സമൂഹത്തില് അക്രമപരമ്പരകളും ലഹരി ഉപയോഗവും വര്ധിക്കുന്ന സാഹചര്യത്തില് സിനിമകളിലേക്കും ആ വിമര്ശനത്തിന്റെ വിരലുകള് നീളുകയാണ്. അക്രമവും ലഹരിയും സിനിമകളില് ആഘോഷിക്കപ്പെടുകയാണെന്നും അത് സമൂഹത്തെ, പ്രത്യേകിച്ച് യുവതലമുറയെ വലിയ തോതില് സ്വാധീനിക്കുന്നുവെന്നുമാണ് ചിലരുടെ അഭിപ്രായം.
തെറ്റായ ദിശയിലല്ല, പോസിറ്റീവായ മാറ്റങ്ങള്ക്കാണ് സിനിമ മിക്കപ്പോഴും വഴിവെക്കുന്നതെന്നാണ് ഇതിന് സിനിമാപ്രേമികളില് ചിലര് നല്കുന്ന മറുപടി. ഇതിന് ഉദാഹരണമായി പല ചിത്രങ്ങളും അവ തുടങ്ങിവെച്ച ട്രെന്ഡുകളുമെല്ലാം ഇവര് ചൂണ്ടികാണിക്കുന്നുണ്ട്. പല സിനിമാപേജുകളും സിനിമകളുടെ സ്വാധീനത്തെ പറ്റി ചോദിക്കുന്ന രസകരമായ പോസ്റ്റുകളുമായി എത്തിയിരുന്നു.
ഇതിനുള്ള മറുപടികളില് ആവര്ത്തിച്ചുവരുന്ന പേര് ഒരു ദുല്ഖര് ചിത്രത്തിന്റേതാണ്, നീലാകാശം പച്ചക്കടല് ചുവന്ന ഭൂമി. കേരളത്തിലെ പലരെയും യാത്ര ചെയ്യാനും, പ്രത്യേകിച്ച് റോഡ് ട്രിപ്പുകളെ സ്നേഹിക്കാനും ഈ സിനിമ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നാണ് പലരും അനുഭവങ്ങളിലൂടെ പങ്കുവെക്കുന്നത്. റോയല് എന്ഫീല്ഡ് വീണ്ടും ഒരു ട്രെന്ഡായി മാറിയത് ഈ ചിത്രത്തിലൂടെയാണെന്നും ചിലര് അഭിപ്രായപ്പെടുന്നുണ്ട്.
ഭക്ഷണത്തോട്, പ്രത്യേകിച്ച് സുലൈമാനിയോട് ഇഷ്ടം വര്ധിപ്പിച്ച സിനിമയായി പലരും എടുത്തുപറയുന്നതും ഒരു ദുല്ഖര് ചിത്രത്തേയാണ്, ഉസ്താദ് ഹോട്ടല്. മീശപ്പുലിമലയെ ട്രെന്ഡിങ്ങാക്കിയ ചാര്ലിയാണ് കമന്റുകളെ ഭരിക്കുന്ന മറ്റൊരു ചിത്രം.
ദുല്ഖറിന്റേത് മാത്രമല്ല തങ്ങളുടെ ജീവിതത്തില് പോസിറ്റീവായ മാറ്റങ്ങള്ക്ക് വഴിവെച്ച നിരവധി ചിത്രങ്ങളെ കുറിച്ച് പ്രേക്ഷകര് സമൂഹമാധ്യമങ്ങളില് കുറിക്കുന്നുണ്ട്. ബ്ലാക്ക് ആന്റ് വെെറ്റ് കാലം മുതലുള്ള മലയാളചിത്രങ്ങളും ഇന്ത്യയിലെ മറ്റ് ഭാഷകളിലെ ചിത്രങ്ങളും വിദേശസിനിമകളുമെല്ലാം ഇക്കൂട്ടത്തില് കടന്നുവരുന്നുണ്ട്.
Content Highlights: People lists Dulquer Salman's films more when asked about positive impacts of films