എല്ലാം മുന്‍വിധിയോടെ നോക്കിക്കാണുന്നവരാണ് മലയാളികള്‍; ഞങ്ങള്‍ അങ്ങനെ പ്രോഗ്രാം ചെയ്യപ്പെട്ടവരാണ്: പൃഥ്വി

'മലയാളത്തിലെ ഏറ്റവും വലിയ സിനിമയല്ലേ, അവന്‍ എന്താണ് ചെയ്യുന്നതെന്ന് നോക്കാമെന്ന് പലരും ചിന്തിച്ചിരുന്നു'

താനുൾപ്പടെയുള്ള മലയാളികൾ എല്ലാ കാര്യങ്ങളെയും മുന്‍വിധിയോടെ സമീപിക്കുന്നവരാണെന്ന് പൃഥ്വിരാജ്. എന്തെങ്കിലും പുതിയത് ചെയ്യുമ്പോൾ അത് വർക്ക് ആവില്ലെന്നാണ് ആദ്യം ചിന്തിക്കുകയെന്നും പിന്നീട് അത് നടന്നാൽ പോലും ഒരു സംശയം ബാക്കി നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു. മലയാളികൾ പൊതുവെ അങ്ങനെ പ്രോഗ്രാം ചെയ്യപ്പെട്ടവരാണെന്ന് തോന്നിയിട്ടുണ്ടെന്നും പൃഥ്വിരാജ് കൂട്ടിച്ചേർത്തു. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം.

‘ഞാനൊരു മലയാളിയാണ്. ഞാന്‍ ഇനി പറയുന്നത് എന്നെയും ചേര്‍ത്ത് തന്നെയാണ്. അഭിനേതാക്കളെ മാത്രമല്ല, പുതിയ എന്തിനെയും ഞങ്ങള്‍ മലയാളികള്‍ പൊതുവെ നോക്കി കാണുന്നത് മുന്‍വിധിയോടെ പരാജയം വിലയിരുത്തി കൊണ്ടാണ്. പുതിയ എന്തെങ്കിലും നടക്കുമ്പോള്‍ നമ്മള്‍ ആദ്യം ആലോചിക്കുക ഇത് വര്‍ക്കാകില്ലെന്ന് തന്നെയാണ്. പിന്നെ അത് വര്‍ക്കായാല്‍ ‘ഓഹ്, അത് ശരിക്കും വര്‍ക്കായി അല്ലേ’ എന്ന് ചിന്തിക്കും. ഞങ്ങള്‍ പൊതുവെ അങ്ങനെ പ്രോഗ്രാം ചെയ്യപ്പെട്ടവരാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്.

ലൂസിഫര്‍ സിനിമയുടെ സമയത്ത് ഒരുപാട് തവണ എനിക്ക് അങ്ങനെ തോന്നിയിരുന്നു. സിനിമയുടെ ആദ്യത്തെ പ്രൊമോയും ടീസറുമൊക്കെ വന്നപ്പോള്‍ മുതല്‍ തന്നെ എല്ലാവരും ചിന്തിക്കുന്നത് എന്താണെന്ന് എനിക്ക് മനസിലായി. മലയാളത്തിലെ ഏറ്റവും വലിയ സിനിമയല്ലേ, അവന്‍ എന്താണ് ചെയ്യുന്നതെന്ന് നോക്കാമെന്ന് പലരും ചിന്തിച്ചിരുന്നു. ഇപ്പോള്‍ എമ്പുരാന്‍ ഇറങ്ങാന്‍ പോകുമ്പോഴും അങ്ങനെ തന്നെയാണ് ആളുകള്‍ ചിന്തിക്കുന്നത്. അത് മനസിലാകും, ഓക്കെയാണത്,’ പൃഥ്വിരാജ് പറഞ്ഞു.

Content Highlights:  Prithviraj says Malayalis view everything with prejudice

To advertise here,contact us