സിനിമയിൽ ലഹരി ഉപയോഗിക്കുന്ന നായകൻ വരുന്നതും അതിനെ ഹീറോയിസമായി ചിത്രീകരിക്കുന്നതും തെറ്റാണ്: വിനയൻ

മൊബൈൽ ഫോണുകളിലാണ് കുട്ടികൾ സിനിമ കാണുന്നത് അപ്പോൾ ഇതിലും വയലൻസുള്ള വിദേശ സിനിമകളും എത്തുന്നുണ്ട്

സമൂഹത്തിൽ ഇന്ന് നടക്കുന്ന അക്രമങ്ങൾക്ക് കാരണം സിനിമ മാത്രമല്ലെന്ന് സംവിധായകൻ വിനയൻ. ചെറിയ കുട്ടികളിൽ പോലും ലഹരി മരുന്നിന്റെ ഉപയോഗം കൂടുതലാണെന്നും ഇത് തടയാൻ ഭരണാധികാരികളും ശ്രദ്ധ ചെലുത്തണമെന്നും അദ്ദേഹം പറഞ്ഞു. സിനിമയിൽ ലഹരി ലളിതവത്കരിക്കുന്നത് തെറ്റ് തന്നെയാണ്. ലഹരി ഉപയോഗിക്കുന്ന നായകൻ വരുന്നതും അതിനെ ഹീറോയിസമായി ചിത്രീകരിക്കുന്നതും തെറ്റാണ് എന്നാൽ ലഹരി ഒട്ടും സിനിമയിൽ കാണിക്കാതിരുന്നത് കൊണ്ട് നാട് നന്നാകും എന്ന് പറയുന്നത് മണ്ടത്തരമാണെന്നും വിനയൻ പറഞ്ഞു. റിപ്പോർട്ടർ ടി വിയോടാണ് പ്രതികരണം.

'മലയാള സിനിമ എന്നല്ല മറ്റേത് സിനിമയിലും അമിതമായ വയലൻസും അക്രമാസക്തമായ സീനുകളും കുറയ്ക്കണം എന്നാണ് എന്റെ അഭിപ്രായം. വേറൊരു പക്ഷം കൂടിയുണ്ട്, നമ്മുടെ നാട്ടിൽ ഇന്നുണ്ടായിരിക്കുന്ന ഏറ്റവും മോശമായ അവസ്ഥയ്ക്ക് കാരണം ലഹരി മരുന്നിന്റെ അമിതമായ ഉപയോഗം കൂടിയാണ്. കുട്ടികളാണ് കൂടുതലും ഉപയോഗിക്കുന്നത്. അപ്പോൾ സിനിമ മാത്രമാണ് വയലൻസിന് കാരണം എന്ന് പറയുന്നത് ഒരു തരത്തിൽ രക്ഷപെടൽ ആണ്. അതിനെക്കുറിച്ച് നമ്മൾ ചിന്തിക്കണം.

Also Read:

Entertainment News
മലയാള സിനിമയിൽ അവസരം കുറയുന്നു, തമിഴ് സിനിമ ഇല്ലെങ്കിൽ പിച്ചയെടുക്കേണ്ടി വന്നേനെ!: കുളപ്പുള്ളി ലീല

കുട്ടികൾ സിനിമ കാണുന്നത് തിയേറ്ററിലും ടിവിയിലുമല്ല. പ്രധാനമായും മൊബൈൽ ഫോണുകളിലാണ്. അപ്പോൾ ഇതിലും വയലൻസ് ഉള്ള വിദേശ സിനിമകൾ എത്തുന്നുണ്ട്. സിനിമയിലെ വയലൻസ് കുറയ്‌ക്കേണ്ടത് ചെറിയ ഘടകമാണെന്നാണ് ഞാൻ പറയുന്നത് അതിന് അപ്പുറത്തേക്ക് ശക്തമായ എൻഫോഴ്‌സ്‌മെന്റ് വേണം. അല്ലാതെ ചർച്ചകളും വർത്തമാനങ്ങളും കൊണ്ട് കാര്യം ഇല്ലെന്നാണ് എന്റെ അഭിപ്രായം. ഇന്നത്തെ കുട്ടികളിൽ ഉണ്ടാകുന്ന ഈ അക്രമ സ്വഭാവത്തിന് കാരണം അവരുടെ ഞരമ്പുകളിൽ കത്തിക്കുന്ന ലഹരി മരുന്നാണ്. വയലൻസ് കാണിക്കുന്ന സിനിമകൾ നമ്മുക് ഇല്ലാതാക്കാം, സെൻസർ ചെയ്യാം. പക്ഷെ ലഹരി മരുന്നുകളോ, നാട്ടിൽ ഇത് സുലഭമാണ്, ഇതിന്റെ ഡിമാൻഡ് കുറയ്ക്കണം. ഭരണാധികാരികൾ ശ്കതമായി ഇടപെടണം.

സിനിമയിൽ ലഹരിയെ ലളിതവത്കരിക്കുന്നത് തെറ്റ് തന്നെയാണ്. സമൂഹത്തിന്റെ പ്രതിച്ഛായ ആണല്ലോ സിനിമ. നാട്ടിൽ നടക്കുന്ന കാര്യങ്ങളാണ് സിനിമയാക്കുന്നത്. അതിൽ ഇന്ന് ലഹരിയാണ് പ്രധാനം എങ്കിൽ അത് പറയാതെ പോകുന്നത് കള്ളത്തരമാണ്. എന്നാൽ ലഹരിയുടെ കാര്യം പറയുമ്പോൾ അത് തെറ്റാണെന്നും അല്ലെങ്കിൽ ലഹരി ഉപയോഗിക്കുന്നവരെ നമ്മൾ വില്ലന്മാരായി ആണല്ലോ കാണിക്കുന്നത്. എന്നാൽ ലഹരി ഉപയോഗിക്കുന്ന നായകൻ വരുന്നതും അതിനെ ഹീറോയിസമായി ചിത്രീകരിക്കുക തുടങ്ങിയ കാര്യങ്ങൾ തീർച്ചയായും പാടില്ല. എന്നാൽ ലഹരി ഉപയോഗിക്കുന്നവരെ ഒട്ടും സിനിമയിൽ കാണിക്കാതിരുന്നാൽ നമ്മുടെ നാട് നന്നാകും എന്ന് പറയുന്നത് മണ്ടത്തരമാണ്,' വിനയൻ പറഞ്ഞു.

Content Highlights: Director Vinayan talks about the scenes of violence in Malayalam cinema

To advertise here,contact us