ഗജിനി 2 വിൻ്റെ ബേസിക് ഐഡിയ എന്റെ പക്കലുണ്ട്, ചിത്രം തമിഴിലും ഹിന്ദിയിലും ഒരുമിച്ച് ഇറങ്ങും: എ ആർ മുരുഗദോസ്

'ഗജിനി 2' ചെയ്യാൻ ആമിർ ഖാൻ വളരെയധികം താല്പര്യം പ്രകടിപ്പിക്കുന്നുണ്ടെന്നും ചിത്രത്തിന്റെ തിരക്കഥ വർക്കുകൾ നടക്കുകയാണെന്നും നേരത്തെ വാർത്തകൾ വന്നിരുന്നു

ഇന്ത്യൻ സിനിമാപ്രേമികളെ ആവേശത്തിലാഴ്ത്തിയ ചിത്രമായിരുന്നു സൂര്യ നായകനായ ഗജിനി. മികച്ച പ്രകടനങ്ങൾ കൊണ്ടും ഗാനങ്ങൾ കൊണ്ടും എന്നും ഓർമിക്കപ്പെടുന്ന ചിത്രമായി ഗജിനി മാറി. ചിത്രം എആർ മുരുഗദോസ് ഹിന്ദിയിലെത്തിച്ചപ്പോഴും വലിയ വിജയം നേടിയിരുന്നു. ആമിർ ഖാൻ ആയിരുന്നു ഗജിനി ഹിന്ദിയിൽ സൂര്യയുടെ വേഷം ചെയ്തത്. ഗജിനി രണ്ടാം ഭാഗത്തെക്കുറിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ നേരത്തെ ഉണ്ടായിരുന്നു. ഇപ്പോഴിതാ സംവിധായകൻ എ ആർ മുരുഗദോസ് തന്നെ അതിൽ പ്രതികരിച്ചിരിക്കുകയാണ്.

രണ്ടാം ഭാഗത്തിനായി ഒരു മുഴുവൻ സ്ക്രിപ്റ്റ് തന്റെ പക്കൽ ഇല്ലെങ്കിലും ഒരു ബേസിക് ഐഡിയ ഉണ്ടെന്നും അതുകൊണ്ട് ഗജിനി 2 വിന് സാധ്യതകൾ ഏറെയാണെന്നും മുരുഗദോസ് പറഞ്ഞു. 'എന്റെ മനസ്സിൽ ചില ഐഡിയാസ് ഉണ്ട്. അതിനെക്കുറിച്ച് ഇരുന്ന് ഞങ്ങൾ ഇരുന്ന് ചർച്ച ചെയ്യണം. എല്ലാം നന്നായി പോയാൽ രണ്ടാം ഭാഗം ചെയ്യാനാകും. നിർമ്മിക്കുകയാണെങ്കിൽ തമിഴിലും ഹിന്ദിയിലും ഒരുപോലെ ഗജിനി 2 റിലീസ് ചെയ്യും. ഹോളിവുഡ് സിനിമകളിൽ കഥാപാത്രം മരിച്ചാലും അവരെ പുനഃസൃഷ്ടിക്കാറുണ്ട്. കൂടാതെ ഒരു പ്രീക്വൽ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഗജിനിയിൽ ഓർമ്മക്കുറവുള്ള അതിസമ്പന്നനായ ഒരു കഥാപാത്രത്തെയാണ് ഞങ്ങൾ അവതരിപ്പിച്ചത്. അതുകൊണ്ട് തന്നെ അവിടെ ഒരു സാധ്യത ഒളിഞ്ഞിരിപ്പുണ്ട്', എ ആർ മുരുഗദോസ് പറഞ്ഞു.

'ഗജിനി 2' ചെയ്യാൻ ആമിർ ഖാൻ വളരെയധികം താല്പര്യം പ്രകടിപ്പിക്കുന്നുണ്ടെന്നും ചിത്രത്തിന്റെ തിരക്കഥ വർക്കുകൾ നടക്കുകയാണെന്നും നേരത്തെ വാർത്തകൾ വന്നിരുന്നു. നിർമാതാക്കളായ അല്ലു അരവിന്ദ്, മധു മന്ദേന തുടങ്ങിയവരോട് ഒരു കഥ വർക്ക് ചെയ്യാനും നല്ലൊരു തിരക്കഥ ലോക്ക് ആയാൽ ഉറപ്പായും ഗജിനി 2 സംഭവിക്കുമെന്നാണ് പിങ്ക് വില്ല പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്. തമിഴ് പോലെ തന്നെ മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് ഹിന്ദിയിലും ലഭിച്ചത്. അസിന്റെ ആദ്യ ബോളിവുഡ് ചിത്രം കൂടിയാണ് ഗജിനി. എആർ റഹ്മാനായിരുന്നു ചിത്രത്തിനായി സംഗീതം ഒരുക്കിയത്. അതേസമയം ഹാരിസ് ജയരാജ് ആയിരുന്നു തമിഴിൽ സിനിമയ്ക്കായി ഗാനങ്ങൾ ഒരുക്കിയത്.

Content Highlights: I have a basic idea for Ghajini 2 says AR Murugados

To advertise here,contact us