ആരും എന്റെ സിനിമയെ ആദ്യം വിശ്വസിച്ചില്ല, റിലീസിന് ശേഷം അവർ ചിത്രത്തെ വാനോളം പുകഴ്ത്തുന്നു; ജോൺ എബ്രഹാം

ചിത്രത്തിന്റെ ഒടിടി അവകാശം ഒരു പ്ലാറ്റ്ഫോമിനും വിറ്റുപോയിരുന്നില്ല. ഇപ്പോഴിതാ ഒടിടി പ്ലാറ്റ്‌ഫോമുകള്‍ സിനിമ നിരസിക്കാനുണ്ടായ കാരണം വ്യക്തമാക്കിയിരിക്കുകയാണ് ജോണ്‍ എബ്രഹാം

ശിവം നായരുടെ സംവിധാനത്തില്‍ ജോണ്‍ എബ്രഹാം നായകനായി എത്തിയ ചിത്രമായിരുന്നു 'ദ ഡിപ്ലോമാറ്റ്'. യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയൊരുക്കിയ സിനിമയ്ക്ക് മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. എന്നാൽ തിയേറ്ററിൽ കാര്യമായ ചലനമുണ്ടാക്കാൻ സിനിമയ്ക്ക് സാധിച്ചിരുന്നില്ല. ചിത്രത്തിന്റെ ഒടിടി അവകാശം ഒരു പ്ലാറ്റ്‌ഫോമിനും വിറ്റുപോയിരുന്നില്ല. ഇപ്പോഴിതാ ഒടിടി പ്ലാറ്റ്‌ഫോമുകള്‍ സിനിമ നിരസിക്കാനുണ്ടായ കാരണം വ്യക്തമാക്കിയിരിക്കുകയാണ് ജോണ്‍ എബ്രഹാം. പിങ്ക്‌വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ജോണ്‍ എബ്രഹാമിന്റെ പ്രതികരണം.

'ചില സ്റ്റുഡിയോ ബാനറുകളുടെ പേര് കാണുമ്പോള്‍ തന്നെ സിനിമയിലുള്ള വിശ്വാസം നഷ്ടപ്പെടും. ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ ചിലത് ദ ഡിപ്ലോമാറ്റ് നിരസിച്ചു. ഇത് മികച്ച സിനിമയായിരിക്കുമെന്ന് ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്ക് തോന്നിക്കാണില്ല. ഇതാകാം അവര്‍ സിനിമ നിരസിക്കാനുള്ള കാരണം. ആര്‍ക്കും ദ ഡിപ്ലോമാറ്റ് എന്ന ചിത്രത്തില്‍ വലിയ പ്രതീക്ഷകളുണ്ടായിരുന്നില്ല. എന്നാല്‍, ഇന്ന് പലരും എന്നോട് ചിത്രം മികച്ചതാണെന്ന് അഭിപ്രായപ്പെടുന്നുണ്ട്', ജോണ്‍ എബ്രഹാം പറഞ്ഞു.

മാര്‍ച്ച് 14-നാണ് ദ ഡിപ്ലോമാറ്റ് തിയേറ്ററുകളില്‍ റിലീസ് ചെയതത്. സാദിയ ഖത്തീബ്, കുമുദ് മിശ്ര, ഷരീബ് ഹാഷ്മി, രേവതി തുടങ്ങിയവരാണ് സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തിയത്. 20 കോടി ബഡ്ജറ്റിൽ ഒരുങ്ങിയ സിനിമ ബോക്സ് ഓഫീസിൽ നിന്നും ഇതുവരെ നേടിയത് 19 കോടിയാണ്. സിനിമയിലെ ജോണിന്റെ പ്രകടനം ഏറെ ശ്രദ്ധ നേടുന്നുണ്ട്.

Content Highlights: John Abraham talks about his film The Diplomat

To advertise here,contact us