വിഷ്ണു ദേവിന്റെ സംവിധാനത്തിൽ 2023 ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു ലിറ്റില് മിസ് റാവുത്തര്. ചിത്രത്തിലൂടെ മികച്ച എഡിറ്റർക്കുള്ള ആ വർഷത്തെ സംസ്ഥാന അവാര്ഡ് സംഗീത് പ്രതാപ് സ്വന്തമാക്കിയിരുന്നു. ഇപ്പോഴിതാ ആ സിനിമ തങ്ങള്ക്ക് എല്ലാവര്ക്കും ഉണ്ടാക്കിയ വേദന ചെറുതല്ലെന്ന് പറയുകയാണ് സംഗീത് പ്രതാപ്. രണ്ട് വര്ഷത്തോളം എഫേര്ട്ടെടുത്ത് ചെയ്ത സിനിമയായിരുന്നു അതെന്നും എന്നാൽ അവസാനം ഒരുപാട് തട്ടികൂട്ടലുകൾ നടത്തിയാണ് സിനിമ റിലീസ് ചെയ്തതെന്നും സംഗീത് പ്രതാപ് കൂട്ടിച്ചേര്ത്തു. ക്യൂ സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
‘ലിറ്റില് മിസ് റാവുത്തര് എന്ന സിനിമ ഞങ്ങള്ക്ക് എല്ലാവര്ക്കും ഉണ്ടാക്കിയ വേദന ചെറുതല്ല. എനിക്കാണെങ്കിലും സംവിധായകനാണെങ്കിലും തിരക്കഥാകൃത്ത് ഷേര്ഷക്കാണെങ്കിലും വേദന തന്ന സിനിമയാണ് അത്. ഞങ്ങള് രണ്ട് വര്ഷത്തോളം എഫേര്ട്ടിട്ട് എടുത്ത സിനിമയായിരുന്നു ലിറ്റില് മിസ് റാവുത്തര്. സിനിമ തിയേറ്ററില് എത്തുന്ന ദിവസം പ്രേക്ഷകര് എന്തുപറയുന്നു എന്നതിലല്ലേ കാര്യം. ആ സിനിമയില് നിന്ന് റിയലൈസ് ചെയ്ത കുറേ കാര്യങ്ങളുണ്ട്. ഞങ്ങള് ആ പടം വളരെ പേഴ്സണലൈസ്ഡായിട്ടുള്ള ഒരു ഒ ടി ടി സിനിമയായിട്ടായിരുന്നു പ്ലാന് ചെയ്തത്. പക്ഷെ ഒരു പോയിന്റില് എത്തിയപ്പോള് പ്രൊഡക്ഷന്റെ സൈഡില് നിന്നും ഇതൊരു തിയേറ്റര് സിനിമയാക്കണമെന്ന പ്രഷര് വന്നു.
അപ്പോള് നമുക്ക് ചില തീരുമാനങ്ങള് എടുക്കേണ്ടി വന്നിരുന്നു. വളരെ സാധാരണമായ ഒരു സ്ലോ പേസ്ഡ് സിനിമയായിരുന്നു ലിറ്റില് മിസ് റാവുത്തര്. അതിന്റെ മേക്കിങ് സ്റ്റൈല് അങ്ങനെയുള്ളതായിരുന്നു. അവസാനം ഞങ്ങള്ക്ക് അതില് കുറേ തട്ടിക്കൂട്ടലുകള് നടത്തേണ്ടി വന്നു. കുറേ കാര്യങ്ങള് ഐ-ഫോണില് എക്സ്ട്രാ ഷൂട്ട് ചെയ്യേണ്ടി വന്നു. പിന്നെ ചിലത് യൂട്യൂബില് നിന്ന് ഡൗണ്ലോഡ് ചെയ്തു. അങ്ങനെയാണ് ആ സിനിമ ഉണ്ടാകുന്നത്. അത് ഒരു കൊമേര്ഷ്യല് ആണെന്ന് വിശ്വസിച്ച് ഇറക്കിയിട്ട് തിയേറ്ററില് അത്ര സ്വീകാര്യത കിട്ടാതെയായി,’ സംഗീത് പ്രതാപ് പറഞ്ഞു.
Content Highlights: Sangeet Pratap talks about Little Miss Ravuthar movie