മദ്യപിച്ച് കസേരയിൽ നിന്ന് വീണു,പലതും മറന്നു പോയി;മദ്യം ഉപേക്ഷിച്ചതിനെ കുറിച്ച് ഹൃത്വിക് റോഷന്റെ സഹോദരി സുനൈന

"മദ്യപാനം നിര്‍ത്താന്‍ പലവഴികള്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഒടുക്കം ക്രെഡിറ്റ് കാര്‍ഡുകള്‍ പിടിച്ചുവെച്ചു, സാമ്പത്തിക സഹായം വെട്ടിച്ചുരുക്കി"

മദ്യപാനത്തിന് അടിമയായിരുന്നുവെന്ന് പറയുകയാണ് ബോളിവുഡ് നടന്‍ ഹൃത്വിക് റോഷന്റെ സഹോദരി സുനൈന റോഷന്‍. അമിത മദ്യപാനം കാരണം താൻ കഴിഞ്ഞ ദിവസം നടന്ന കാര്യങ്ങൾ പോലും മറന്നിരുന്നുവെന്നും പലവട്ടം കുടിച്ച് വീണിട്ടും താൻ പാഠം പഠിച്ചിരുന്നില്ലെന്നും സുനൈന പറഞ്ഞു. പിന്നീട് ആല്‍ക്കഹോളിസത്തില്‍ നിന്ന് എങ്ങനെയാണ് മോചിതയായതെന്ന് വിശദീകരിക്കുകയാണ് സുനൈന. സിദ്ധാര്‍ത്ഥ് കണ്ണനുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം.

'വൈകാരികമായി ദുര്‍ബലപ്പെട്ടു പോകുന്ന അവസ്ഥയില്‍ മദ്യമായിരുന്നു എനിക്ക് താങ്ങായി ഉണ്ടായിരുന്നത്. മദ്യം ഒരു മോശം കാര്യമല്ല. പക്ഷേ, ആല്‍ക്കഹോളിസം എന്നത് മദ്യപാനത്തിന് മേല്‍ നിയന്ത്രണം വരുത്താന്‍ കഴിയാത്ത അവസ്ഥയാണ്. ഞാന്‍ മദ്യപിച്ചുകൊണ്ടേയിരുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും മോശമായ ഘട്ടമായിരുന്നു അതെന്ന് എനിക്കറിയാം. ദിവസം മുഴുവന്‍ മദ്യപിച്ചുകൊണ്ടിരിക്കുന്ന അവസ്ഥയിലെത്തി. കിടക്കയില്‍നിന്ന് വീണ് പരിക്കേറ്റിട്ടും കസേരയില്‍നിന്ന് വഴുതി വീണിട്ടുമൊന്നും പാഠം പഠിച്ചില്ല. പക്ഷേ, ദിവസവും എഴുന്നേല്‍ക്കുമ്പോള്‍ ഉത്കണ്ഠ, പരിഭ്രാന്തി എന്നിവ അനുഭവപ്പെടാന്‍ തുടങ്ങി.

അങ്ങനെ ആ ദിവസം ഒന്നും ചെയ്യാന്‍ ഊര്‍ജമില്ലാത്ത അവസ്ഥയിലെത്തും. നന്നായിരിക്കാന്‍ ആഗ്രഹമില്ലാതെ വരുമ്പോള്‍ വീണ്ടും കുടിക്കാന്‍ തുടങ്ങും. തലേദിവസം ചെയ്തതും പറഞ്ഞതുമൊക്കെ മറന്നുപോകാന്‍ തുടങ്ങി.ഈ അവസ്ഥയില്‍ രക്ഷിതാക്കളായ രാകേഷ് റോഷനും പിങ്കി റോഷനും വിഷമമുണ്ടായിരുന്നു. മദ്യപാനം നിര്‍ത്താന്‍ പലവഴികള്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഒടുക്കം ക്രെഡിറ്റ് കാര്‍ഡുകള്‍ പിടിച്ചുവാങ്ങി, സാമ്പത്തിക സഹായം വെട്ടിച്ചുരുക്കുകയും ചെയ്തു. കൂടാതെ മദ്യപരായ സുഹൃത്തുക്കളില്‍ നിന്നും അകറ്റി.

ഒരു ഘട്ടത്തിൽ തിരിച്ചറിവ് വന്ന് ഇതിൽ നിന്ന് മോചനത്തിനായി വഴിതേടി. ഈ അവസ്ഥയില്‍നിന്ന് എനിക്ക് പുറത്തുകടക്കണമെന്ന് മാതാപിതാക്കളെ അറിയിച്ചു. അതിനായി ഒരു റീഹാബിലിറ്റേഷന്‍ കേന്ദ്രം കണ്ടെത്തിത്തരണമെന്നും അവരോട് അഭ്യര്‍ഥിച്ചു. പക്ഷേ, ഒടുക്കം സ്വയം നിയന്ത്രിക്കാന്‍ തീരുമാനിക്കുകയായിരുന്നു. 28 ദിവസം മദ്യപിക്കില്ലെന്ന് ശപഥം ചെയ്യുകയും അതില്‍ വിജയിക്കുകയും ചെയ്തു. അങ്ങനെ ആല്‍ക്കഹോളിസത്തില്‍ നിന്നും പതിയെ പതിയെ മോചനം നേടി. ഇത് ഹൃത്വിക് റോഷന്‍ ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങളെ സന്തോഷിപ്പിച്ചു," സുനൈന പറയുന്നു.

Content highlights: Hrithik Roshan's sister on quitting alcohol

To advertise here,contact us