'ഓഫീസർ ഓൺ ഡ്യൂട്ടി' പ്രദർശിപ്പിക്കില്ലെന്ന് മൾട്ടിപ്ലെക്‌സുകൾ,തെലുങ്ക് റിലീസ് പ്രതിസന്ധിയിലെന്ന് റിപ്പോർട്ട്

ചിത്രത്തിന്‍റെ തെലുങ്കിലെ വിതരണം പ്രശസ്ത ബാനര്‍ ആയ മൈത്രി മൂവി മേക്കേഴ്സ് ആണ്

കുഞ്ചാക്കോ ബോബനെ നായകനാക്കി ജിത്തു അഷറഫ് സംവിധാനം ചെയ്ത ചിത്രമാണ് 'ഓഫീസർ ഓൺ ഡ്യൂട്ടി'. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് എന്നീ ഭാഷകളിൽ റിലീസിന് ഒരുങ്ങുകയാണ് സിനിമ ഇപ്പോൾ. നാളെയാണ് സിനിമയുടെ റിലീസ്. എന്നാൽ ചിത്രത്തിന്റെ തെലുങ്ക് റിലീസിന് പ്രതിസന്ധി നേരിടുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

മള്‍ട്ടിപ്ലെക്സ് ശൃംഖലകള്‍ ചിത്രം റിലീസ് ചെയ്യാന്‍ തയ്യാറാവുന്നില്ല എന്നാണ് 123 തെലുങ്കിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ചിത്രം വൈകാതെ ഒടിടി റിലീസ് ആവും എന്ന നിഗമനത്തിലാണ് അവര്‍ ഇങ്ങനെയൊരു തീരുമാനം എടുത്തിരിക്കുന്നത് എന്നാണ് വിവരം. ചിത്രത്തിന്‍റെ തെലുങ്കിലെ വിതരണം പ്രശസ്ത ബാനര്‍ ആയ മൈത്രി മൂവി മേക്കേഴ്സ് ആണ്. റിലീസിന് മുന്‍പ് പ്രശ്നം പരിഹരിക്കാന്‍ മൈത്രി മൂവി മേക്കേഴ്സിന് സാധിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ചിത്രം ഇതുവരെ 50 കോടിയ്ക്ക് മുകളില്‍ നേടിയിട്ടുണ്ട്.

മാർട്ടിൻ പ്രക്കാട്ട് ഫിലിംസ്, ഗ്രീൻ റൂം പ്രൊഡക്ഷൻസ് എന്നീ കമ്പനികളുടെ ബാനറിൽ മാർട്ടിൻ പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത്ത് നായർ എന്നിവ‍‍ര്‍ ചേർന്നാണ് ഓഫീസർ ഓൺ ഡ്യൂട്ടി സിനിമയുടെ സംവിധാനം നിർമ്മാണം. 'പ്രണയ വിലാസ’ത്തിന് ശേഷം ഈ ടീം വീണ്ടും ഒന്നിക്കുന്ന സിനിമയാണിത്. 'ജോസഫ്', 'നായാട്ട്' സിനിമകളുടെ തിരക്കഥാകൃത്തും 'ഇലവീഴപൂഞ്ചിറ'യുടെ സംവിധായകനുമായ ഷാഹി കബീറാണ് സിനിമയുടെ തിരക്കഥയൊരുക്കിയത്.

'കണ്ണൂർ സ്‌ക്വാഡി'ന്‍റെ സംവിധായകൻ റോബി വർഗീസ് രാജാണ് ചിത്രത്തിനായി ക്യാമറ ചലിപ്പിച്ചത്. ചമൻ ചാക്കോ ചിത്രസംയോജനവും ജേക്ക്സ് ബിജോയ് സംഗീത സംവിധാനവും നിർവ്വഹിക്കുന്നു. കുഞ്ചാക്കോ ബോബൻ, പ്രിയാമണി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന ചിത്രത്തിൽ ജഗദീഷും വിശാഖ് നായരും പ്രധാന വേഷങ്ങളിലെത്തുന്നു. മനോജ് കെ.യു, ശ്രീകാന്ത് മുരളി, ഉണ്ണി ലാലു, ജയ കുറുപ്പ്, വൈശാഖ് ശങ്കർ, റംസാൻ, വിഷ്ണു ജി വാരിയർ, ലയ മാമ്മൻ, ഐശ്വര്യ, അമിത് ഈപൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

Content highlights: 'Officer on Duty's' Telugu release in crisis

To advertise here,contact us