മോഹന്‍ലാല്‍ വലിയ സ്റ്റാറാണെന്ന് അന്ന് അറിയില്ലായിരുന്നു, അദ്ദേഹത്തെ മിണ്ടാന്‍ സമ്മതിച്ചിട്ടില്ല; ജെസ് കുക്കു

"ഞാന്‍ എന്തെങ്കിലുമൊന്ന് പറയട്ടെ എന്ന് ലാലേട്ടന്‍ പറയും. പക്ഷെ സംസാരിക്കാന്‍ തുടങ്ങുമ്പോഴേക്കും ഞാന്‍ അടുത്ത എന്തെങ്കിലും പറയും".

മോണ്‍സ്റ്ററില്‍ മോഹന്‍ലാലിനൊപ്പം അഭിനയിച്ചതിന്റെ രസകരമായ ഓര്‍മകള്‍ പങ്കുവെച്ച് ബാലതാരം ജെസ് കുക്കു. അന്ന് താന്‍ ചെറിയ കുട്ടിയായിരുന്നതിനാല്‍ മോഹന്‍ലാല്‍ വലിയ സ്റ്റാറാണെന്ന് അറിയില്ലായിരുന്നുവെന്നും അദ്ദേഹത്തെ മിണ്ടാന്‍ പോലും സമ്മതിക്കാതെ നിറുത്താതെ സംസാരിച്ചിരുന്നുവെന്നും ജെസ് പറഞ്ഞു. റിപ്പോര്‍ട്ടര്‍ലൈവിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ജെസ്.

തനിക്ക് സ്ട്രോബറി ഇഷ്ടമാണെന്ന് പറഞ്ഞപ്പോള്‍ മോഹന്‍ലാല്‍ അവ വാങ്ങിത്തന്നുവെന്നും ലൊക്കേഷനില്‍ വെച്ച് ജന്മദിനം ആഘോഷിച്ചപ്പോള്‍ അദ്ദേഹം സമ്മാനങ്ങള്‍ നല്‍കിയെന്നും ജെസ് പറഞ്ഞു.

'മോണ്‍സ്റ്ററില്‍ അഭിനയിക്കുന്ന സമയത്ത് മോഹന്‍ലാല്‍ ഇത്ര വലിയ ആളാണെന്ന് എനിക്ക് അറിയില്ലായിരുന്നു. ഞാന്‍ കുഞ്ഞാണല്ലോ. അപ്പോള്‍ ആദ്യ ദിവസം മുതലേ ഞാന്‍ ലാലേട്ടനോട് ഒരുപാട് സംസാരിച്ചു. നിറുത്താതെ മിണ്ടിക്കൊണ്ടിരിക്കും. അദ്ദേഹം ഇടയ്ക്ക് ഞാന്‍ എന്തെങ്കിലുമൊന്ന് പറയട്ടെ എന്ന് പറയും. പക്ഷെ ലാലേട്ടന്‍ സംസാരിക്കാന്‍ തുടങ്ങുമ്പോഴേക്കും ഞാന്‍ അടുത്ത എന്തെങ്കിലും സംസാരിച്ച് തുടങ്ങും.

എന്‍റെ ബര്‍ത്ത്ഡേയ്ക്ക് കുറെ സമ്മാനങ്ങള്‍ ആ സിനിമയിലെ എല്ലാവരും വാങ്ങിത്തന്നു. എനിക്ക് സ്ട്രോബറി വലിയ ഇഷ്ടമാണ്. ഒരു ദിവസം സ്ട്രോബറി ഇഷ്ടമാണോ എന്ന് ലാലേട്ടന്‍ ഇങ്ങോട്ട് ചോദിച്ചു. ഇഷ്ടമാണെന്ന് പറഞ്ഞപ്പോള്‍ ഞാനൊക്കെ വാങ്ങിത്തന്നാല്‍ കഴിക്കുമോ എന്നും ചോദിച്ചു. പിറ്റേ ദിവസം എനിക്ക് കുറെ സ്‌ട്രോബറീസുമായാണ് അദ്ദേഹം വന്നത്,' ജെസ് പറയുന്നു.

ടര്‍ബോയില്‍ മമ്മൂട്ടിക്കൊപ്പം അഭിനയിച്ച അനുഭവവും ജെസ് പങ്കുവെച്ചു. 'മമ്മൂട്ടിയും മോഹന്‍ലാലുമൊക്കെ വലിയ താരങ്ങളാണെന്ന് ആ സമയമായപ്പോഴേക്കും എനിക്ക് മനസിലായി. അതുകൊണ്ട് തന്നെ ടര്‍ബോയില്‍ മമ്മൂട്ടിയ്ക്കൊപ്പം അഭിനയിക്കാന്‍ ആദ്യം പേടിയായിരുന്നു. പക്ഷെ അദ്ദേഹം പിന്നീട് എന്നോട് സംസാരിച്ചു. എത്രാം ക്ലാസിലാണ് പഠിക്കുന്നത് എന്നെല്ലാം ചോദിച്ചു,' ജെസ് പറഞ്ഞു.

ദാവീദാണ് ജെസിന്റെ ഏറ്റവും പുതിയ ചിത്രം. ചിത്രത്തില്‍ ആന്റണി വര്‍ഗീസ് പെപ്പെയുടെയും ലിജോമോളുടെയും കഥാപാത്രങ്ങളുടെ മകളായാണ് ജെസ് അഭിനയിക്കുന്നത്. ചിത്രത്തിലെ പ്രകടനത്തിന് ജെസ് കയ്യടികള്‍ വാരിക്കൂട്ടിയിരുന്നു.

Content Highlights: Child Artist Jess Kukku shares funny experience with Mohanlal in Monster movie

To advertise here,contact us