എമ്പുരാന്‍ ഐമാക്‌സിനായി എടുത്ത പടമല്ല, ടീസര്‍ കണ്ട് ഐമാക്‌സ് ഹെഡ് ഇങ്ങോട്ട് വിളിച്ചതാണ്; പൃഥ്വിരാജ്

"ഐമാക്‌സില്‍ എമ്പുരാന്‍ റിലീസ് ചെയ്യാന്‍ ആദ്യം പ്ലാനില്ലായിരുന്നു"

മലയാളത്തിലെ ആദ്യ ഐമാക്‌സ് സിനിമ കൂടിയായാണ് എമ്പുരാന്‍ മാര്‍ച്ച് 27ന് തിയേറ്ററുകളിലെത്തിയത്. ചിത്രം ആദ്യം ഐമാക്‌സിലേക്ക് പ്ലാന്‍ ചെയ്തിരുന്നില്ലെന്നും ടീസര്‍ കണ്ട് ഐമാക്‌സ് പ്രതിനിധികള്‍ ബന്ധപ്പെട്ടതിന് ശേഷമാണ് ഇത്തരമൊരു പ്ലാനിലേക്ക് കടന്നതെന്നും പറയുകയാണ് പൃഥ്വിരാജ്. റിലീസിന് മുന്നോടിയായ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് എമ്പുരാന്റെ ഐമാക്‌സ് റിലീസിനെ കുറിച്ച് പൃഥ്വി സംസാരിച്ചത്.

'ഐമാക്‌സില്‍ എമ്പുരാന്‍ റിലീസ് ചെയ്യാന്‍ ആദ്യം പ്ലാനില്ലായിരുന്നു. സിനിമ ഞാന്‍ ഷൂട്ട് ചെയ്തിട്ടുള്ളത് അനമോര്‍ഫിക് ഫോര്‍മാറ്റിലാണ്. അത് ഐമാക്‌സ് സ്‌ക്രീനിങ്ങിന് ഏറ്റവും ചേരുന്ന ഫോര്‍മാറ്റല്ല. ഐമാക്‌സില്‍ ഇറക്കാന്‍ പ്ലാന്‍ ഉണ്ടായിരുന്നെങ്കില്‍ ഞാന്‍ ഫുള്‍ ഫോര്‍മാറ്റ് ലെന്‍സിലോ അലക്‌സ 65യിലെ ഐമാക്‌സ് ഒപ്റ്റിമൈസ്ഡ് ക്യാപ്ച്ചറിങ് മെക്കാനിസത്തിലോ ഷൂട്ട് ചെയ്യണമമായിരുന്നു. പക്ഷെ ഞാന്‍ അനമോര്‍ഫിക്കിലാണ് ചെയ്തത്. ഇത് ക്ലാസെടുക്കുന്ന പോലെ തോന്നുന്നുണ്ടോ, ഇതേകുറിച്ച് താല്‍പര്യമുള്ളവര്‍ക്ക് ഒരുപക്ഷെ ഇതറിയണമെന്നുണ്ടായിരിക്കാം. അതുകൊണ്ടാണ് പറയുന്നത്.

ടീസര്‍ റിലീസായ ദിവസം ഐമാക്‌സിന്റെ അമേരിക്കയിലുള്ള ഹെഡ് ക്രിസ്റ്റഫര്‍ ടില്‍മാന്‍ എവിടെ നിന്നോ എന്റെ നമ്പര്‍ സംഘടിപ്പിച്ച് വിളിച്ചു. സിനിമയുടെ ഫൂട്ടേജ് കണ്ടെന്നും ഇത് ലോകമെമ്പാടുമുള്ള ഐമാക്‌സ് സ്‌ക്രീനുകളില്‍ പ്രദര്‍ശിപ്പിക്കേണ്ടതുണ്ട് എന്നും ഇങ്ങോട്ട് പറയുകയായിരുന്നു. ക്രിസിന്റെ താല്‍പര്യ പ്രകാരമാണ് ഈ സിനിമ ഐമാക്‌സിലേക്ക് മാസ്റ്റര്‍ ചെയ്തത്. അദ്ദേഹത്തോട് ഏറെ നന്ദിയുണ്ട്.

.@PrithviOfficial on how the door opened for #Empuraan's IMAX release.🫡🔥#PrithvirajSukumaran pic.twitter.com/ybocIdoVe8

ഐമാക്‌സിലേക്ക് മാസ്റ്റര്‍ ചെയ്ത ചില ഫൂട്ടേജുകള്‍ ഞാന്‍ കണ്ടു. അതിന്റെ വിഷ്വല്‍ ക്വാളിറ്റി അതിഗംഭീരമാണ്. അതിമനോഹരമായി അവര്‍ ചെയ്തിട്ടുണ്ട്. എമ്പുരാന്‍ ഐമാക്‌സിന് വേണ്ടി എടുത്ത പടമാണോ എന്ന് ചോദിച്ചാല്‍ അല്ല. പക്ഷെ ക്രിസുമായി ഒരു ബന്ധമൊക്കെ ആയ സ്ഥിതിക്കും, എന്റെ വട്ടിനും അടുത്ത പടം ഐമാക്‌സില്‍ തന്നെ നോക്കിയേക്കാം,' പൃഥ്വിരാജ് പറഞ്ഞു.

അതേസമയം, എമ്പുരാന്‍ ഇന്റര്‍നാഷണല്‍ നിലവാരുമുള്ള മേക്കിങ്ങാണ് എന്നാണ് എമ്പുരാന്റെ ആദ്യ ഷോയ്ക്ക് ശേഷം ഉയരുന്ന പ്രതികരണങ്ങള്‍. മുരളി ഗോപിയുടെ തിരക്കഥയും പൃഥ്വിരാജിന്റെ സംവിധാനവും സുജിത്ത് വാസുദേവിന്റെ ക്യാമറയും അഖിലേഷ് മോഹന്റെ എഡിറ്റിങ്ങുമെല്ലാം വലിയ കയ്യടി നേടുന്നുണ്ട്. ദീപക് ദേവിന്റെ സംഗീതം തിയേറ്ററുകളെ തീപ്പിടിപ്പിച്ചു എന്നാണ് ആരാധകരുടെ അഭിപ്രായം.

മോഹന്‍ലാലിന്റെ സ്റ്റീഫന്‍ നെടുമ്പള്ളിയും അബ്രാം ഖുറേഷിയും സ്‌ക്രീനില്‍ തിളങ്ങിനില്‍ക്കുന്നുവെന്ന് പറയുന്നവരും ഏറെയാണ്. സ്‌ക്രീന്‍ടൈം കുറവാണെങ്കിലും വരുന്ന രംഗങ്ങളെല്ലാം മോഹന്‍ലാല്‍ ആരാധകരെ രോമാഞ്ചിഫിക്കേഷനാണ് എന്നാണ് പലരും കമന്റുകളില്‍ കുറിക്കുന്നത്.

Content Highlights: Prithviraj about Empuraan IMAX screens

To advertise here,contact us