സാധാരണ കിട്ടുന്നത് നാണം കുണുങ്ങി ഇന്‍ട്രോവേര്‍ട്ട് കഥാപാത്രങ്ങൾ, പക്ഷേ ആലപ്പുഴ ജിംഖാനയിലേത് വ്യത്യസ്തം:നസ്‌ലൻ

'ജോജോ എന്ന കഥാപാത്രത്തെപ്പോലൊരു വേഷം ഞാന്‍ ഇതിന് മുമ്പ് ചെയ്തിട്ടില്ല'

'തല്ലുമാല'യ്ക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രം എന്നതിനാൽ തന്നെ 'ആലപ്പുഴ ജിംഖാന'യ്ക്ക് മേൽ സിനിമാപ്രേമികൾ വലിയ പ്രതീക്ഷയാണ് നൽകുന്നത്. നസ്‌ലെൻ, ഗണപതി, ലുക്മാൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ സിനിമയിലെ തന്റെ കഥാപാത്രത്തെക്കുറിച്ച് നസ്‌ലെൻ പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുകയാണ്.

താൻ ഇതുവരെ ചെയ്യാത്ത തരത്തിലുള്ള കഥാപാത്രമാണ് ആലപ്പുഴ ജിംഖാനയിലേത് എന്ന് നസ്‌ലെൻ പറഞ്ഞു. താന്‍ ഇതുവരെ ചെയ്തതെല്ലാം നാണം കുണുങ്ങിയായ ഇന്‍ട്രോവേര്‍ട്ട് കഥാപാത്രങ്ങളായിരുന്നു. എന്നാൽ മൂന്ന് നായികമാരൊക്കെ ഉള്ള വളരെ ഓണ്‍ ആയിട്ടുള്ള കഥാപാത്രമാണ് ആലപ്പുഴ ജിംഖാനയിലേത് എന്ന് നസ്‌ലെൻ പറഞ്ഞു. ആലപ്പുഴ ജിംഖാനയുടെ പ്രസ് മീറ്റില്‍ സംസാരിക്കുകയായിരുന്നു നടൻ.

‘ആലപ്പുഴ ജിംഖാന എന്ന സിനിമയിലെ ജോജോ എന്ന കഥാപാത്രത്തെപ്പോലൊരു വേഷം ഞാന്‍ ഇതിന് മുമ്പ് ചെയ്തിട്ടില്ല. കാരണം എനിക്ക് കിട്ടുന്നതെല്ലാം നാണം കുണുങ്ങിയായിട്ടുള്ള ഇന്‍ട്രോവേര്‍ട്ട് ആയിട്ടുള്ള കഥാപാത്രങ്ങളാണ്. പക്ഷേ ഈ ചിത്രത്തിലെ എന്റെ കഥാപാത്രം ഞാന്‍ ഇതുവരെ ചെയ്തതില്‍ നിന്നും വളരെ വ്യത്യസ്തമായിട്ടുള്ള ക്യാരക്ടറാണ്. മൂന്ന് നായികമാരൊക്കെ ഉള്ള, ഭയങ്കര ഓണ്‍ ആയിട്ടുള്ള ഒരു ക്യാരക്ടറാണ് ഇത്,’ നസ്‌ലെൻ പറഞ്ഞു.

പ്ലാൻ ബി മോഷൻ പിക്ചേർസിന്റെ ബാനറിൽ ഖാലിദ് റഹ്മാൻ, ജോബിൻ ജോർജ്, സമീർ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. പ്ലാൻ ബി മോഷൻ പിക്ചർസിന്റെ ആദ്യ നിർമാണ സംരംഭമാണിത്. സന്ദീപ് പ്രദീപ്, ഫ്രാങ്കോ ഫ്രാൻസിസ്, ബേബി ജീൻ, ശിവ ഹരിഹരൻ, ഷോൺ ജോയ്, കാർത്തിക്, നന്ദ നിഷാന്ത് തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന അഭിനേതാക്കൾ.

ചിത്രം ഒരു അടിപ്പടം അല്ലെന്നും കോമഡി ചിത്രമാണെന്നും നടൻ ലുക്മാൻ നേരത്തെ പറഞ്ഞിരുന്നു. ചിത്രത്തിൽ താൻ ഒരു കോച്ചിന്റെ വേഷത്തിലാണ് എത്തുന്നതെന്നും നടൻ വ്യക്തമാക്കി. ഖാലിദ് റഹ്മാൻ തന്നെയാണ് സിനിമയ്ക്കായി തിരക്കഥ എഴുതുന്നത്. രതീഷ് രവിയാണ് സംഭാഷണം. ഛായാഗ്രഹണം ജിംഷി ഖാലിദ്.

Content Highlights: Naslen talks about Alappuzha Gymkhana movie

To advertise here,contact us