മോഹൻലാൽ തരം​ഗം ഇനി ഓസ്‍ട്രേലിയയിലും, എമ്പുരാന് വമ്പൻ ബുക്കിംഗ്, ഇതുവരെ നേടിയത് കോടികൾ

ഓവർസീസിൽ ബുക്കിങ് ആരംഭിച്ച ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.

അഡ്വാൻസ് ബുക്കിങ്ങിൽ റെക്കോർഡ് സൃഷ്ടിച്ച് മുന്നേറുകയാണ് മോഹൻലാൽ ചിത്രമായ എമ്പുരാൻ. ബുക്കിംഗ് ഓപ്പൺ ചെയ്ത് രണ്ട്‌ ദിവസം കഴിയുമ്പോൾ മലയാള സിനിമ ഇന്നുവരെ കാണാത്ത റെക്കോർഡുകളാണ് ചിത്രം തുറന്നുവെക്കുന്നത്. സിനിമയുടെ ഇന്ത്യൻ ബുക്കിംഗ് ആരംഭിച്ചയുടൻ ഓൺലൈൻ ബുക്കിംഗ് സൈറ്റായ ബുക്ക് മൈ ഷോ ക്രാഷാകുന്ന അവസ്ഥ വരെയുണ്ടായി. ഇപ്പോഴിതാ ഓസ്‍ട്രേലിയയിലും സിനിമയ്ക്ക് വമ്പൻ ബുക്കിംഗ് ആണ് ലഭിക്കുന്നത്. ഓസ്‍ട്രേലിയയില്‍ നിന്ന് 1.72 കോടി രൂപയാണ് എമ്പുരാൻ പ്രീ സെയിലില്‍ ഇതുവരെ നേടിയിട്ടുള്ളതെന്നാണ് റിപ്പോർട്ടുകൾ.

ഒറ്റ ദിവസം കൊണ്ട് ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റ ഇന്ത്യൻ സിനിമ എന്ന റെക്കോർഡും എമ്പുരാൻ സ്വന്തമാക്കിയിരുന്നു. 24 മണിക്കൂറിൽ 6,45,000 ത്തിൽ കൂടുതൽ ടിക്കറ്റുകളാണ് ചിത്രം വിറ്റിരിക്കുന്നത്. ബുക്ക് മൈ ഷോയിൽ ഏറ്റവും കൂടുതൽ ആളുകൾ കാണാൻ താല്പര്യം പ്രകടിപ്പിച്ച സിനിമയും എമ്പുരാൻ ആയിരുന്നു. അതേസമയം വിദേശ രാജ്യങ്ങളിലെ എമ്പുരാന്റെ അഡ്വാൻസ് ബുക്കിംഗ് ഏതാനും ദിവസങ്ങൾക്ക് മുന്നേ ആരംഭിച്ചു കഴിഞ്ഞു. ഓവർസീസിൽ ബുക്കിങ് ആരംഭിച്ച ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ഫ്രാഞ്ചൈസിയുടെ ആദ്യ ഭാഗമായ ലൂസിഫറിനേക്കാള്‍ ദൈര്‍ഘ്യമുണ്ട് എമ്പുരാന് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ലൂസിഫറിന്‍റെ ദൈര്‍ഘ്യം 2 മണിക്കൂര്‍ 52 മിനിറ്റ് ആയിരുന്നെങ്കില്‍ എമ്പുരാന്‍റെ ദൈര്‍ഘ്യം 2 മണിക്കൂര്‍ 59 മിനിറ്റ് 59 സെക്കന്‍റ് ആണ്.

വമ്പൻ സിനിമാ നിർമ്മാണ വിതരണ കമ്പനിയായ ഹോംബാലേ ഫിലിംസ് ആണ് ചിത്രത്തിന്‍റെ കര്‍ണാടക ഡിസ്ട്രിബ്യൂഷന്‍ ഏറ്റെടുത്തിരിക്കുന്നത്. ദിൽ രാജുവിൻ്റെ ഉടമസ്ഥതയിലുള്ള ശ്രീ വെങ്കടേശ്വര ക്രിയേഷൻസ് ചിത്രം ആന്ധ്രാ/തെലുങ്കാന സംസ്ഥാനങ്ങളിൽ വിതരണം ചെയ്യുമ്പോൾ, അനിൽ തടാനി നേതൃത്വം നൽകുന്ന എ എ ഫിലിംസ് ആണ് ചിത്രം നോർത്ത് ഇന്ത്യയിൽ എത്തിക്കുന്നത്. കേരളത്തില്‍ ആശിര്‍വാദും തമിഴ്നാട്ടില്‍ ഗോകുലം മൂവീസുമാണ് വിതരണം നടത്തുന്നത്.

Content Highlights: Empuran bookings in Australia reach crores

To advertise here,contact us