അന്ന് മോഹന്‍ലാല്‍ ചിത്രത്തില്‍ അവസരം ചോദിച്ചപ്പോഴുണ്ടായ അനുഭവം വേദനിപ്പിച്ചിരുന്നു: സുജിത്ത് വാസുദേവ്

"അത് അന്നത്തെ എന്‍റെ അറിവില്ലായ്മയുടെ പ്രശ്നമായിരുന്നു എന്നും നിർമ്മാതാവിന്റെ ഭാഗത്തു തെറ്റില്ലെന്നും പിന്നീട് മനസിലായി"

മലയാളി പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന സിനിമയാണ് പൃഥ്വിരാജ് സംവിധാനം ചെയ്തു മോഹൻലാൽ നായകനായി എത്തുന്ന എമ്പുരാൻ. വർഷങ്ങൾക്ക് മുൻപ് ഒരു മോഹൻലാൽ ചിത്രത്തിൽ വർക്ക് ചെയ്യണമെന്ന ആഗ്രഹം നിരാകരിക്കപ്പെട്ട അനുഭവം പങ്കുവെയ്ക്കുകയാണ് ഛായാഗ്രാഹകനായ സുജിത്ത് വാസുദേവ്. എമ്പുരാൻ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

'മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന ചിത്രമായിരുന്നു അത്. ചിത്രം നിർമ്മിച്ച തിരുവനന്തപുരംകാരനെ സീരിയലുകളിൽ വർക്ക് ചെയ്യുന്ന സമയം എനിക്ക് പരിചയമുണ്ടായിരുന്നു. 2007 ലോ 2006 ആയിരുന്നു സംഭവം. അദ്ദേഹത്തെ ഞാൻ വിളിച്ച് , ‘ഞാൻ അസോസിയേറ്റ് ആയി വർക്ക് ചെയ്യുന്നുണ്ട്, ഒരു നല്ല ചിത്രം ചെയ്യാൻ താല്പര്യമുണ്ട്, ഇതൊരു നല്ല ചിത്രമാകുമെന്നും ഉറപ്പുണ്ട്, എനിക്കിതിൽ വർക്ക് ചെയ്യാൻ താല്പര്യമുണ്ട് ചേട്ടാ’ എന്ന് ഞാൻ പറഞ്ഞു. എന്നാൽ അദ്ദേഹം പറഞ്ഞത്, ഇതൊരു വലിയ ചിത്രമാണ്, നിങ്ങൾ ചെറിയ ചെറിയ ചിത്രങ്ങൾ ചെയ്ത് തുടങ്ങൂ, എന്നായിരുന്നു.

Also Read:

Entertainment News
'എന്നെ ഇനി ലേഡ് സൂപ്പര്‍സ്റ്റാര്‍ എന്ന് വിളിക്കേണ്ട'; ഔദ്യോഗിക പ്രസ്താവനയുമായി നയന്‍താര

അന്ന് വിഷമം തോന്നിയിരുന്നു. പക്ഷെ അത് അന്നത്തെ എന്‍റെ അറിവില്ലായ്മയുടെ പ്രശ്നമായിരുന്നു എന്നും നിർമ്മാതാവിന്റെ ഭാഗത്തു തെറ്റില്ലെന്നും പിന്നീട് മനസിലായി. സിനിമ ചെയ്തിട്ടില്ലാത്ത ഒരാൾക്ക് അത്ര വലിയ പടം നൽകാൻ സാധിക്കില്ല,' സുജിത്ത് വാസുദേവ് പറഞ്ഞു. സിനിമയുടെ പേരെടുത്ത് പറയാതെയായിരുന്നു അദ്ദേഹം അനുഭവം പങ്കുവെച്ചത്.

മലായാളത്തിൽ ഹിറ്റായ ലൂസിഫർ, എമ്പുരാൻ, ദൃശ്യം 1,2, അനാർക്കലി, മെമ്മറീസ്, അമർ അക്ബർ അന്തോണി തുടങ്ങിയ നിരവധി ചിത്രങ്ങളുടെ ഛായാഗ്രഹണവും ജെയിംസ് ആൻഡ് ആലീസ്, ഓട്ടർഷ എന്നീ ചിത്രങ്ങളുടെ സംവിധാനവും നിർവഹിച്ചത് സുജിത്ത് വാസുദേവ് ആണ്.

2019 ൽ പുറത്തിറങ്ങിയ ലൂസിഫർ എന്ന സിനിമയുടെ തുടർച്ചയായിട്ടാണ് എമ്പുരാൻ ഒരുങ്ങുന്നത്. മാർച്ച് 27 നാണ് ചിത്രം പുറത്തിറങ്ങുന്നത്. ആദ്യ ഭാഗത്തിലെ അഭിനേതാക്കളായ മഞ്ജു വാര്യർ, ടൊവിനോ തോമസ്, സാനിയ അയ്യപ്പൻ, സായ് കുമാർ, ഇന്ദ്രജിത് സുകുമാരൻ, ബൈജു എന്നിവർക്കൊപ്പം സുരാജ് വെഞ്ഞാറമൂട്, ഷൈൻ ടോം ചാക്കോ, ഷറഫുദ്ദീൻ, അർജുൻ ദാസ് എന്നിങ്ങനെ പുതിയ താരങ്ങളും ചിത്രത്തിലുണ്ട്. ലൈക്ക പ്രൊഡക്ഷൻസും ആശിർവാദ് സിനിമാസും ചേർന്നാണ് എമ്പുരാൻ നിർമിക്കുന്നത്. ദീപക് ദേവ് ആണ് സംഗീതം. ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് അഖിലേഷ് മോഹൻ ആണ്.

Content Highlights: Sujith Vasudev talks about missing opportunity in Mohanlal film

To advertise here,contact us