ഖുറേഷിക്ക് മുന്നേയുള്ള സ്റ്റീഫന്റെ രണ്ടാം വരവ് കത്തിപ്പടർന്നോ? 'ലൂസിഫര്‍' റീ റിലീസ് കളക്ഷൻ ഇങ്ങനെ

ലൂസിഫര്‍ റീ റിലീസിന്റെ ബോക്സ് ഓഫീസ് സംബന്ധിച്ച കണക്കുകള്‍ ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്

മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ റിലീസിന് തയ്യാറെടുക്കുകയാണ് എമ്പുരാൻ. റിലീസ് അനിശ്ചിതത്വങ്ങൾക്ക് വിരാമം കുറിച്ച് മാർച്ച് 27ന് തന്നെ ചിത്രം തിയേറ്ററുകളിലെത്തുമ്പോൾ സിനിമയുടെ ഹൈപ്പും പതിന്മടങ്ങ് വർധിച്ചിരിക്കുകയാണ്. ചിത്രം റിലീസ് ചെയ്യുന്നതിന് മുന്നോടിയായി ലൂസിഫര്‍ നിര്‍മ്മാതാക്കള്‍ റീ റിലീസ് ചെയ്തിരുന്നു. ഇപ്പോഴിതാ ആ റീ റിലീസിന്റെ ബോക്സ് ഓഫീസ് സംബന്ധിച്ച കണക്കുകള്‍ പുറത്തുവന്നിരിക്കുകയാണ്.

ലൂസിഫർ ആദ്യദിനത്തിൽ കേരളത്തില്‍ നിന്ന് നേടിയത് 16 ലക്ഷം രൂപയാണ് എന്ന് സൗത്ത് ഇന്ത്യന്‍ ബോക്സ് ഓഫീസ് അടക്കമുള്ള ട്രാക്കർമാർ റിപ്പോർട്ട് ചെയ്യുന്നു. കേരളത്തിൽ ലിമിറ്റഡ് റിലീസ് മാത്രമാണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ലൂസിഫറിന്റെ റീ റിലീസ് എമ്പുരാന്റെ നിലവിലെ ഹൈപ്പ് കൂട്ടാനും സഹായകരമാകും എന്ന കണക്കുകൂട്ടലിലാണ് ചിത്രം റീ റിലീസ് ചെയ്തിരിക്കുന്നത്.

അതേസമയം എമ്പുരാൻ മാര്‍ച്ച് 27-ന് ആഗോള റിലീസായെത്തും. സിനിമയുടെ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു. വമ്പൻ പ്രതികരണമാണ് സിനിമയുടെ ബുക്കിംഗിന് ലഭിക്കുന്നത്. അഡ്വാൻസ് ബുക്കിംഗ് തുടങ്ങി നിമിഷ നേരം കൊണ്ടാണ് തിയേറ്ററുകൾ ഫുള്ളായത്. ഒരു സമയത്ത് ടിക്കറ്റ് ബുക്കിങ് സൈറ്റ് ആയ ബുക്ക് മൈ ഷോ തിരക്കു കാരണം നിലച്ചുപോയ അവസ്ഥ വരെ ഉണ്ടായിരുന്നു. ബുക്ക് മൈ ഷോയിൽ ഏറ്റവും കൂടുതൽ ആളുകൾ കാണാൻ താല്പര്യം പ്രകടിപ്പിച്ച സിനിമയും എമ്പുരാൻ ആയിരുന്നു.

ഫ്രാഞ്ചൈസിയുടെ ആദ്യ ഭാഗമായ ലൂസിഫറിനേക്കാള്‍ ദൈര്‍ഘ്യമുണ്ട് എമ്പുരാന് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ലൂസിഫറിന്‍റെ ദൈര്‍ഘ്യം 2 മണിക്കൂര്‍ 52 മിനിറ്റ് ആയിരുന്നെങ്കില്‍ എമ്പുരാന്‍റെ ദൈര്‍ഘ്യം 2 മണിക്കൂര്‍ 59 മിനിറ്റ് 59 സെക്കന്‍റ് ആണ്. വമ്പൻ സിനിമാ നിർമ്മാണ വിതരണ കമ്പനിയായ ഹോംബാലേ ഫിലിംസ് ആണ് ചിത്രത്തിന്‍റെ കര്‍ണാടക ഡിസ്ട്രിബ്യൂഷന്‍ ഏറ്റെടുത്തിരിക്കുന്നത്. ദിൽ രാജുവിൻ്റെ ഉടമസ്ഥതയിലുള്ള ശ്രീ വെങ്കടേശ്വര ക്രിയേഷൻസ് ചിത്രം ആന്ധ്രാ/തെലുങ്കാന സംസ്ഥാനങ്ങളിൽ വിതരണം ചെയ്യുമ്പോൾ, അനിൽ തടാനി നേതൃത്വം നൽകുന്ന എ എ ഫിലിംസ് ആണ് ചിത്രം നോർത്ത് ഇന്ത്യയിൽ എത്തിക്കുന്നത്. കേരളത്തില്‍ ആശിര്‍വാദും തമിഴ്നാട്ടില്‍ ഗോകുലം മൂവീസുമാണ് വിതരണം നടത്തുന്നത്.

Content Highlights: Lucifer movie Re Release collection report

To advertise here,contact us