കേരളം എന്നും 'ലാലേട്ടന്റെ കെജിഎഫ്' തന്നെ; അതിവേഗ 50 കോടി ചിത്രമായി എമ്പുരാൻ

വിജയ് ചിത്രം ലിയോയുടെ റെക്കോർഡ് മറികടന്നാണ് മോഹൻലാൽ ചിത്രത്തിന്റെ ഈ നേട്ടം

ഒരു വശത്ത് വിവാദങ്ങൾ കത്തിപ്പടരുമ്പോഴും ബോക്സ് ഓഫീസിൽ റെക്കോർഡുകൾ തിരുത്തികുറിക്കുകയാണ് മോഹൻലാൽ-പൃഥ്വിരാജ് ചിത്രം എമ്പുരാൻ. ഇന്ത്യയിലും വിദേശ രാജ്യങ്ങളിലും ഒരുപോലെ മിന്നും പ്രകടനം കാഴ്ചവെക്കുന്ന സിനിമ ഇപ്പോൾ കേരളാ ബോക്സ് ഓഫീസിൽ ചരിത്രം സൃഷ്ടിച്ചതായുള്ള റിപ്പോർട്ടുകളാണ് വരുന്നത്. കേരളാ ബോക്സ് ഓഫീസിൽ നിന്ന് അതിവേഗത്തിൽ 50 കോടി നേടിയ സിനിമയായി മാറിയിരിക്കുകയാണ് എമ്പുരാൻ.

വെറും അഞ്ച് ദിവസം കൊണ്ടാണ് എമ്പുരാൻ കേരളത്തിൽ നിന്ന് മാത്രം 50 കോടി ഗ്രോസ് നേടിയിരിക്കുന്നത് എന്ന് ട്രാക്കർമാർ റിപ്പോർട്ട് ചെയ്യുന്നു. വിജയ് ചിത്രം ലിയോയുടെ റെക്കോർഡ് മറികടന്നാണ് മോഹൻലാൽ ചിത്രത്തിന്റെ ഈ നേട്ടം. 10 ദിവസം കൊണ്ടായിരുന്നു ലിയോ കേരളാ ബോക്സ് ഓഫീസിൽ നിന്ന് 50 കോടി നേടിയത്.

Fastest 50Cr Kerala Grosser...!!!Industry Hit Loading 👀?@Mohanlal #Mohanlal #Empuraan pic.twitter.com/7QMmU7SPB5

യുകെ ഉൾപ്പെടെയുള്ള വിദേശ മാർക്കറ്റുകളിലും സിനിമയ്ക്ക് വലിയ മുന്നേറ്റമാണ് ഉണ്ടാകുന്നത്. ഷാരൂഖ് ഖാൻ, വിജയ് സിനിമകളുടെ കളക്ഷൻ പോലും മറികടന്നാണ് സിനിമ ജൈത്രയാത്ര തുടരുന്നത്. യുകെ ബോക്സ് ഓഫീസിലെ കളക്ഷൻ നോക്കുമ്പോൾ സിനിമ മൂന്ന് ദിവസം കൊണ്ട് 1.2 മില്യൺ പൗണ്ട് (ഏകദേശം 13.5 കോടി ഇന്ത്യൻ രൂപ) നേടിയെന്നാണ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നത്. ഇന്ത്യൻ സിനിമകളുടെ കളക്ഷൻ നോക്കുമ്പോൾ ഇത് റെക്കോർഡാണ്. വിജയ് ചിത്രം ലിയോ (£1,070,820) ഷാരൂഖ് ഖാൻ ചിത്രം ജവാൻ (£1,005,724) എന്നിവയുടെ കളക്ഷൻ മറികടന്നാണ് എമ്പുരാൻ ഈ റെക്കോർഡ് സ്വന്തമാക്കിയിരിക്കുന്നത്.

നേരത്തെ സിനിമ 48 മണിക്കൂർ പിന്നിടും മുന്നേ ആഗോളതലത്തിൽ 100 കോടി ക്ലബിലുമെത്തിയിരുന്നു. മലയാള സിനിമയിലെ പല റെക്കോർഡുകളും സിനിമ മറികടക്കുന്നതിന്റെ ആവേശത്തിലാണ് ആരാധകർ. അതേസമയം എമ്പുരാൻ സിനിമയ്‌ക്കെതിരെയുള്ള തുടര്‍ച്ചയായ സംഘപരിവാര്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ മോഹൻലാൽ ഖേദം പ്രകടിപ്പിച്ച് പോസ്റ്റ് പങ്കുവെച്ചിരുന്നു.

ഒരു കലാകാരൻ എന്ന നിലയിൽ എൻ്റെ ഒരു സിനിമയും ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തോടോ, ആശയത്തോടോ, മതവിഭാഗത്തോടോ വിദ്വേഷം പുലർത്തുന്നില്ല. അതുകൊണ്ട് എൻ്റെ പ്രിയപ്പെട്ടവർക്ക് ഉണ്ടായ മനോവിഷമത്തിൽ എനിക്കും എമ്പുരാൻ ടീമിനും ആത്മാർത്ഥമായ ഖേദമുണ്ടെന്നാണ് മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചത്. മോഹൻലാൽ പങ്കുവെച്ച പോസ്റ്റ് സംവിധായകൻ പൃഥ്വിരാജും നിർമാതാവ് ആന്റണി പെരുമ്പാവൂരും ഷെയർ ചെയ്യുകയുമുണ്ടായി. എൽ 2 ഇ, എമ്പുരാൻ എന്നീ ഹാഷ്ടാഗുകൾക്ക് ഒപ്പമാണ് പൃഥ്വിരാജ് പോസ്റ്റ് ഷെയർ ചെയ്തത്.

Content Highlights: Empuraan crossed 50 crores from Kerala Box Office

To advertise here,contact us