'ഇഡ്‌ലി കടൈ' തുറക്കാൻ സമയമെടുക്കും? ധനുഷ് ചിത്രത്തിന്റെ റിലീസ് വീണ്ടും നീട്ടിയതായി റിപ്പോർട്ട്

ധനുഷ് സംവിധാനം ചെയ്യുന്ന ഇഡ്‌ലി കടൈയിൽ അരുൺ വിജയ്‌യും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്

ധനുഷ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഇഡ്‌ലി കടൈയുടെ റിലീസ് വീണ്ടും നീട്ടിയതായി റിപ്പോർട്ട്. ഏപ്രിൽ 10 ന് റിലീസ് പ്രഖ്യാപിച്ചിരിക്കുന്ന സിനിമയുടെ റിലീസ് നീട്ടിയതായാണ് പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നത്. ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലാകും ചിത്രം റിലീസ് ചെയ്യുക എന്നാണ് വിവരം. സിനിമയിലെ ചില ഭാഗങ്ങളുടെ ചിത്രീകരണം പൂർത്തിയാകാത്തത് കാരണമാണ് റിലീസ് നീട്ടിയതെന്നാണ് സൂചന.

ഇതിന് മുന്നേയും ഇഡ്‌ലി കടൈയുടെ റിലീസ് നീട്ടിയിരുന്നു. ഫെബ്രുവരി ആറിന് റിലീസ് പ്രഖ്യാപിച്ച സിനിമ അജിത്തിന്റെ വിടാമുയർച്ചിയുമായുള്ള ബോക്സ് ഓഫീസ് ക്ലാഷ് ഒഴിവാക്കാനായാണ് ഏപ്രിലിലേക്ക് മാറ്റിയത് എന്ന് തമിഴ് മാധ്യമങ്ങൾ അന്ന് റിപ്പോർട്ട് ചെയ്തിരുന്നു.

ധനുഷ് സംവിധാനം ചെയ്യുന്ന ഇഡ്‌ലി കടൈയിൽ അരുൺ വിജയ്‌യും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ചിത്രത്തിലെ നടന്റെ ക്യാരക്റ്റർ പോസ്റ്റർ ഈ അടുത്ത് അണിയറപ്രവർത്തകർ പുറത്തുവിട്ടു. ഒരു ബോക്സിങ് പശ്ചാത്തലത്തിലാണ് അരുൺ വിജയ്‌യുടെ കഥാപാത്രമുള്ളതെന്നാണ് പോസ്റ്റർ നൽകുന്ന സൂചന. പോസ്റ്ററിൽ ഒപ്പം ധനുഷിനെയും കാണാനാകും. തിരുച്ചിത്രമ്പലത്തിന് ശേഷം ധനുഷും നിത്യ മേനനും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ധനുഷിന്റെ കരിയറിലെ 52 -ാം ചിത്രവും നാലാമത്തെ സംവിധാന സംരംഭവുമാണ് ഇഡ്‌ലി കടൈ.

Also Read:

Entertainment News
ഇനി 'പാൻ ഇന്ത്യൻ' തീ പാറും; പ്രശാന്ത് നീൽ-ആൻടിആർ പടത്തിൽ ടൊവിനോ ജോയിൻ ചെയ്തു

പാ പാണ്ടി, രായന്‍, നിലാവ്ക്ക് എന്‍ മേല്‍ എന്നടി കോപം എന്നീ ചിത്രങ്ങളാണ് നേരത്തെ ധനുഷ് സംവിധാനം ചെയ്തത്. ഇതില്‍ 'നിലാവ്ക്ക് എന്‍ മേല്‍ എന്നടി കോപം' എന്ന ചിത്രം കഴിഞ്ഞ മാസം തിയേറ്ററുകളിൽ റിലീസ് ചെയ്തിരുന്നു. സിനിമയ്ക്ക് സമ്മിശ്ര പ്രതികരണം മാത്രമാണ് നേടാനായത്. ജി വി പ്രകാശ് കുമാറാണ് സിനിമയ്ക്ക് സംഗീതം നൽകിയിരിക്കുന്നത്. പവിഷ്, അനിഖ സുരേന്ദ്രൻ, പ്രിയ പ്രകാശ് വാര്യർ, മാത്യു തോമസ്, വെങ്കിടേഷ് മേനോൻ, രമ്യാ രംഗനാഥൻ തുടങ്ങിയവരാണ് സിനിമയിൽ പ്രധാന വേഷത്തിൽ എത്തുന്നത്. വണ്ടർബാർ ഫിലിംസിന്റെ ബാനറിൽ ധനുഷ് തന്നെയാണ് ചിത്രം നിർമിക്കുന്നത്.

Content Highlights: Dhanush directed Idly Kadai likely to be rescheduled for release

To advertise here,contact us