വിക്കിക്കും പ്രദീപിനും ഒപ്പം കട്ടയ്ക്ക് നിന്ന് ചാക്കോച്ചൻ; ഫെബ്രുവരിയിൽ 1000 കോടി നേട്ടവുമായി ഇന്ത്യൻ സിനിമ

കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ ഓഫീസർ ഓൺ ഡ്യൂട്ടി ആണ് ലിസ്റ്റിലുള്ള ഒരേയൊരു മലയാള ചിത്രം

ഇന്ത്യൻ സിനിമയ്ക്ക് 2025 ഫെബ്രുവരി നല്ല സമയമായിരുന്നു എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ജനുവരിയെ അപേക്ഷിച്ച് വിജയ സിനിമകളുടെ വർധനവും ഛാവ പോലെ ബോക്സ് ഓഫീസിനെ ഇളക്കി മറിച്ച സിനിമകൾ ഉണ്ടായിരുന്നതും ആഗോള കളക്ഷനെ വലിയ തോതിൽ കൂട്ടാൻ സഹായിച്ചുവെന്നാണ് റിപ്പോർട്ട്. 1,245 കോടിയാണ് ഇന്ത്യൻ സിനിമയുടെ ഫെബ്രുവരി മാസത്തെ നേട്ടമെന്നാണ് സാക്നിൽക്ക് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്. ഇതിൽ ഭൂരിഭാഗവും വിക്കി കൗശൽ ചിത്രമായ ഛാവയുടെ സംഭാവനയാണ്.

ഇന്ത്യയിൽ നിന്ന് ഫെബ്രുവരി മാസത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ആദ്യ പത്ത് സിനിമകളുടെ ലിസ്റ്റും ഇതിനൊപ്പം സാക്നിൽക്ക് പുറത്തുവിട്ടു. വിക്കി കൗശൽ ചിത്രം ഛാവയാണ് ഒന്നാം സ്ഥാനത്ത്. 657 കോടിയാണ് സിനിമയുടെ ഡൊമസ്റ്റിക് കളക്ഷൻ. ചിത്രത്തിൻ്റെ ആഗോള കളക്ഷൻ 731 കോടി രൂപയാണ്. ഛത്രപതി ശിവാജിയുടെ മകനും മറാത്താ രാജാവുമായിരുന്ന സാംബാജിയുടെ ജീവിതത്തെ ആസ്പദമാക്കിയെടുത്ത ചിത്രം വലിയ ബഡ്ജറ്റിൽ ആണ് ഒരുങ്ങിയത്.

പ്രദീപ് രംഗനാഥൻ ചിത്രമായ ഡ്രാഗൺ ആണ് രണ്ടാം സ്ഥാനത്ത്. 122 കോടിയാണ് സിനിമയുടെ നേട്ടം. ആഗോള ബോക്സ് ഓഫീസിൽ സിനിമ ഇതിനോടകം 150 കോടി പിന്നിട്ടുകഴിഞ്ഞു. കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ ഓഫീസർ ഓൺ ഡ്യൂട്ടി ആണ് ലിസ്റ്റിലുള്ള ഒരേയൊരു മലയാള ചിത്രം. 39 കോടിയാണ് സിനിമയുടെ ഡൊമസ്റ്റിക് കളക്ഷൻ. സിനിമ ഇതിനോടകം 50 കോടി ആഗോള ബോക്സ് ഓഫീസിൽ നിന്ന് നേടിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതോടെ കുഞ്ചാക്കോ ബോബന്റെ കരിയറിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ സിനിമയായി ചിത്രം മാറി. വിടാമുയർച്ചി, തണ്ടേൽ, സനം തേരി കസം, ഇന്റെർസ്റ്റെല്ലാർ, ക്യാപ്റ്റൻ അമേരിക്ക ബ്രേവ് ന്യൂ വേൾഡ്, ക്രേസി, മസാക തുടങ്ങിയവയാണ് ലിസ്റ്റിലുള്ള മറ്റു സിനിമകൾ.

ഫെബ്രുവരിയിൽ പുറത്തിറങ്ങിയ രണ്ട് റീ റിലീസ് സിനിമകളും വലിയ നേട്ടമാണ് കൊയ്തത്. ബോളിവുഡ് ചിത്രമായ സനം തേരി കസം, ക്രിസ്റ്റഫർ നോളൻ ചിത്രമായ ഇന്റെർസ്റ്റെല്ലാർ എന്നിവയാണ് അവ. ഹർഷവർദ്ധൻ റാണെയും മാവ്‌റ ഹൊകാനെയും പ്രധാന വേഷങ്ങളിലെത്തിയ ചിത്രമായിരുന്നു 'സനം തേരി കസം'. രാധിക റാവുവും വിനയ് സപ്രുവും ചേർന്ന് സംവിധാനം ചെയ്ത ചിത്രം റീ റിലീസിൽ നേടിയത് 51.4 കോടിയാണ്. ഇത് ചിത്രത്തിന്റെ ലൈഫ്ടൈം കളക്ഷനെക്കാൾ കൂടുതലാണ്. 9 കോടി ആയിരുന്നു ചിത്രം ആദ്യം റിലീസ് ചെയ്തപ്പോൾ നേടിയത്.

അതേസമയം, നോളൻ ചിത്രമായ ഇന്റെർസ്റ്റെല്ലാർ 24.20 കോടിയാണ് ഇതുവരെ നേടിയത്. കേരളത്തിലും സിനിമയ്ക്ക് വലിയ കളക്ഷൻ നേടാൻ സാധിക്കുന്നുണ്ട്. ഈ കണക്കുകൾ എല്ലാം ചേർത്തുവെക്കുമ്പോൾ ജനുവരി മാസത്തെ കളക്ഷനെക്കാൾ കൂടുതലാണ് ഫെബ്രുവരിയിലെ നേട്ടം. 1019 കോടി ആയിരുന്നു ജനുവരിയിലെ കളക്ഷൻ. രണ്ട് മാസത്തെ ഇന്ത്യൻ സിനിമയുടെ കണക്കുകൾ പരിശോധിച്ചാൽ അത് 2264 കോടിയായി ഉയരും.

Content Highlights: Kunchacko Boban film Officer on Duty on top 10 most collecting film

To advertise here,contact us