'ആന്റണി ചേട്ടാ, എമ്പുരാന്റെ ഷോ ഒന്ന് കൂട്ടാമോ?' അഭ്യർത്ഥനയുമായി ആരാധകൻ; മറുപടി നൽകി നിർമാതാവ്

അഡ്വാൻസ് ബുക്കിങ്ങിലൂടെ മാത്രം ചിത്രം ഇതിനോടകം 10 കോടി കടന്നെന്നാണ് റിപ്പോർട്ടുകൾ വരുന്നത്.

അഡ്വാൻസ് ബുക്കിങ്ങിൽ റെക്കോർഡ് സൃഷ്ടിച്ച് മുന്നേറുകയാണ് മോഹൻലാൽ ചിത്രമായ എമ്പുരാൻ. സിനിമയുടെ ഇന്ത്യൻ ബുക്കിംഗ് ആരംഭിച്ചയുടൻ ഓൺലൈൻ ബുക്കിംഗ് സൈറ്റായ ബുക്ക് മൈ ഷോ ക്രാഷാകുന്ന അവസ്ഥ വരെയുണ്ടായി. ഒരു മണിക്കൂറിൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റ ഇന്ത്യൻ സിനിമയായി എമ്പുരാൻ റെക്കോർഡ് ഇട്ടിരുന്നു. ഇപ്പോഴിതാ സിനിമയുടെ ടിക്കറ്റിനെ സംബന്ധിച്ച ഒരു ട്വീറ്റ് ആണ് വൈറലാകുന്നത്.

എമ്പുരാന് കൂടുതൽ ഷോ വേണമെന്ന ആവശ്യവുമായി ട്വീറ്റ് ഇട്ട പ്രേക്ഷകനും അതിന് മറുപടിയുമായി ആന്റണി പെരുമ്പാവൂർ എത്തിയതുമാണ് ഇപ്പോൾ ചർച്ചയാകുന്നത്. 'ആൻ്റണി ചേട്ടാ, കേരളത്തിൽ കൂടുതൽ ഷോകൾ ആഡ് ചെയ്യൂ. ഷോ 3700 ഷോകളിലേക്ക് എത്തട്ടെ', എന്നാണ് ഒരു പ്രേക്ഷകന്റെ ട്വീറ്റ്. ഇതിന് ഒരു തമ്പ്സ് അപ്പ് നൽകിക്കൊണ്ടാണ് ആന്റണി പെരുമ്പാവൂർ മറുപടി നൽകിയത്. റിലീസ് ദിവസം ഒരു മലയാളം സിനിമ കേരളത്തിൽ നിന്ന് നേടുന്ന ആദ്യത്തെ ഡബിൾ ഡിജിറ്റ് കളക്ഷൻ ആണ് എമ്പുരാൻ സ്വന്തം പേരിലാക്കിയിരിക്കുന്നത്. അഡ്വാൻസ് ബുക്കിങ്ങിലൂടെ മാത്രം ചിത്രം ഇതിനോടകം 10 കോടി കടന്നെന്നാണ് റിപ്പോർട്ടുകൾ വരുന്നത്. ഒടിയൻ നേടിയ 7.25 എന്ന കളക്ഷനെയാണ് എമ്പുരാൻ മറികടന്നിരിക്കുന്നത്.

👍 https://t.co/aBmbyKekYv

വിജയ് ചിത്രമായ ലിയോ പ്രീ സെയിലിലൂടെ നേടിയ 8.81 കോടിയെയും എമ്പുരാൻ മറികടന്നു. ഇതോടെ ലിയോയുടെ ആദ്യ ദിവസത്തെ കളക്ഷൻ ആയ 12 കോടിയെ എമ്പുരാൻ പ്രീ സെയിൽ കൊണ്ട് മാത്രം മറികടക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. അങ്ങനെയെങ്കിൽ മലയാളത്തിലെ ഏറ്റവും വലിയ ഓപ്പണിങ് കളക്ഷനിലേക്കാണ് ഈ മോഹൻലാൽ സിനിമയുടെ പോക്ക്.

ഒറ്റ ദിവസം കൊണ്ട് ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റ ഇന്ത്യൻ സിനിമ എന്ന റെക്കോർഡും എമ്പുരാൻ സ്വന്തമാക്കിയിരുന്നു. 24 മണിക്കൂറിൽ 6,45,000 ത്തിൽ കൂടുതൽ ടിക്കറ്റുകളാണ് ചിത്രം വിറ്റിരിക്കുന്നത്. ബുക്ക് മൈ ഷോയിൽ ഏറ്റവും കൂടുതൽ ആളുകൾ കാണാൻ താല്പര്യം പ്രകടിപ്പിച്ച സിനിമയും എമ്പുരാൻ ആയിരുന്നു. അതേസമയം വിദേശ രാജ്യങ്ങളിലെ എമ്പുരാന്റെ അഡ്വാൻസ് ബുക്കിംഗ് ഏതാനും ദിവസങ്ങൾക്ക് മുന്നേ ആരംഭിച്ചു കഴിഞ്ഞു.

Content Highlights: Antony Perumbavoor replies to fan request tweet goes viral

To advertise here,contact us