എമ്പുരാനെ വാടാ..,മോഹൻലാൽ സിനിമയോട് ക്ലാഷിനൊരുങ്ങി ചിയാൻ; 'വീര ധീര സൂരൻ' മാർച്ച് അവസാനമെത്തും

'ചിത്താ' എന്ന സൂപ്പർഹിറ്റ് സിനിമക്ക് ശേഷം എസ് യു അരുൺകുമാർ സംവിധാനം ചെയ്യുന്ന സിനിമയാണിത്

ചിയാൻ വിക്രമിനെ നായകനാക്കി എസ് യു അരുൺകുമാർ സംവിധാനം ചെയ്യുന്ന ആക്ഷൻ ചിത്രമാണ് വീര ധീര സൂരൻ. വിക്രമിന്റെ കഴിഞ്ഞ ഏതാനും റിലീസുകൾക്ക് തിയേറ്ററുകളിൽ വലിയ വിജയം നേടാനായിട്ടില്ല. വലിയ പ്രതീക്ഷയോടെ എത്തിയ പാ രഞ്ജിത്ത് ചിത്രം തങ്കലാന്‍ പ്രശംസകള്‍ നേടിയെങ്കിലും സാമ്പത്തികമായി നിരാശയാണ് സമ്മാനിച്ചത്. അതുകൊണ്ട് തന്നെ വലിയ പ്രതീക്ഷകളോടെയാണ് വിക്രം ആരാധകർ ഈ സിനിമക്കായി കാത്തിരിക്കുന്നത്. ചിത്രം മാർച്ച് 27 ന് പുറത്തിറങ്ങുമെന്നായിരുന്നു ആദ്യം പ്രഖ്യാപിച്ചത്. എന്നാൽ പിന്നീട് ചിത്രം മാറ്റിവെച്ചെന്നുള്ള റിപ്പോർട്ടുകൾ വന്നിരുന്നു.

One of this Year’s Most Expected film #VeeraDheeraSooranMAR 27💥 pic.twitter.com/oYZCKwLY5F

ഇപ്പോഴിതാ ചിത്രം മാർച്ച് 27 ന് തന്നെ ചിത്രം പുറത്തിറങ്ങുമെന്നാണ് ട്രേഡ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നത്. ചിത്രം ഒരേ സമയം തമിഴിലും തെലുങ്കിലും പുറത്തിറങ്ങും. 'ചിത്താ' എന്ന സൂപ്പർഹിറ്റ് സിനിമക്ക് ശേഷം എസ് യു അരുൺകുമാർ സംവിധാനം ചെയ്യുന്ന സിനിമയാണിത്. സിനിമയുടെ ടീസർ നേരത്തെ പുറത്തുവന്നിരുന്നു. ഒരു നാടൻ ആക്ഷൻ ത്രില്ലറാകും വീര ധീര സൂരൻ എന്ന ഉറപ്പ് നൽകുന്നതാണ് ടീസർ. ചിയാനൊപ്പം എസ് ജെ സൂര്യ, സുരാജ് വെഞ്ഞാറമൂട് എന്നിവരുടെയും കിടിലൻ പെർഫോമൻസുകൾ ടീസർ ഉറപ്പ് നൽകുന്നുണ്ട്.

#VeeraDheeraSooran March 27th Tamil & Telugu Theatrical Release 💥 pic.twitter.com/9bF5Dz51Gd

രണ്ട് ഭാഗങ്ങളായി പുറത്തിറങ്ങുന്ന സിനിമയുടെ പാർട്ട് 2 ആണ് ഇപ്പോൾ പുറത്തിറങ്ങുന്നത്. 'മല്ലിക കടൈ' എന്നാണ് ഈ രണ്ടാമത്തെ ചാപ്റ്ററിന്റെ പേര്. തെന്നിന്ത്യയിലെ പ്രശസ്ത ഛായാഗ്രാഹകൻ തേനി ഈശ്വറായിരിക്കും സിനിമയ്ക്കായി ക്യാമറ ചലിപ്പിക്കുക. പേരൻപ്, കർണ്ണൻ, മാമന്നൻ തുടങ്ങിയ തമിഴ് ചിത്രങ്ങളുടെയും പുഴു, നൻപകൽ നേരത്ത് മയക്കം, ഓസ്ലർ തുടങ്ങിയ മലയാള സിനിമകളുടെയും ഛായാഗ്രഹണം നിർവഹിച്ചത് തേനി ഈശ്വറായിരുന്നു. ദുഷാര വിജയനാണ് സിനിമയിൽ നായികാ വേഷത്തിലെത്തുന്നത്. ജി വി പ്രകാശ് കുമാർ ആണ് സിനിമയ്ക്ക് സംഗീതം ഒരുക്കുന്നത്. എച്ച് ആർ പിക്ചേഴ്ചിന്റെ ബാനറിൽ റിയ ഷിബു ആണ് നിർമ്മാണം.

Content Highlights: Vikram film veera dheera sooran to clash with Empuraan

To advertise here,contact us