'ആറ് വര്‍ഷത്തിലൊരിക്കല്‍ വരുന്ന ദേശീയ ഉത്സവം, ഇതൊരു തുടക്കമാകട്ടെ';എമ്പുരാൻ കണ്ടിറങ്ങിയ സുരാജ് പറയുന്നു

'പൃഥ്വി ഒരു ഡയറക്ടര്‍ മാത്രമല്ല. ഒരു പ്രത്യേക തരം റോബോട്ട് സെറ്റിങ്‌സാണ്'

മലയാളികൾ പ്രതീക്ഷയോടെ കാത്തിരുന്ന സിനിമയായിരുന്നു മോഹൻലാൽ-പൃഥ്വിരാജ് കൂട്ടുകെട്ടിന്റെ എമ്പുരാൻ. സിനിമ തിയേറ്ററുകളിൽ പ്രദർശനം ആരംഭിച്ചിരിക്കുകയാണ്. ആദ്യ ഷോ കഴിയുമ്പോള്‍ മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്. ചിത്രത്തിന്‍റെ ആദ്യ ഷോ കണ്ടിറങ്ങിയ ചലച്ചിത്ര താരം സുരാജ് വെഞ്ഞാറമൂടിന്‍റെ പ്രതികരണം ആരാധകര്‍ ചിത്രം ഇരുകൈയും നീട്ടി സ്വീകരിച്ചതിന് തെളിവാണ്. എമ്പുരാൻ ദേശീയ ഉത്സവമായി പ്രഖ്യാപിച്ചു കഴിഞ്ഞുവെന്നും ആറ് വര്‍ഷത്തിലൊരിക്കൽ ഉത്സവം വന്നുകൊണ്ടിരിക്കുമെന്നും സുരാജ് പറയുന്നു.

'സിനിമ എല്ലാവരും പോയി കണ്ടോളൂ. ഈ സിനിമ ദേശീയ ഉത്സവമായി പ്രഖ്യാപിച്ചു കഴിഞ്ഞു. ആറ് വര്‍ഷത്തിലൊരിക്കൽ ഈ ഉത്സവം ഇങ്ങനെ വന്നോണ്ട് ഇരിക്കും. സിനിമ വന്‍പൊളിയാണ്. ശരിക്കും ഉത്സവം ആണ്. ഇത്തരത്തില്‍ ഉള്ള വലിയ പാന്‍ ഇന്ത്യന്‍ ബിഗ് ബജറ്റ് ചിത്രങ്ങള്‍ ഇനിയുമുണ്ടാകട്ടെ. അതിന്റെ ഒരു തുടക്കമാകട്ടെ ഈ സിനിമ. പൃഥ്വി ഒരു ഡയറക്ടര്‍ മാത്രമല്ല. ഒരു പ്രത്യേക തരം റോബോട്ട് സെറ്റിങ്‌സാണ്,’ സുരാജ് പറയുന്നു. സി ജി ഐ എന്ന് തോന്നാത്ത മലയാള സിനിമയാണ് എമ്പുരാനെന്നും സുരാജ് കൂട്ടിച്ചേർത്തു.

ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂടും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. സജനചന്ദ്രന്‍ എന്നാണ് കഥാപാത്രത്തിന്റെ പേര്. എമ്പുരാനോടോപ്പം തന്നെ സുരാജിന്റെ മറ്റൊരു ചിത്രവും ഇന്ന് തിയേറ്ററിൽ എത്തിയിട്ടുണ്ട്. വിക്രം നായകനായ വീര ധീര സൂരൻ. മികച്ച അഭിപ്രായമാണ് ഈ ചിത്രവും സ്വന്തമാകുന്നത്.

അതേസമയം, ഫ്രാഞ്ചൈസിയുടെ ആദ്യ ഭാഗമായ ലൂസിഫറിനേക്കാള്‍ ദൈര്‍ഘ്യവുമുണ്ട് എമ്പുരാന്. ലൂസിഫറിന്റെ ദൈര്‍ഘ്യം 2 മണിക്കൂര്‍ 52 മിനിറ്റ് ആയിരുന്നെങ്കില്‍ എമ്പുരാന്റെ ദൈര്‍ഘ്യം 2 മണിക്കൂര്‍ 59 മിനിറ്റ് 59 സെക്കന്റ് ആണ്. വമ്പന്‍ സിനിമാ നിര്‍മ്മാണ വിതരണ കമ്പനിയായ ഹോംബാലേ ഫിലിംസ് ചിത്രത്തിന്റെ കര്‍ണാടക ഡിസ്ട്രിബ്യൂഷന്‍ ഏറ്റെടുത്തിരിക്കുന്നത്. ദില്‍ രാജുവിന്റെ ഉടമസ്ഥതയിലുള്ള ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സ് ചിത്രം ആന്ധ്രാ/തെലുങ്കാന സംസ്ഥാനങ്ങളില്‍ വിതരണം ചെയ്യുമ്പോള്‍, അനില്‍ തടാനി നേതൃത്വം നല്‍കുന്ന എ എ ഫിലിംസ് ആണ് ചിത്രം നോര്‍ത്ത് ഇന്ത്യയില്‍ എത്തിക്കുന്നത്. കേരളത്തില്‍ ആശിര്‍വാദും തമിഴ്‌നാട്ടില്‍ ഗോകുലം മൂവീസുമാണ് വിതരണം നടത്തുന്നത്.‌

Content Highlights:  suraj venjaramoodu about empuraan cinema

To advertise here,contact us