ഷാരൂഖ് ഖാൻ ചിത്രം ജവാനിലേക്ക് വിളിച്ചു, ഒന്നും ചെയ്യാനില്ലാത്ത കഥാപാത്രമായതിനാൽ നിരസിച്ചു: നീരജ് മാധവ്

'ഷാരൂഖ് ഖാന്റെ പടത്തിൽ വെറുതെ നിൽക്കാനാണെങ്കിലും പോയ്ക്കൂടെ എന്ന് ചോ​ദിക്കുന്നവരുണ്ട്'

അറ്റ്‌ലിയുടെ സംവിധാനത്തില്‍ ഷാരൂഖ് ഖാൻ നായകനായി 2023ല്‍ പുറത്തിറങ്ങിയ ഹിന്ദി ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് ജവാന്‍. 1150 കോടിക്ക് മുകളിലായിരുന്നു ജവാന്‍ ബോക്‌സ് ഓഫീസില്‍ നിന്ന് നേടിയത്. ദീപിക പദുക്കോണ്‍, നയന്‍താര, വിജയ് സേതുപതി, പ്രിയാമണി, സന്യ മല്‍ഹോത്ര തുടങ്ങി വന്‍ താരനിരയായിരുന്നു ചിത്രത്തിൽ ഒന്നിച്ചത്. 'ജവാനി'ൽ അഭിനയിക്കാൻ തനിക്ക് ഓഫർ വന്നിരുന്നുവെന്ന് പറയുകയാണ് നടൻ നീരജ് മാധവ്.

ചെറിയ കഥാപാത്രമായിരുന്നു അതെന്നും എന്നാല്‍ തനിക്കതില്‍ ചെയ്യാന്‍ ഒന്നുമില്ലാത്തതുകൊണ്ട് ഒഴിവാക്കുകയിരുന്നുവെന്നും നീരജ് മാധവ് പറയുന്നു. ഷാരൂഖ് ഖാന്റെ സിനിമയില്‍ വെറുതെ നില്‍ക്കാനുള്ള കഥാപാത്രമാണെങ്കില്‍ പോലും പൊയ്ക്കൂടേ എന്ന് ചോദിക്കുന്നവര്‍ ഉണ്ടെന്നും എന്നാൽ ആ സമയത്ത് അന്യഭാഷാ സിനിമകള്‍ ചെയ്യാനുള്ള ആവേശവും തനിക്കില്ലായിരുന്നുവെന്നും നീരജ് പറഞ്ഞു. ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം.

'ഫാമിലി മാൻ എന്ന സീരീസിന് ശേഷം പുറത്ത് നിന്നും കൂടുതൽ ഓഫറുകൾ വന്നിരുന്നു. തെലുങ്കിൽ നിന്നും വന്ന ഓഫറുകൾ ഒന്നും ഞാൻ സ്വീകരിച്ചിരുന്നില്ല. കാരണം എനിക്ക് ആ ഭാഷ ഇതുവരെ പഠിക്കാൻ പറ്റിയിരുന്നില്ല. ​ഹിന്ദിയിലെ മുഖ്യധാ​ര സിനിമകളിൽ നിന്ന് വരെ എനിക്ക് കോളുകൾ വന്നിരുന്നു. ഷാരൂഖ് ഖാന്റെ ജവാൻ എന്ന സിനിമയിലേക്ക് എന്നെ വിളിച്ചിരുന്നു. ആ സിനിമയിലെ കഥാപാത്രം എനിക്ക് വലുതായിട്ട് ഒന്നും ചെയ്യാനില്ലാത്തതുകൊണ്ട് ഞാൻ വേണ്ടെന്ന് വെച്ചതാണ്. ചെറിയൊരു കഥാപാത്രമായിരുന്നു അത്.

ഷാരൂഖ് ഖാന്റെ പടത്തിൽ വെറുതെ നിൽക്കാനാണെങ്കിലും പോയ്ക്കൂടെ എന്ന് ചോ​ദിക്കുന്നവരുണ്ട്. ഇതൊരു അഹങ്കാരമായി കാണുന്നവരുമുണ്ടാകാം. പക്ഷേ അന്ന് അന്യഭാഷ സിനിമകളോടുള്ള എന്റെ ആവേശം കുറഞ്ഞ സമയം കൂടിയായിരുന്നു. പിന്നെ അവിടെ എപ്പോഴും നമുക്ക് ക്യാരക്ടര്‍

ആർട്ടിസ്റ്റ് ആയി മാത്രമേ നിൽക്കാൻ സാധിക്കുകയുള്ളൂ. സൗത്ത് ഇന്ത്യൻ എന്നൊരു ടാ​ഗിലാണ് നമ്മൾ നിൽക്കുന്നത്. ഒരു സൗത്ത് ഇന്ത്യന്റെ കഥയിലേ നമുക്ക് ലീഡ് ആയി അഭിനയിക്കാൻ സാധിക്കുകയുള്ളൂ,' നീരജ് മാധവ് പറഞ്ഞു.

Content highlights: Actor Neeraj Madhav says he turned down a role in Shah Rukh Khan's film.

To advertise here,contact us