'ഇനി മാർക്കോ പോലുള്ള സിനിമ ചെയ്യില്ല, കുട്ടികൾ ഒരിക്കലും ഈ ചിത്രം കാണരുതായിരുന്നു': ഷെരീഫ് മുഹമ്മദ്

'മാർക്കോയിലെ അതിക്രൂര വയലൻസ് ദൃശ്യങ്ങൾ കഥയുടെ പൂർണതക്ക് വേണ്ടിയാണ് ഉണ്ടാക്കിയത്.'

മാർക്കോ പോലെ വയലൻസ് നിറഞ്ഞ സിനിമകൾ ഇനി ചെയ്യില്ലെന്ന് സിനിമയുടെ നിർമാതാവ് ഷെരീഫ് മുഹമ്മദ്. മാർക്കോ വയലൻസിനെ പ്രോത്സാഹിപ്പിക്കണമെന്ന ഉദ്ദേശത്തോടെ ചെയ്ത സിനിമയല്ലെന്നും പ്രേക്ഷകർ സിനിമയെ സിനിമയായി കാണുമെന്ന് കരുതിയാണ് സിനിമ നിർമിച്ചതെന്നും ഷെരീഫ് മുഹമ്മദ് പറഞ്ഞു.

മാർക്കോയിലെ അതിക്രൂര വയലൻസ് ദൃശ്യങ്ങൾ കഥയുടെ പൂർണതക്ക് വേണ്ടിയാണ് ഉണ്ടാക്കിയത്. അതൊരു സിനിമാറ്റിക് അനുഭവമായി കാണാൻ ശ്രമിക്കണം. മാർക്കോയിലെ ഗർഭിണിയെ കൊല്ലുന്ന സീൻ സിനിമക്ക് ആവശ്യമുള്ളതായിരുന്നു. "ഏറ്റവും വയലൻസ് ഉള്ള സിനിമ" എന്ന പരസ്യം കൊടുത്തത് കള്ളം പറയാതിരിക്കാനാണ്. മാർക്കോ 18+ സർട്ടിഫിക്കറ്റ് ഉള്ള സിനിമയാണ്. അത് കാണാൻ കുട്ടികൾ ഒരിക്കലും തിയേറ്ററിൽ കയറരുതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇതിനൊപ്പം അടുത്ത സിനിമയായ കാട്ടാളൻ എന്ന ചിത്രത്തിലും കുറച്ചു വയലൻസ് സീനുകൾ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read:

Entertainment News
'വല്ലാതെ ന്യായീകരിക്കരുത്, അവസരവാദമെന്ന് സംശയിച്ചാൽ കുറ്റം പറയാൻ കഴിയില്ല'; ജഗദീഷിനെതിരെ എംഎ നിഷാദ്

അതേസമയം, കഴിഞ്ഞ വര്‍ഷം മലയാളത്തിൽ ഏറ്റവുമധികം കളക്ഷന്‍ നേടിയ ചിത്രങ്ങളിൽ ഒന്നാണ് ഹനീഫ് അദേനി സംവിധാനം ചെയ്ത മാര്‍ക്കോ. ചിത്രം ഡിസംബർ 20നാണ് കേരളത്തിൽ റിലീസിനെത്തിയത്. ഇന്ത്യയിലെ ഏറ്റവും വയലന്‍സ് നിറഞ്ഞ ചിത്രമെന്ന ടാഗ്‌ലൈനോടുകൂടി തിയേറ്ററിലെത്തിയ ചിത്രം 100 കോടിയോളം കളക്ട് ചെയ്തിരുന്നു. ബോളിവുഡ് ചിത്രങ്ങളായ അനിമൽ, കിൽ തുടങ്ങിയ ചിത്രങ്ങൾക്ക് സമാനമായി എ സർട്ടിഫിക്കറ്റ് ആണ് സെൻസർ ബോർഡ് നൽകിയിരുന്നത്.

എന്നാല്‍ അടുത്തിടെ സിനിമയ്ക്കെതിരെ മന്ത്രി ഗണേഷ് കുമാർ അടക്കം രംഗത്തെത്തിയിരുന്നു. ഇത്തരം സിനിമകൾക്ക് പ്രദർശനം അനുവദിച്ച സെൻസർ ബോർഡിനെയും മന്ത്രി വിമർശിച്ചിരുന്നു. ചോര തെറിപ്പിക്കുന്നതിനെ ഹരം പിടിക്കുംവിധം അവതരിപ്പിക്കുന്നത് ശരിയല്ലെന്നായിരുന്നു ഗണേഷ് കുമാറിന്‍റെ വിമര്‍ശനം. സിനിമാ മേഖലയിലെ നിരവധി താരങ്ങളും ഇതിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.

Content Highlights: The producer of Marco Cinema says that he will no longer do violence films

To advertise here,contact us