതിന്റെ അവസാന ഫലം മാറ്റി മറിക്കപ്പെടാം. നമ്മളെല്ലാവരും പരമാവധി കഷ്ടപ്പെട്ടാണ് ഒരു സിനിമയുമായി വരുന്നത്. പക്ഷേ സിനിമ പല ഘടകങ്ങളാൽ ബന്ധിക്കപ്പെട്ടാണ് കിടക്കുന്നത്.

Also Read:

Entertainment News
അയ്യങ്കാളിയാകുന്നത് മമ്മൂട്ടി അല്ല, സിജു വിൽസൺ; 'കതിരവൻ' ചിത്രീകരണം ഉടൻ ആരംഭിക്കുന്നു

ഒരു മഴപോലും സിനിമയുടെ കളക്ഷനെ ബാധിക്കാറുണ്ട്. സ്കൂളിൽ പരീക്ഷാ സമയമാണെങ്കിലും വിചാരിച്ചത്ര കളക്ഷൻ കിട്ടിയെന്നു വരില്ല. അതിനെ മറികടക്കാനുള്ള സാഹചര്യങ്ങള്‍ കണ്ടെത്തുകയുമാണ് വേണ്ടത്. അത് മാര്‍ക്കറ്റിങ്ങിലൂടെയോ അല്ലെങ്കില്‍ മറ്റേതെങ്കിലും തരത്തിലോ ആകും. എന്നിരുന്നാലും നല്ല ക്വാളിറ്റി സിനിമകൾ നൽകിയാൽ തീർച്ചയായും പ്രേക്ഷകർ സ്വീകരിക്കും. അനാവശ്യമായുള്ള വിവാദങ്ങൾ ഊതിപ്പെരുപ്പിക്കാതെ കാര്യഗൗരവമായി സിനിമയെ സമീപിക്കുക. ഓരോ വ്യക്തികള്‍ക്കും ഓരോ അഭിപ്രായങ്ങളും സംഘടനാപരമായി ഓരോ അഭിപ്രായങ്ങളും ഉണ്ടാകും. ഇപ്പോഴത്തെ വിവാദങ്ങള്‍ കെട്ടടക്കാനായി ‘ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി’ ഓടിച്ച് കാണിച്ചാല്‍ മതിയാകും.’’ കുഞ്ചാക്കോ ബോബന്റെ വാക്കുകൾ.

കുഞ്ചാക്കോ ബോബൻ, പ്രിയാമണി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രമാണ് ഓഫീസർ ഓൺ ഡ്യൂട്ടി. ഒരു ക്രൈം ഇൻവെസ്റ്റിഗേഷൻ ഴോണറിൽ ഒരുങ്ങിയ സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ജീത്തു അഷ്റഫ് ആണ് സിനിമ സംവിധാനം ചെയ്യുന്നത്. ജോസഫ്, നായാട്ട് എന്നീ ചിത്രങ്ങളുടെ തിരക്കഥ ഒരുക്കിയ ഷാഹി കബീറാണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്. നായാട്ട്, ഇരട്ട എന്നീ ചിത്രങ്ങളിൽ അഭിനേതാവായും ഇരട്ട എന്ന ചിത്രത്തിന്റെ കോ-ഡയറക്ടറായും ശ്രദ്ധ നേടിയ ജീത്തു അഷ്‌റഫ്‌ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഓഫീസർ ഓൺ ഡ്യൂട്ടി.

Content Highlights: Kunchacko Boban says good films succeed in theatres

To advertise here,contact us