തെന്നിന്ത്യൻ നായകൻ നാനി പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രമാണ് 'ദി പാരഡൈസ്’. സിനിമയുടെ ആദ്യ ഗ്ലിംപ്സ് പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ സിനിമയിൽ നിന്ന് ആരാധകർക്ക് എന്ത് പ്രതീക്ഷിക്കാമെന്നതിനെക്കുറിച്ച് പറയുകയാണ് നാനി. ആഗോളതലത്തിൽ പ്രേക്ഷകരെ ആകർഷിക്കാൻ സാധ്യതയുള്ള ഒന്നായിരിക്കും ഈ സിനിമ എന്നാണ് നാനി പറയുന്നത്.
വളരെ റോ ആയിട്ടുള്ള ചിത്രമായിരിക്കും പാരഡൈസ്. അവകാശങ്ങൾ നിഷേധിക്കപ്പെട്ട ഒരു സമൂഹത്തിന്റെ കഥയാണ് ഈ സിനിമ പറയുന്നത്. ഇത് ഇന്ത്യയുടെ മാഡ് മാക്സ് ആയിരിക്കും എന്ന് തൻ ആത്മാർത്ഥമായി വിശ്വസിക്കുന്നു. ദി പാരഡൈസ് വന്യമായി കഥ പറയുന്ന സിനിമയായിരിക്കും ഇതെന്നും നാനി ദി വെറൈറ്റിക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
‘ദസറ’യ്ക്കു ശേഷം തെലുങ്ക് സംവിധായകൻ ശ്രീകാന്ത് ഒഡേലയും നാനിയും ഒന്നിക്കുന്ന ചിത്രമാണ് ദി പാരഡൈസ്. തെലുങ്കിന് പുറമെ തമിഴ്, കന്നഡ, ഹിന്ദി, മലയാളം, ഇംഗ്ലിഷ്, സ്പാനിഷ്, ബംഗാളി ഭാഷകളിലായാണ് ടീസർ പുറത്തിറങ്ങിയത്. ഇതിൽ മലയാളം ടീസറിലെ ഒരു രംഗം ഏറെ ചർച്ചയായിരുന്നു.
ടീസറിലെ ഒരു രംഗത്തിൽ നാനിയുടെ കൈയ്യിൽ അസഭ്യവാക്ക് പച്ചകുത്തിയിരിക്കുന്നതായി കാണിക്കുന്നുണ്ട്. ഇതാണ് ചർച്ചയ്ക്ക് വിഷമായിരിക്കുന്നത്. ഇത് തെലുങ്ക് ഡയലോഗ് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയപ്പോൾ സംഭവിച്ച പിഴവാണോ എന്ന് ചില പ്രേക്ഷകർ സംശയം ഉന്നയിക്കുന്നുണ്ട്.
എന്നാൽ വളരെ 'റോ'യായ രീതിയിലാണ് ചിത്രത്തെ കഥ പറയുന്നതെന്നും എല്ലാ ഭാഷകളിലെ ടീസറിലും സമാനമായ അർത്ഥം വരുന്ന വാക്കാണ് കാണിക്കുന്നതെന്നും ചിലർ മറുപടി നൽകിയിട്ടുമുണ്ട്. ടീസർ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി കഴിഞ്ഞു.
അനിരുദ്ധ് രവിചന്ദറാണ് സിനിമയുടെ സംഗീതം നിർവഹിക്കുന്നത്. ജെഴ്സി, ഗ്യാങ്ലീഡർ എന്നീ സിനിമകൾക്കു ശേഷം നാനിയും അനിരുദ്ധും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ശ്രീ ലക്ഷ്മി വെങ്കടേശ്വര സിനിമാസിന്റെ ബാനറിൽ നസുധാകർ ചെറുകുരിയാണ് നിർമാണം. നാനിയുടെ കരിയറിലെ ഏറ്റവും ചിലവേറിയ ചിത്രങ്ങളിലൊന്നായാണ് 'ദ് പാരഡൈസ്' ഒരുങ്ങുന്നത്. ജി.കെ. വിഷ്ണുവാണ് ഛായാഗ്രഹണം. എഡിറ്റിങ് നവീൻ നൂലി.
Content Highlights: Nani says that The Paradise will be the Mad Max of India