ഇംഗ്ലീഷ് കാരണം വെറുക്കുന്നവർ ഉണ്ട്, എന്റെ ജനറേഷനിൽ എന്നേക്കാൾ നന്നായി മലയാളം അറിയുന്ന എത്രപേരുണ്ട്: പൃഥ്വി

'എന്താണ് കാരണം എന്നറിഞ്ഞാലല്ലേ നമുക്ക് അത് തിരുത്താന്‍ സാധിക്കുള്ളൂ. പിന്നീട് ഞാന്‍ അതിനെ മൈന്‍ഡ് ചെയ്യാതായി.'

കരിയറിന്റെ തുടക്കത്തില്‍ ഒരുപാട് സൈബര്‍ അറ്റാക്ക് നേരിടേണ്ടി വന്ന നടനായിരുന്നു പൃഥ്വിരാജ്. തന്റെ നിലപാടുകൾ ഒരു മടിയുമില്ലാതെ തുറന്ന് പറഞ്ഞതിനെ തുടർന്ന് അഹങ്കാരമാണ്, ജാഡയാണ് എന്നെല്ലാമുള്ള പഴികൾ പൃഥ്വിക്ക് കേൾക്കേണ്ടി വന്നിട്ടുണ്ട്. തന്നോട് ആളുകള്‍ക്ക് എന്തിനാണ് ഇത്ര ദേഷ്യമെന്ന് തനിക്ക് അറിയില്ലെന്ന് പൃഥ്വി പറയുന്നു. ഇംഗ്ലീഷ് നന്നായി സംസാരിക്കുന്നുവെന്ന കാരണം കൊണ്ട് പലരും തന്നെ വെറുക്കുന്നുണ്ടെന്നും എന്നാൽ തന്റെ ജനറേഷനിലുള്ള എത്രപേര്‍ക്ക് തന്നെക്കാള്‍ നന്നായി മലയാളം എഴുതാനും വായിക്കാനും അറിയാമെന്നും പൃഥ്വി ചോദിച്ചു. ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

‘എന്നെ ആളുകള്‍ ഇപ്പോഴും വെറുക്കുന്നതെന്തിനാണെന്ന് എനിക്ക് മനസിലാകുന്നില്ല. ചിലര്‍ക്ക് ഞാന്‍ എന്ത് ചെയ്താലും ഇഷ്ടമാകില്ല. ഇത് പണ്ടുമുതലേ നടക്കുന്ന കാര്യമാണ്. ഞാന്‍ ഇംഗ്ലീഷ് നന്നായി സംസാരിക്കുന്നു എന്ന് പറഞ്ഞാണ് പലരും വിമര്‍ശിക്കുന്നത്. എനിക്ക് അറിയേണ്ട കാര്യമെന്താണെന്ന് വെച്ചാല്‍, എന്റെ ജനറേഷനിലുള്ളവരില്‍ എത്രപേര്‍ക്ക് എന്നെക്കാള്‍ നന്നായി മലയാളം എഴുതാനും വായിക്കാനും അറിയും എന്നാണ്.

അന്നത്തെ സൈബര്‍ അറ്റാക്കിന്റെ സമയത്ത് ഞാന്‍ കണ്‍ഫ്യൂസ്ഡായിരുന്നു. ഞാന്‍ എന്ത് ചെയ്തിട്ടാണ് ആളുകള്‍ ഇങ്ങനെ എന്നെ ആക്രമിക്കുന്നതെന്ന് അറിയില്ലായിരുന്നു. എന്താണ് കാരണം എന്നറിഞ്ഞാലല്ലേ നമുക്ക് അത് തിരുത്താന്‍ സാധിക്കുള്ളൂ. പിന്നീട് ഞാന്‍ അതിനെ മൈന്‍ഡ് ചെയ്യാതായി. അതിനെ അതിന്റേതായ വഴിക്ക് വിട്ടു. അതാണ് ശരിയെന്ന് എനിക്ക് മനസിലായി,’ പൃഥ്വിരാജ് പറഞ്ഞു.

അതേസമയം മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാൻ മാര്‍ച്ച് 27-ന് ആഗോള റിലീസായെത്തും. വിദേശ രാജ്യങ്ങളിലെ എമ്പുരാന്റെ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു. കേരളത്തിലും സിനിമയുടെ അഡ്വാൻസ് ബ്ലോക്കിങ് ആരംഭിച്ചിട്ടുണ്ട്. മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ഫ്രാഞ്ചൈസിയുടെ ആദ്യ ഭാഗമായ ലൂസിഫറിനേക്കാള്‍ ദൈര്‍ഘ്യവുമുണ്ട് പുറത്തുവരുന്ന വിവരമനുസരിച്ച് എമ്പുരാന്. ലൂസിഫറിന്‍റെ ദൈര്‍ഘ്യം 2 മണിക്കൂര്‍ 52 മിനിറ്റ് ആയിരുന്നെങ്കില്‍ എമ്പുരാന്‍റെ ദൈര്‍ഘ്യം 2 മണിക്കൂര്‍ 59 മിനിറ്റ് 59 സെക്കന്‍റ് ആണ്.

Content Highlights: Prithviraj talks about the cyber attack he faced

To advertise here,contact us