എല്ലാവരും എമ്പുരാനെ എന്ന് വിളിച്ചപ്പോൾ ഞാൻ വിളിച്ചത് തമ്പുരാനേ എന്ന്; പ്രതികരണവുമായി മല്ലിക സുകുമാരൻ

'മോഹൻലാലിന്റേയും ആന്റണിയുടെയും ആത്മാർത്ഥമായ സഹകരണം കൊണ്ടും എന്റെ മോൻ ഒരു നല്ല ജോലി ചെയ്തിട്ടുണ്ട്'

മലയാളികൾ പ്രതീക്ഷയോടെ കാത്തിരുന്ന സിനിമയായിരുന്നു മോഹൻലാൽ പൃഥ്വിരാജ് കൂട്ടുക്കെട്ടിന്റെ എമ്പുരാൻ. സിനിമ തിയേറ്ററുകളിൽ പ്രദർശനം ആരംഭിച്ചിരിക്കുകയാണ്. ആദ്യ ഷോ കഴിയുമ്പോൾ മികച്ച പ്രതികരണങ്ങളാണ് സിനിമ സ്വന്തമാക്കുന്നത്. ആദ്യ ഷോ കണ്ടിറങ്ങിയ മല്ലിക സുകുമാരന്റെ പ്രതികരണമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ആദ്യമാണ് ഒരു സിനിമയുടെ ഫസ്റ്റ് ഷോ കാണുന്നതെന്നും എല്ലാരും എമ്പുരാനെ എന്ന് വിളിക്കുമ്പോൾ താൻ തമ്പുരാനേ എന്നാണ് വിളിച്ചിരുന്നതെന്ന് മല്ലിക പറഞ്ഞു.

'ഒരു സിനിമ ഇറങ്ങി ആദ്യ ദിവസം ആദ്യ ഷോ കാണുന്നത് എന്റെ ജീവിതത്തിൽ ആദ്യമായാണ്. എല്ലാരും എമ്പുരാനെ എന്ന വിളിക്കുമ്പോൾ ഞാൻ തമ്പുരാനേ എന്നാണ് വിളിച്ചത്. വലിയൊരു പടം കണ്ട ഫീൽ തന്നെയാണ്. ഇനി ഈ നാട്ടിലെ പ്രേക്ഷകർ സിനിമയെ സ്വീകരിക്കട്ടെ. പെട്ടന്ന് തന്നെ ഈ സിനിമ കാണണം എന്ന ആഗ്രഹം ഉണ്ടായിരുന്നു. സുകു ഏട്ടന്റെ അനുഗ്രഹം കൊണ്ടും മോഹൻലാലിന്റേയും ആന്റണിയുടെയും ആത്മാർത്ഥമായ സഹകരണം കൊണ്ടും എന്റെ മോൻ ഒരു നല്ല ജോലി ചെയ്തിട്ടുണ്ട് എന്നാണ് എന്റെ വിശ്വാസം. കേരളത്തിലെ പ്രേക്ഷകർ അത് രണ്ട് കയ്യും നീട്ടി സ്വീകരിക്കും,' മല്ലിക സുകുമാരൻ പറഞ്ഞു.

അതേസമയം, സിനിമയുടെ ആദ്യഷോയ്ക്ക് ടിക്കറ്റ് കിട്ടാത്തവര്‍ പറയുന്നത് സിനിമയുടെ സസ്‌പെന്‍സ് നശിപ്പിക്കരുത് എന്ന് മാത്രമാണ്. വരും ദിവസങ്ങളില്‍ സിനിമയ്ക്ക് നിരവധി പേരാണ് ടിക്കറ്റ് എടുത്തിട്ടുള്ളത്. അതുകൊണ്ട് തന്നെ മറ്റുളളവരുടെ ആവേശം തല്ലി കെടുത്തുന്ന രീതിയില്‍ റിവ്യൂ ചെയ്യരുതെന്നും പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നു.

ഫ്രാഞ്ചൈസിയുടെ ആദ്യ ഭാഗമായ ലൂസിഫറിനേക്കാള്‍ ദൈര്‍ഘ്യവുമുണ്ട് എമ്പുരാന്. ലൂസിഫറിന്റെ ദൈര്‍ഘ്യം 2 മണിക്കൂര്‍ 52 മിനിറ്റ് ആയിരുന്നെങ്കില്‍ എമ്പുരാന്റെ ദൈര്‍ഘ്യം 2 മണിക്കൂര്‍ 59 മിനിറ്റ് 59 സെക്കന്റ് ആണ്. വമ്പന്‍ സിനിമാ നിര്‍മ്മാണ വിതരണ കമ്പനിയായ ഹോംബാലേ ഫിലിംസ് ചിത്രത്തിന്റെ കര്‍ണാടക ഡിസ്ട്രിബ്യൂഷന്‍ ഏറ്റെടുത്തിരിക്കുന്നത്. ദില്‍ രാജുവിന്റെ ഉടമസ്ഥതയിലുള്ള ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സ് ചിത്രം ആന്ധ്രാ/തെലുങ്കാന സംസ്ഥാനങ്ങളില്‍ വിതരണം ചെയ്യുമ്പോള്‍, അനില്‍ തടാനി നേതൃത്വം നല്‍കുന്ന എ എ ഫിലിംസ് ആണ് ചിത്രം നോര്‍ത്ത് ഇന്ത്യയില്‍ എത്തിക്കുന്നത്. കേരളത്തില്‍ ആശിര്‍വാദും തമിഴ്‌നാട്ടില്‍ ഗോകുലം മൂവീസുമാണ് വിതരണം നടത്തുന്നത്.

Content Highlights: Mallika Sukumrn about Empuraan movie

To advertise here,contact us