'എന്നെ ഇനി ലേഡ് സൂപ്പര്‍സ്റ്റാര്‍ എന്ന് വിളിക്കേണ്ട'; ഔദ്യോഗിക പ്രസ്താവനയുമായി നയന്‍താര

'എന്നെ നയന്‍താര എന്ന് മാത്രം വിളിച്ചാല്‍ മതിയെന്ന് എളിമയോടെ അപേക്ഷിക്കുന്നു'

പേരിനൊപ്പം ലേഡി സൂപ്പർ സ്റ്റാർ എന്ന ചേര്‍ത്തുവിളിക്കുന്നത് ഒഴിവാക്കണമെന്ന് നടി നയൻ‌താര. ആരാധകർ നൽകിയ വലിയ കീരീടം പോലെയാണ് ലേഡി സൂപ്പർ സ്റ്റാർ എന്ന പേര്,

അതിൽ നന്ദിയുണ്ട്. എന്നാൽ നയൻ‌താര എന്ന പേര് ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്നതാണ് എന്നും നയൻ‌താര പറഞ്ഞു. സ്​ഥാനങ്ങള്‍ വിലമതിക്കാനാവാത്തതാണെന്നും എന്നാല്‍ ചില സമയത്ത് അത് പ്രേക്ഷകരില്‍ നിന്നും വേര്‍തിരിവുണ്ടാക്കുന്നതാണെന്നും പുറത്തുവിട്ട പ്രസ്​താവനയില്‍ നയന്‍താര കൂട്ടിച്ചേർത്തു.

'നിങ്ങളെല്ലാം സ്നേഹത്തോടെ എന്നെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന് വിളിച്ചു. എനിക്ക് ഇത്രയും വലിയ ഒരു കിരീടം നല്‍കിയതിന് എല്ലാവരോടും കടപ്പെട്ടിരിക്കുന്നു. എന്നാല്‍ എന്നെ നയന്‍താര എന്ന് മാത്രം വിളിച്ചാല്‍ മതിയെന്ന് എളിമയോടെ അപേക്ഷിക്കുന്നു. കാരണം ഈ പേരാണ് എന്‍റെ ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്നത്. ഞാന്‍ ആരാണ് എന്നത് ആ പേര് പ്രതിനിധീകരിക്കുന്നുണ്ട്, നടി എന്ന നിലയ്​ക്ക് മാത്രമല്ല, ഒരു വ്യക്തി എന്ന നിലയ്​ക്കും.

സ്ഥാനങ്ങളും അഭിനന്ദനങ്ങളും വിലമതിക്കാനാവാത്തതാണ്. എന്നാല്‍ ഇതിനൊപ്പം ചിലപ്പോള്‍ നമ്മെ ജോലിയില്‍ നിന്നും പ്രേക്ഷകരുമായി പങ്കുവക്കുന്ന ബന്ധത്തില്‍ നിന്നും വേര്‍തിരിക്കാനുമാവും. എല്ലാ പരിമിതികള്‍ക്കുമപ്പുറം നമ്മെ ബന്ധപ്പെടുത്തി നിര്‍ത്തുന്ന സ്നേഹത്തിന്‍റെ ഭാഷയുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. സിനിമയാണ് നമ്മെ ഒന്നാക്കി നിര്‍ത്തുന്നത്,' നയന്‍താര കൂട്ടിച്ചേര്‍ത്തു.

Also Read:

Entertainment News
അനശ്വര നിസ്സഹകരണം കാണിച്ചിട്ടില്ല, ദീപുവിന്റെ പരാമർശം സിനിമയ്ക്ക് ഗുണം ചെയ്യില്ല; സംവിധായകനെ തള്ളി നിർമാതാവ്

നേരത്തെ കമൽ ഹാസനും അജിത് കുമാറും ഉലകനായകനെന്നും തലയെന്നും തങ്ങളെ അഭിസംബോധന ചെയ്യരുതെന്ന് ആരാധകരോട് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. താരങ്ങളും ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പ്രസ്താവന പങ്കുവെച്ചാണ് ആരാധകരെ ഇക്കാര്യം അറിയിച്ചത്.

Content Highlights: Actress Nayanthara wants to avoid being called a lady superstar

To advertise here,contact us